Qatar Global Energy Order ഖത്തറിന്റെ ശക്തമായ ആഹ്വാനം: ആഗോള ഊർജ്ജ മേഖലയെ രാഷ്ട്രീയത്തിൽ നിന്നും യുദ്ധങ്ങളിൽ നിന്നും മാറ്റിനിർത്തണം!

ദോഹ: ഊർജ്ജ മേഖലയെ രാഷ്ട്രീയ താൽപര്യങ്ങളിൽ നിന്നും പ്രാദേശിക സംഘർഷങ്ങളിൽ നിന്നും മുക്തമായി നിലനിർത്തുന്ന പുതിയൊരു ആഗോള ഊർജ്ജ ക്രമം രൂപീകരിക്കണമെന്ന് ഖത്തർ ആഹ്വാനം ചെയ്തു. റിയാദിൽ നടന്ന 17-ാമത് ഇന്റർനാഷണൽ എനർജി ഫോറത്തിന്റെ മന്ത്രിതല യോഗത്തിലാണ് ഖത്തർ ഊർജകാര്യ സഹമന്ത്രിയും ഖത്തർ എനർജി പ്രസിഡന്റും സി.ഇ.ഒ.യുമായ സഅദ് ബിൻ ഷെരീദ അൽ കഅബി ഖത്തറിന്റെ നിലപാട് വ്യക്തമാക്കിയത്.

ആഗോള സമ്പദ്‌വ്യവസ്ഥയുടെ നിലനിൽപ്പിന് ഊർജ്ജ സുരക്ഷ എത്രത്തോളം നിർണായകമാണോ, അത്രത്തോളം തന്നെ അത് ഭൗമരാഷ്ട്രീയ സുരക്ഷയുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നതായി അദ്ദേഹം പറഞ്ഞു.

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലോകം നേരിട്ട ഗുരുതരമായ ഊർജ്ജ പ്രതിസന്ധിക്ക് വഴിയൊരുക്കിയെന്നും ഇത് ആഗോള ഹൈഡ്രോകാർബൺ വിതരണത്തിന്റെ 20 ശതമാനത്തെയും ബാധിച്ചുവെന്നും അൽ കഅബി ചൂണ്ടിക്കാട്ടി.

മേഖലയിലെ നിരവധി ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടതിലൂടെ കോടിക്കണക്കിന് ഡോളറിന്റെ നാശനഷ്ടങ്ങളുണ്ടായി. ഇതിന്റെ പ്രത്യാഘാതമായി ആഗോള വിപണിയിൽ വിലക്കയറ്റവും അസ്ഥിരതയും രൂക്ഷമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്ത് ഇപ്പോഴും കോടിക്കണക്കിന് ആളുകൾക്ക് വൈദ്യുതി ലഭ്യമല്ലെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, കൃത്രിമ വളങ്ങൾ ഉപയോഗിച്ച് ഉൽപ്പാദിപ്പിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചാണ് ലോകത്തെ ഏകദേശം 400 കോടി ആളുകൾ കഴിയുന്നത്. അതിനാൽ ഊർജ്ജ വിതരണത്തിലെ തടസ്സങ്ങൾ വൈദ്യുതി ലഭ്യതയെയും ഭക്ഷ്യസുരക്ഷയെയും ആഗോള സമ്പദ്‌വ്യവസ്ഥയെയും ഒരുപോലെ ബാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഊർജ്ജ വിതരണത്തിന്റെ സ്ഥിരത ഉറപ്പാക്കുന്നതിനും വിപണിയിലെ അനിശ്ചിതത്വം കുറയ്ക്കുന്നതിനും രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഖത്തർ ഉയർത്തിക്കാട്ടി.

ഖത്തറിലെ കൂടുതൽ തൊഴിൽ ഒഴിവുകൾ അറിയാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

Related Posts

Leave a Reply

Your email address will not be published. Required fields are marked *

ADVERTISEMENT