
Mule Account Fraud മ്യൂൾ അക്കൗണ്ട് തട്ടിപ്പ്; ബന്ധുവിന്റെ ചതിയിൽ കുടുങ്ങി ഓൺലൈൻ തട്ടിപ്പ് കേസിൽ പ്രതിയായി 21കാരി, അക്കൗണ്ടിലൂടെ നടന്നത് ലക്ഷങ്ങളുടെ ഇടപാടുകൾ
Mule Account Fraud മ്യൂൾ അക്കൗണ്ട് തട്ടിപ്പിലൂടെ ബന്ധുവിന്റെ ചതിയിൽ കുടുങ്ങി ഓൺലൈൻ തട്ടിപ്പു കേസിൽ പ്രതിയായി 21 കാരി. കാസർകോട് സ്വദേശിനിയായ ഇരുപത്തിയൊന്നുകാരിയ്ക്കാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. മാസങ്ങൾക്കു മുൻപ് ബെംഗളൂരു സൈബർ പൊലീസിൽ നിന്ന് 21 കാരിയായ യുവതിയ്ക്ക് ഒരു നോട്ടീസ് ലഭിച്ചു. ഈ നോട്ടീസ് വായിച്ചപ്പോഴാണ് താൻ ഓൺലൈൻ തട്ടിപ്പ് കേസിൽ പ്രതിയായെന്ന ഞെട്ടിക്കുന്ന വിവരം ഇവർ മനസിലാക്കിയത്. തുടർന്ന് ഇവർ പരാതിയുമായി പൊലീസിനെ സമീപിച്ചു. തന്റെ ബന്ധുവായ സാജിത എന്ന സ്ത്രീ അക്കൗണ്ടിലേക്കു പണം അയയ്ക്കാൻ കഴിയാത്തതിനാൽ ഒരു ബാങ്ക് അക്കൗണ്ട് ആരംഭിച്ചു തരാൻ കഴിയുമോയെന്ന് തന്നോട് ചോദിച്ചിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിൽ താൻ ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങി അതിന്റെ വിവരങ്ങൾ എല്ലാം കൈമാറിയെന്നും ഇവർ പോലീസിനോട് പറഞ്ഞു. എടിഎം കാർഡും ഇന്റർനെറ്റ് ബാങ്ക് വിവരങ്ങളും അക്കൗണ്ടുമായി ബന്ധപ്പെടുത്തിയ സിമ്മും ഇവർ സാജിതയ്ക്ക് കൈമാറിയിരുന്നു. എടിഎം കാർഡിന് ഇന്റർനാഷനൽ അക്സസ് വേണമെന്ന് സാജിത പറഞ്ഞിരുന്നു. ബെംഗളൂരു സൈബർ പൊലീസ് നോട്ടിസ് വരുമ്പോഴാണ് ഈ അക്കൗണ്ടു വഴി ലക്ഷക്കണക്കിനു രൂപയുടെ ഇടപാടുകൾ നടന്നുവെന്ന വിവരം 21 കാരി അറിഞ്ഞത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിയ പൊലീസ് ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. പിന്നീട് പൊലീസ് സാജിതയെ അറസ്റ്റ് ചെയ്തു. ദുബായില്‍ നിന്നു മടങ്ങിയെത്തിയ സാജിതയെ മുംബൈയില്‍ വച്ചാണ് കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തത്. മ്യൂൾ അക്കൗണ്ട് തട്ടിപ്പിനായി സാജിത വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേരെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കുടുംബത്തിൽ തന്നെയുളള നാലു ബന്ധുക്കളെ കൊണ്ട് സാജിത ഇത്തരത്തിൽ അക്കൗണ്ടുകൾ തുറന്നിരുന്നു. 21കാരിയുടെ അക്കൗണ്ടിലൂടെ മാത്രം 2024 മാർച്ച് മുതൽ ലക്ഷക്കണക്കിനു രൂപയുടെ ഇടപാടുകൾ നടത്തിയതായി ബാങ്ക് പരിശോധനയിൽ നിന്നു വ്യക്തമായി. അന്വേഷണത്തിന്റെ ഭാഗമായി സാജിതയെ പൊലീസ് അറസ്റ്റ് ചെയ്തു. ദുബായിലുള്ള ചൈനീസ് ഓപ്പറേറ്റർമാർക്കാണ് ഈ അക്കൗണ്ടുകൾ വിൽക്കുന്നതെന്ന് സാജിത കുറ്റസമ്മതം നടത്തി. ഇത്തരം അക്കൗണ്ടുകളിലേക്ക് എത്തുന്ന പണം വിദേശത്ത് എടിഎം കാർഡുകൾ ഉപയോഗിച്ച് പിൻവലിക്കുകയാണ് ചെയ്യുന്നതെന്നും സാജിത പറഞ്ഞു. മ്യൂൾ അക്കൗണ്ടുകൾ വഴിയുള്ള തട്ടിപ്പുകൾ വർദ്ധിച്ചുവരികയാണെന്നും ഇതിനെതിരെ എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണെന്നും അധികൃതർ നിർദ്ദേശിച്ചു. അതേസമയം, സാജിതയുടെ കൂട്ടുപ്രതിയായ സാബിറിനെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. മ്യൂൾ അക്കൗണ്ടുകൾ ആരംഭിച്ച് അത് വിദേശത്തുള്ള സൈബർ ക്രിമിനൽ ശൃംഖലകൾക്കു വിൽക്കുകയാണ് ഈ തട്ടിപ്പ് സംഘങ്ങളുടെ രീതി.
Comments (0)