
Qatar labour dispute rules : ദോഹ: ഖത്തറിൽ തൊഴിൽ തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള സമിതികളുടെ രൂപീകരണം, നടപടിക്രമങ്ങൾ, തീരുമാനങ്ങൾ എന്നിവ സംബന്ധിച്ച ചട്ടങ്ങളിൽ ഭേദഗതി വരുത്തി മന്ത്രിസഭ. ഇതുമായി ബന്ധപ്പെട്ട 2026ലെ മന്ത്രിസഭാ തീരുമാനം നമ്പർ 35 ഒക്ടോബർ 19ന് പ്രസിദ്ധീകരിച്ച ഔദ്യോഗിക ഗസറ്റിന്റെ 19-ാം ലക്കത്തിൽ ഉൾപ്പെടുത്തി.
തൊഴിൽ തർക്ക പരിഹാര സമിതികളുടെ രൂപീകരണവും അവയുടെ പ്രവർത്തനരീതിയും തീരുമാനങ്ങൾ നടപ്പാക്കുന്നതിനുള്ള സംവിധാനവും പ്രതിഫലം നിർണയിക്കുന്നതും സംബന്ധിച്ച 2018ലെ മന്ത്രിസഭാ തീരുമാനം നമ്പർ 6-ലെ ചില വ്യവസ്ഥകളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. 2022ലെ മന്ത്രിസഭാ തീരുമാനം നമ്പർ 17 പ്രകാരം നേരത്തെയും ഈ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിരുന്നു.
തൊഴിൽ തർക്ക പരിഹാര സമിതിയുടെ ഘടന
പുതിയ ഭേദഗതി പ്രകാരം, തൊഴിൽ തർക്കങ്ങൾ പരിഹരിക്കുന്നതിനായി തൊഴിൽ മന്ത്രാലയത്തിന് ഒന്നോ അതിലധികമോ സമിതികൾ രൂപീകരിക്കാം. സുപ്രീം ജുഡീഷ്യൽ കൗൺസിൽ തിരഞ്ഞെടുക്കുന്ന ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ജഡ്ജിയായിരിക്കും ഓരോ സമിതിയുടെയും അധ്യക്ഷൻ. തൊഴിൽ മന്ത്രാലയത്തിന്റെ ഒരു പ്രതിനിധിയും തൊഴിൽ മന്ത്രി തിരഞ്ഞെടുക്കുന്ന അക്കൗണ്ടിങ് മേഖലയിലെ ഒരു വിദഗ്ധനും സമിതിയിൽ അംഗങ്ങളായിരിക്കും.
കക്ഷികൾക്ക് പ്രതിനിധിയെ നിയോഗിക്കാം
തൊഴിൽ തർക്കത്തിൽ ഉൾപ്പെട്ട ഓരോ കക്ഷിക്കും സമിതിക്ക് മുമ്പാകെ നേരിട്ട് ഹാജരാകാം. അല്ലെങ്കിൽ തങ്ങൾക്ക് വേണ്ടി ഹാജരാകാൻ മറ്റൊരാളെ പ്രതിനിധിയായി നിയോഗിക്കാം. പ്രതിനിധി നിർബന്ധമായും പങ്കാളിയോ ബന്ധുവോ വിവാഹബന്ധത്തിലൂടെയുള്ള ബന്ധുവോ ആയിരിക്കണമെന്നില്ല. ഹാജരാകുന്നവരുടെ യോഗ്യത പരിശോധിക്കാനുള്ള ചുമതല സമിതി അധ്യക്ഷനാണ്.
തീരുമാനത്തിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങൾ
തൊഴിൽ തർക്കം അവസാനിപ്പിച്ചുകൊണ്ടുള്ള സമിതിയുടെ തീരുമാനത്തിൽ അധ്യക്ഷനും സെക്രട്ടറിയും ഒപ്പിടണം. തീരുമാനത്തിൽ താഴെപ്പറയുന്ന വിവരങ്ങൾ ഉൾപ്പെടുത്തണം:
- തീരുമാനം പുറപ്പെടുവിച്ച സമിതിയുടെ അധ്യക്ഷന്റെയും അംഗങ്ങളുടെയും പേരുകൾ.
- തീരുമാനം പുറപ്പെടുവിച്ച തീയതിയും സ്ഥലവും.
- തർക്കത്തിൽ ഉൾപ്പെട്ട കക്ഷികളുടെ പേരുകളും വിവരങ്ങളും അവർ ഹാജരായിരുന്നോ ഇല്ലയോ എന്ന വിവരവും.
- എതിർകക്ഷിക്കെതിരായ ആവശ്യങ്ങൾ.
- തർക്കത്തിന്റെ അടിസ്ഥാനവും ബന്ധപ്പെട്ട തൊഴിൽ നിയമത്തിലെ വ്യവസ്ഥകളും.
സമിതിയുടെ നടപടിക്രമങ്ങളിലും തീരുമാനങ്ങളിലും പ്രത്യേക വ്യവസ്ഥകൾ ഇല്ലാത്ത സാഹചര്യങ്ങളിൽ സിവിൽ, വാണിജ്യ നടപടിക്രമ നിയമത്തിലെ വ്യവസ്ഥകൾ ബാധകമാകും.
എപ്പോൾ മുതൽ പ്രാബല്യത്തിൽ?
പുതിയ തീരുമാനം നടപ്പാക്കാൻ ബന്ധപ്പെട്ട എല്ലാ അധികാരികൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതിന്റെ അടുത്ത ദിവസം മുതൽ തീരുമാനം പ്രാബല്യത്തിൽ വരും.