
ദോഹ: ഖത്തർ നീതിന്യായ മന്ത്രാലയം (MoJ) ഔദ്യോഗിക ഗസറ്റിന്റെയും അൽ മീസാൻ ലീഗൽ പോർട്ടലിന്റെയും പുതിയ വെബ്സൈറ്റ് ഞായറാഴ്ച ആരംഭിക്കും. രാജ്യത്തെ നിയമ വിവരങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി എഐ അധിഷ്ഠിത സമഗ്ര ദേശീയ നിയമ വിജ്ഞാന സംവിധാനം ഇതിലൂടെ അവതരിപ്പിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
പുതിയ പ്ലാറ്റ്ഫോമിൽ അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ നിയമ വിവരങ്ങൾ ലഭ്യമാകും. നിയമങ്ങൾ കണ്ടെത്താനും വിഷയാടിസ്ഥാനത്തിൽ ക്രമീകരിച്ച വിവരങ്ങൾ പരിശോധിക്കാനും സഹായിക്കുന്ന മെച്ചപ്പെടുത്തിയ സെർച്ച്, കാറ്റഗറൈസേഷൻ സംവിധാനങ്ങളും പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ പ്ലാറ്റ്ഫോമിലെ എഐ സംവിധാനങ്ങൾ നൽകുന്ന വിവരങ്ങൾ നിയമത്തിന്റെ ഔദ്യോഗിക പാഠത്തിന് പകരമാകില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. അംഗീകൃത നിയമപരമായ റഫറൻസായി ഔദ്യോഗിക നിയമ രേഖകൾ തന്നെയായിരിക്കും പരിഗണിക്കുക.
നിയമനിർമാണത്തിൽ പൊതുജന പങ്കാളിത്തം
നിയമനിർമാണത്തിൽ സുതാര്യതയും പൊതുജന പങ്കാളിത്തവും വർധിപ്പിക്കുന്നതിനും പുതിയ പ്ലാറ്റ്ഫോം സഹായിക്കും. നിലവിൽ ചർച്ചയിലുള്ള നിയമനിർമാണ ഉപകരണങ്ങളിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും പൊതുചർച്ചയ്ക്കായി അവതരിപ്പിക്കുന്ന നിയമ കരടുകളിൽ ശുപാർശകൾ നൽകാനും പൊതുജനങ്ങൾക്കും നിയമരംഗത്തെ വിദഗ്ധർക്കും അവസരം ലഭിക്കും.
നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തും
വ്യക്തവും വിശ്വസനീയവുമായ നിയമ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിലൂടെ ഖത്തറിലെ ബിസിനസ്, നിക്ഷേപ അന്തരീക്ഷം കൂടുതൽ ശക്തിപ്പെടുത്തുക എന്നതും പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്. പ്രാദേശിക, അന്തർദേശീയ നിക്ഷേപകർക്ക് നിയമ വിവരങ്ങൾ കണ്ടെത്താൻ വേണ്ട സമയവും പരിശ്രമവും കുറയ്ക്കാനും നിക്ഷേപകരുടെ വിശ്വാസം വർധിപ്പിക്കാനും പുതിയ സംവിധാനം സഹായിക്കുമെന്നാണ് വിലയിരുത്തൽ.
മന്ത്രാലയം, സുപ്രീം ജുഡീഷ്യൽ കൗൺസിൽ, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, നാഷണൽ പ്ലാനിങ് കൗൺസിൽ, സിവിൽ സർവീസ് ആൻഡ് ഗവൺമെന്റ് ഡെവലപ്മെന്റ് ബ്യൂറോ, കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ് ജനറൽ സെക്രട്ടേറിയറ്റ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഖത്തർ നീതിന്യായ മന്ത്രാലയത്തിന്റെ 2025–2030 സ്ട്രാറ്റജിക് പ്ലാനിന്റെയും ഖത്തർ നാഷണൽ വിഷൻ 2030ന്റെ ഡിജിറ്റൽ അജൻഡയുടെയും ഭാഗമായാണ് പുതിയ സംരംഭം നടപ്പാക്കുന്നത്.