
Rupee Value യുഎഇയിൽ നിന്നും നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത
Rupee Value ദുബായ്: പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാനുള്ള മികച്ച സമയം. യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 24 എന്ന റെക്കോർഡ് നിലയിലേക്ക് ഇടിഞ്ഞു. യുഎസ് ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് 50% തീരുവ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് രൂപയുടെ മൂല്യത്തിൽ തകർച്ച രേഖപ്പെടുത്തിയത്. ഇതാദ്യമായാണ് 24 എന്ന നിലയിലേക്ക് രൂപയുടെ മൂല്യം എത്തുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ ദിർഹത്തിനെതിരെ 23.94 എന്ന നിലയിൽ രൂപയുടെ മൂല്യം എത്തിയിരുന്നു. ഒരു ദിർഹത്തിന് 23.95 മുതൽ 24 രൂപ വരെയാണ് നിലവിൽ പ്രമുഖ പണമിടപാട് സ്ഥാപനങ്ങൾ നൽകുന്നത്. അതേസമയം, ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നത് 23.81 രൂപ എന്ന നിരക്കാണ്. സൗദിയിൽ റിയാലിന് 23.51 രൂപയും ഖത്തറിൽ 24.21 രൂപയും ലഭിക്കുന്നുണ്ട്. രൂപയുടെ മൂല്യമിടിഞ്ഞതിനുള്ള പ്രധാന കാരണം യുഎസ് ഏർപ്പെടുത്തിയ പുതിയ തീരുവയാണ്. ഇതിനുപുറമെ, ചൈനീസ് കറൻസി യുവാനെതിരെയും രൂപയുടെ മൂല്യം ദുർബലമായിട്ടുണ്ട്. ഇന്ത്യയിലെ കോർപ്പറേറ്റ് വരുമാനത്തിലെ കുറവും യുഎസ് ട്രഷറി വരുമാനം ഉയർന്നതും ഇന്ത്യൻ ഓഹരികളോടുള്ള വിദേശ നിക്ഷേപകരുടെ താൽപര്യം കുറച്ചിരുന്നു. രൂപയുടെ മൂല്യമിടിയാനുള്ള മറ്റൊരു കാരണം ഇതാണ്. ഡോളറിനെതിരെ 88 എന്ന നിരക്ക് കടന്ന രൂപ, ഒരു ഡോളറിന് 88.31 എന്ന നിലയിലേക്കെത്തിയ ശേഷമാണ് 88.2 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചത്. ഇപ്പോൾ നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് മികച്ച നേട്ടം ഉണ്ടാക്കാൻ കഴിയും.
Comments (0)