
Vehicles Must Be Parked Only in Designated Parking Areas കുവൈത്ത് സിറ്റി: റോഡരികിൽ പാർക്കിങ് മാർക്കിങ്ങുകൾ ഇല്ലെന്ന കാരണത്താൽ അവിടെ വാഹനം പാർക്ക് ചെയ്യാൻ അനുമതിയുണ്ടെന്ന് കരുതരുതെന്ന് കുവൈത്ത് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി. അനുവദിച്ചിട്ടുള്ള പാർക്കിങ് സ്ഥലങ്ങളിൽ മാത്രമേ വാഹനങ്ങൾ നിർത്താവൂ. നിയമം ലംഘിക്കുന്ന വാഹനങ്ങൾ ടോ ചെയ്യുകയോ ചക്രങ്ങളിൽ വീൽ ക്ലാമ്പ് സ്ഥാപിച്ച് നീക്കം തടയുകയോ ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.
ട്രാഫിക് അവബോധ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അബ്ദുല്ല ബൂഹസ്സാനാണ് നിയമലംഘനങ്ങൾക്കെതിരെ പരിശോധന ശക്തമാക്കുന്നതായി അറിയിച്ചത്. നിരോധിത സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്നതും നടപ്പാതകളിൽ വാഹനങ്ങൾ കയറ്റുന്നതും ഗതാഗത തടസ്സങ്ങൾക്കും അപകടങ്ങൾക്കും കാരണമാകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നടപ്പാതകളിൽ വാഹനം പാർക്ക് ചെയ്താൽ നടപടിയെടുക്കും
നടപ്പാതകൾ കാൽനടയാത്രക്കാർക്കുള്ളതാണ്. അവിടെ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ ഓടിക്കുകയോ ചെയ്യുന്നത് കാൽനടയാത്രക്കാരുടെ സുരക്ഷയെ ബാധിക്കും. ഇത്തരം പ്രവൃത്തികൾ റോഡിലെ ഗതാഗതം തടസ്സപ്പെടുത്തുകയും അപകടസാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
റോഡ് അറ്റകുറ്റപ്പണികൾ, ജങ്ഷനുകളിൽ നിയമവിരുദ്ധമായി വാഹനങ്ങളെ മറികടക്കൽ തുടങ്ങിയവയും ഗതാഗതക്കുരുക്ക് വർധിപ്പിക്കുന്ന ഘടകങ്ങളാണെന്ന് ബൂഹസ്സാൻ വ്യക്തമാക്കി.
സേഹൽ ആപ്പിലൂടെ വാഹനം ഓടിക്കാൻ അനുമതി നൽകാം
വാഹന ഉടമകൾക്ക് മറ്റൊരാൾക്ക് സ്വന്തം വാഹനം ഓടിക്കാൻ അനുമതി നൽകുന്നതിനുള്ള സൗകര്യം കുവൈത്തിന്റെ സേഹൽ (Sahel) ആപ്പിലുണ്ട്. അനുമതിയുടെ കാലാവധി നിശ്ചയിച്ചുകൊണ്ട് ഈ നടപടി പൂർത്തിയാക്കാം.
എന്നാൽ, അനുമതി ലഭിച്ച വ്യക്തി വാഹനം ഓടിക്കുന്ന കാലയളവിൽ നടത്തുന്ന ട്രാഫിക് നിയമലംഘനങ്ങളുടെ ഉത്തരവാദിത്വം വാഹന ഉടമയ്ക്കായിരിക്കുമെന്ന് അധികൃതർ ഓർമിപ്പിച്ചു. അതിനാൽ മറ്റൊരാൾക്ക് വാഹനം കൈമാറുമ്പോൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.
കുട്ടികൾക്കും ഡ്രൈവർമാർക്കും നിയമങ്ങളെക്കുറിച്ച് ബോധവത്കരണം നൽകണം
കുട്ടികൾക്കും വീട്ടുജോലിക്കാർക്കും ഡ്രൈവർമാർക്കും ട്രാഫിക് നിയമങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ നൽകണമെന്ന് അധികൃതർ വാഹന ഉടമകളോടും രക്ഷിതാക്കളോടും ആവശ്യപ്പെട്ടു. റോഡ് ഉപയോഗിക്കുന്ന മറ്റ് ആളുകളുടെ അവകാശങ്ങൾ മാനിക്കുകയും നിയമങ്ങൾ പാലിക്കുകയും ചെയ്യേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും ട്രാഫിക് വിഭാഗം വ്യക്തമാക്കി.
പാർക്കിങ് നിയമങ്ങൾ കൃത്യമായി പാലിക്കുന്നതും നടപ്പാതകൾ തടസ്സപ്പെടുത്താതിരിക്കുന്നതും ഗതാഗതക്കുരുക്ക് കുറയ്ക്കാനും റോഡ് സുരക്ഷ മെച്ചപ്പെടുത്താനും സഹായിക്കും.