
Qatar Wasmi Season 2026 ദോഹ: ഖത്തറിൽ വാസ്മി സീസൺ ഒക്ടോബർ 16 വെള്ളിയാഴ്ച ആരംഭിക്കും. 52 ദിവസം നീണ്ടുനിൽക്കുന്ന ഈ കാലയളവ് അറേബ്യൻ ഉപദ്വീപിലെ ഏറ്റവും മനോഹരമായ കാലാവസ്ഥാ ഘട്ടങ്ങളിലൊന്നായാണ് കണക്കാക്കുന്നത്. ഖത്തർ കലണ്ടർ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.
പകൽ സമയത്ത് മിതമായ കാലാവസ്ഥയും രാത്രിയിൽ തണുപ്പും അനുഭവപ്പെടുന്നതാണ് വാസ്മി സീസണിന്റെ പ്രത്യേകത. ഈ കാലയളവിൽ ദേശാടന പക്ഷികളുടെ സാന്നിധ്യം വർധിക്കുമെന്നും മഴ ലഭിക്കാനുള്ള സാധ്യത കൂടുമെന്നും വകുപ്പ് വ്യക്തമാക്കി.
മഴ ലഭിക്കുന്നതോടെ മരുഭൂമിയിലും തുറസ്സായ പ്രദേശങ്ങളിലും സസ്യങ്ങൾ വളരുകയും ഭൂമി പച്ചപ്പണിയുകയും ചെയ്യും. മഴയ്ക്ക് പിന്നാലെ ട്രഫിൾസ് എന്നറിയപ്പെടുന്ന ഒരിനം കൂണുകൾ മുളച്ചുപൊങ്ങാനും സാധ്യതയുണ്ട്.
പ്രകൃതിയിൽ പച്ചപ്പ് വർധിക്കുകയും കാലാവസ്ഥ കൂടുതൽ സുഖകരമാവുകയും ചെയ്യുന്നതിനാലാണ് വാസ്മി സീസണിന് അറേബ്യൻ ഉപദ്വീപിൽ പ്രത്യേക പ്രാധാന്യമുള്ളത്. ഖത്തറിലെ ശൈത്യകാലത്തേക്കുള്ള കാലാവസ്ഥാ മാറ്റത്തിന്റെ തുടക്കമായും ഈ കാലയളവിനെ കാണുന്നു.