
യുഎഇ – ഇന്ത്യ യാത്ര: ക്ഷമയുടെ നെല്ലിപ്പലക കണ്ട് പ്രവാസികള്‍
UAE India Flight Delay അബുദാബി/ദുബായ്: എയർഇന്ത്യ എക്സ്പ്രസിന്റെ വിമാനം റദ്ദാക്കലും വൈകലും തുടര്‍ക്കഥയാകുന്നു. അബുദാബിയിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട വിമാനം വെള്ളിയാഴ്ച വൈകിയിരുന്നു. പിന്നാലെ ശനിയാഴ്ച രാവിലെ ഒന്‍പത് മണിയ്ക്ക് ദുബായിൽ നിന്ന് കോഴിക്കോട്ടേക്ക് പോകേണ്ട ഐ.എക്സ് 346 വിമാനം റദ്ദാക്കുകയും ചെയ്തു. കൗണ്ടറില്‍ വെച്ചാണ് വെള്ളിയാഴ്ച രാത്രി ബുക്കിങ് കൺഫർമേഷൻ ലഭിച്ചതിനെ തുടർന്ന് രാവിലെ വിമാനത്താവളത്തിലെത്തിയ യാത്രക്കാരിൽ പലരും റദ്ദാക്കിയ വിവരം അറിഞ്ഞത്. എയർഇന്ത്യ എക്സ്പ്രസ് അധികൃതരോട് വിവരം അന്വേഷിച്ചപ്പോൾ മെസേജ് അയച്ചിരുന്നെന്ന മറുപടിയാണ് ലഭിച്ചതെന്ന് വിമാനത്താവളത്തിൽ എത്തിയശേഷം മടങ്ങേണ്ടിവന്ന തിരൂർ സ്വദേശിയായ യാത്രക്കാരൻ പറഞ്ഞു. മാതാവിന്റെ മരണത്തെ തുടർന്ന് നാട്ടിലേക്ക് പോകാനെത്തിയ യാത്രക്കാരനും പിതാവിന്റെ അസുഖത്തെ തുടർന്ന് പോകാൻ ടിക്കറ്റെടുത്തയാളും ഈ വിമാനം റദ്ദാക്കിയതോടെ ദുരിതത്തിലായി. ഇവർ പിന്നീട് മറ്റു വിമാനങ്ങളിൽ വൈകി യാത്ര ചെയ്യേണ്ടിവന്നെന്നും സഹയാത്രക്കാർ പറഞ്ഞു. ബുക്കിങ് കൺഫർമേഷൻ മെയിൽ വഴി അറിയിച്ച അധികൃതർ റദ്ദാക്കിയ വിവരം മെയിലിൽ അറിയിച്ചില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek അതിനിടെ വെള്ളിയാഴ്ച വൈകുന്നേരം അബുദാബിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയർഇന്ത്യ എക്സ്പ്രസിൻറെ ഐ.എക്സ് 524 നമ്പർ വിമാനം പറന്നത് എട്ട് മണിക്കൂറിന് ശേഷം പുലർച്ചെ 1.10നാണ്. ഈ വിമാനത്തിൽ വൈകുന്നേരം 6.45ഓടെ യാത്രക്കാരെ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, ടേക്ക് ഓഫിന് തയാറെടുക്കുമ്പോൾ വിമാനത്തിന് സാങ്കേതിക തകരാറുണ്ടെന്ന് കാപ്റ്റൻ അറിയിക്കുകയായിരുന്നു. റൺവേക്ക് അടുത്ത് നിർത്തിയിട്ട വിമാനത്തിൽ കടുത്തചൂടിൽ എ.സിയില്ലാതെ മണിക്കൂറുകൾ ഇരിക്കേണ്ടി വന്നതോടെ യാത്രക്കാർ പ്രയാസത്തിലായി. ഇവരെ മൂന്നര മണിക്കൂറിന് ശേഷം രാത്രി 10.15ഓടെയാണ് വിമാനത്തിൽ നിന്ന് ഇറക്കി ഭക്ഷണമടക്കം നൽകിയത്. എ.സിയില്ലാത്തതിനാൽ വിമാനത്തിൽ കുടുങ്ങിയ സ്ത്രീകളും കുട്ടികളും ഏറെ പ്രയാസത്തിലായെന്ന് യാത്രക്കാർ പരാതിപ്പെട്ടിരുന്നു. പിന്നീട് 1.10നാണ് മറ്റൊരു വിമാനത്തിൽ യാത്രക്കാരെ അബൂദബിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിച്ചത്. രാവിലെ ഏഴു മണിയോടെ വിമാനം തിരുവനന്തപുരത്ത് എത്തിയെന്ന് യാത്രക്കാർ അറിയിച്ചു.
Comments (0)