
Qatar Launches National Flu Vaccination Campaign ദോഹ: ശീതകാലത്ത് ഇൻഫ്ലുവൻസ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഖത്തറിൽ ദേശീയ സീസണൽ ഇൻഫ്ലുവൻസ വാക്സിനേഷൻ-ബോധവൽക്കരണ ക്യാമ്പയിന് തുടക്കമായി. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ (MoPH) നേതൃത്വത്തിൽ ആരംഭിച്ച ക്യാമ്പയിൻ 2027 മാർച്ച് വരെ തുടരും.
ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC), പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC), സർക്കാർ, അർധസർക്കാർ, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
ശീതകാലത്തിന് മുന്നോടിയായി ഇൻഫ്ലുവൻസ മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുകയും പൊതുജനാരോഗ്യം സംരക്ഷിക്കുകയുമാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം. ശീതകാലത്ത് ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണം സാധാരണയായി ഗണ്യമായി ഉയരുന്നതിനാൽ നേരത്തെയുള്ള വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുകയാണ് അധികൃതർ.
ആർക്കെല്ലാം മുൻഗണന?
ഇൻഫ്ലുവൻസ ബാധിച്ച് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലുള്ള വിഭാഗങ്ങൾക്കാണ് ഇത്തവണ പ്രത്യേക പ്രാധാന്യം നൽകുന്നത്.
- 50 വയസും അതിന് മുകളിലും പ്രായമുള്ളവർ
- 6 മാസം മുതൽ 5 വയസ് വരെ പ്രായമുള്ള കുട്ടികൾ
- ഗർഭിണികൾ
- ആരോഗ്യപ്രവർത്തകർ
- പ്രമേഹം, ആസ്ത്മ തുടങ്ങിയ ദീർഘകാല രോഗങ്ങളുള്ളവർ
വാക്സിൻ സൗജന്യം
ഖത്തറിലുടനീളം ഫ്ലൂ വാക്സിൻ സൗജന്യമായി ലഭിക്കും. PHCC കേന്ദ്രങ്ങൾ, HMC ആരോഗ്യ സ്ഥാപനങ്ങൾ എന്നിവയ്ക്കു പുറമെ 50-ലധികം സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലും വാക്സിനേഷൻ സൗകര്യമുണ്ട്.
യോഗ്യരായവർക്ക് മുൻകൂർ അപ്പോയിന്റ്മെന്റ് എടുക്കാതെ നേരിട്ട് ഏതെങ്കിലും PHCC കേന്ദ്രത്തിലെത്തി വാക്സിൻ സ്വീകരിക്കാം. വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കുന്നതിനും കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനുമായി ഫാസ്റ്റ് ട്രാക്ക് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
എല്ലാ വർഷവും വാക്സിൻ എടുക്കണം
MoPH ഹെൽത്ത് പ്രൊട്ടക്ഷൻ ആൻഡ് കമ്മ്യൂണിക്കബിൾ ഡിസീസസ് കൺട്രോൾ വിഭാഗം ഡയറക്ടർ ഡോ. ഹമദ് ഈദ് അൽ റുമൈഹി, സീസണൽ ഇൻഫ്ലുവൻസയ്ക്കെതിരായ വാക്സിൻ സുരക്ഷിതവും ഫലപ്രദവുമായ പ്രതിരോധ മാർഗമാണെന്ന് വ്യക്തമാക്കി.
ഇൻഫ്ലുവൻസ വൈറസുകൾ തുടർച്ചയായി മാറുന്നതിനാൽ വരാനിരിക്കുന്ന സീസണിൽ വ്യാപിക്കാൻ സാധ്യതയുള്ള പ്രധാന വൈറസ് വകഭേദങ്ങളെ ലക്ഷ്യമിട്ട് ലോകാരോഗ്യ സംഘടന ഓരോ വർഷവും പുതിയ വാക്സിൻ വികസിപ്പിക്കുന്നു. അതിനാൽ ഓരോ വർഷവും പുതിയ ഫ്ലൂ വാക്സിൻ സ്വീകരിക്കേണ്ടത് പ്രധാനമാണെന്ന് മന്ത്രാലയം അറിയിച്ചു.
ശീതകാലം ആരംഭിക്കുന്നതിന് മുമ്പ്, പ്രത്യേകിച്ച് ഒക്ടോബർ അല്ലെങ്കിൽ നവംബർ മാസങ്ങളിൽ, വാക്സിൻ സ്വീകരിക്കുന്നതാണ് ഉചിതം. വാക്സിനെടുത്ത ശേഷം ശരീരത്തിൽ പൂർണ പ്രതിരോധശേഷി രൂപപ്പെടാൻ ഏകദേശം രണ്ടാഴ്ച വേണ്ടിവരും.
ഇൻഫ്ലുവൻസ ചിലരിൽ ന്യൂമോണിയ ഉൾപ്പെടെയുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. നേരത്തെ ഉണ്ടായിരുന്ന ദീർഘകാല രോഗാവസ്ഥകൾ കൂടുതൽ ഗുരുതരമാകാനും സാധ്യതയുണ്ട്.
വാക്സിൻ സ്വീകരിക്കാൻ ആഹ്വാനം
പൗരന്മാരും താമസക്കാരും, പ്രത്യേകിച്ച് ഉയർന്ന അപകടസാധ്യതയുള്ള വിഭാഗങ്ങളിൽപ്പെടുന്നവരും എത്രയും വേഗം സീസണൽ ഫ്ലൂ വാക്സിൻ സ്വീകരിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അഭ്യർഥിച്ചു.
സമൂഹത്തിലെ എല്ലാവരും വാക്സിൻ സ്വീകരിക്കുന്നത് രോഗവ്യാപനം കുറയ്ക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ആരോഗ്യകരവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിന്റെ ഭാഗമായി മന്ത്രാലയം ജീവനക്കാർക്കായി ആഭ്യന്തര ഫ്ലൂ വാക്സിനേഷൻ ക്യാമ്പയിനും സംഘടിപ്പിക്കുന്നുണ്ട്.