
Qatar Airways Saudi Arabia Flight Suspension ദോഹ: സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളുമായി ബന്ധപ്പെട്ട പുതിയ യാത്രാ മുന്നറിയിപ്പ് പുറത്തിറക്കി ഖത്തർ എയർവേയ്സ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായി എയർലൈൻ അറിയിച്ചു.
സൗദി അറേബ്യയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഖത്തർ എയർവേയ്സ് വെബ്സൈറ്റിലെ യാത്രാ മുന്നറിയിപ്പിൽ വ്യക്തമാക്കി.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്ന് എയർലൈൻ അറിയിച്ചു. വിമാന സർവീസുകളെ ബാധിക്കുന്ന മാറ്റങ്ങൾ ഉണ്ടാകുന്നതിനാൽ യാത്ര പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിന്റെ നിലവിലെ സ്ഥിതി പരിശോധിക്കണമെന്നും യാത്രക്കാരോട് നിർദേശിച്ചിട്ടുണ്ട്.
വിമാനത്തിന്റെ പുതിയ വിവരങ്ങൾ അറിയാൻ ഖത്തർ എയർവേയ്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ qatarairways.com അല്ലെങ്കിൽ മൊബൈൽ ആപ്പ് ഉപയോഗിക്കാം. സർവീസ് തടസ്സപ്പെട്ട യാത്രക്കാരെ എയർലൈൻ നേരിട്ട് ബന്ധപ്പെടുമെന്നും അറിയിച്ചു.
വിമാന സർവീസുകളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങളും അപ്ഡേറ്റുകളും ഔദ്യോഗിക വെബ്സൈറ്റ് വഴി ലഭ്യമാക്കുമെന്നും ഖത്തർ എയർവേയ്സ് വ്യക്തമാക്കി.