
Kuwait Expands Sixth Ring Road Connectivity കുവൈത്ത് സിറ്റി: കുവൈത്തിലെ ആറാം റിങ് റോഡിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സബാഹ് അൽ നാസർ പാലം പദ്ധതിയുടെ ഭാഗമായി പുതിയ റോഡുകളും റൗണ്ട്എബൗട്ടുകളും ഗതാഗതത്തിനായി തുറന്നു. റോഡ് ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കാനും ഗതാഗതക്കുരുക്ക് കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ അടുത്ത ഘട്ടമാണിത്. കുവൈത്ത് പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ പദ്ധതിയുടെ അവസാനഘട്ട പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തി.
ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റുമായി ഏകോപിപ്പിച്ചാണ് പുതിയ റോഡുകളും റൗണ്ട്എബൗട്ടുകളും തുറന്നത്. ഒക്ടോബർ 15 പുലർച്ചെ നാലുമണി മുതൽ ഇവ ഗതാഗതത്തിനായി തുറന്നു.
ആറാം റിങ് റോഡിൽനിന്ന് പുതിയ കണക്ഷനുകൾ
ആറാം റിങ് റോഡിന് സമാന്തരമായി മെസീല ഭാഗത്തേക്ക് പോകുന്ന സർവീസ് റോഡാണ് തുറന്ന പുതിയ പാതകളിൽ പ്രധാനപ്പെട്ടത്. ഇതോടൊപ്പം റോഡ് 604ൽനിന്ന് കബ്ദ് ഭാഗത്തേക്ക് സഞ്ചരിച്ച് ആറാം റിങ് റോഡിലൂടെ മെസീലയിൽ എത്തുന്നതിനുള്ള തെക്കുപടിഞ്ഞാറൻ റൗണ്ട്എബൗട്ടും തുറന്നു.
ആറാം റിങ് റോഡിൽനിന്ന് മെസീല ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് റോഡ് 604 വഴി സബാഹ് അൽ നാസർ മേഖലയിലേക്ക് പ്രവേശിക്കാൻ സഹായിക്കുന്ന തെക്കുകിഴക്കൻ റൗണ്ട്എബൗട്ടും പ്രവർത്തനസജ്ജമാക്കി.
പുതിയ പാതകൾ തുറക്കുന്നത് പ്രദേശത്തെ ഗതാഗത ബന്ധം കൂടുതൽ സുഗമമാക്കുമെന്നും യാത്രക്കാർക്ക് വിവിധ ഭാഗങ്ങളിലേക്ക് എത്താനുള്ള സൗകര്യം മെച്ചപ്പെടുത്തുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു.
ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ലക്ഷ്യം
സബാഹ് അൽ നാസർ പാലം പദ്ധതിയുടെ ഘട്ടംഘട്ടമായുള്ള നിർവഹണത്തിന്റെ ഭാഗമായാണ് പുതിയ റോഡുകൾ തുറക്കുന്നത്. പ്രധാന അടിസ്ഥാനസൗകര്യ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനും റോഡ് ശൃംഖലയുടെ ശേഷിയും കാര്യക്ഷമതയും മെച്ചപ്പെടുത്താനും പൊതുമരാമത്ത് മന്ത്രാലയം ശ്രമിക്കുന്നതായി മന്ത്രി വ്യക്തമാക്കി.
പദ്ധതിയുടെ പ്രവൃത്തികൾ പൂർത്തിയാകുന്നതുവരെ മന്ത്രാലയത്തിന്റെ സംഘങ്ങൾ സ്ഥലത്തെത്തി പരിശോധന തുടരും. റോഡുകൾ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുന്നതിന് മുമ്പ് സാങ്കേതിക മാനദണ്ഡങ്ങളും സുരക്ഷാ വ്യവസ്ഥകളും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് പരിശോധനകൾ.
ഗതാഗതം സുഗമവും സുരക്ഷിതവുമാക്കുന്നതിനായി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ബന്ധപ്പെട്ട വകുപ്പുകളും തമ്മിലുള്ള ഏകോപനം തുടരേണ്ടതിന്റെ പ്രാധാന്യവും മന്ത്രി ചൂണ്ടിക്കാട്ടി.
വാഹനയാത്രക്കാർക്ക് നിർദേശം
പുതിയ റോഡുകളും റൗണ്ട്എബൗട്ടുകളും ഉപയോഗിക്കുന്ന വാഹനയാത്രക്കാർ ഗതാഗത സൂചനകളും അധികൃതരുടെ നിർദേശങ്ങളും കൃത്യമായി പാലിക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു. പദ്ധതിയുടെ പരിസരത്ത് താൽക്കാലിക വഴിതിരിച്ചുവിടലുകളോ റോഡ് അടച്ചിടലുകളോ ഉണ്ടാകുന്നുണ്ടോയെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിന്റെ അറിയിപ്പുകൾ വഴി പരിശോധിക്കണമെന്നും നിർദേശിച്ചു.
ആറാം റിങ് റോഡിലെയും സമീപ റോഡുകളിലെയും ഗതാഗതം മെച്ചപ്പെടുത്തുന്നതിനും പ്രദേശവാസികളുടെ യാത്ര കൂടുതൽ സുഗമമാക്കുന്നതിനും സബാഹ് അൽ നാസർ പാലം പദ്ധതി സഹായകമാകുമെന്നാണ് പ്രതീക്ഷ.