
Orionid meteor shower : ദോഹ: ഖത്തറിലെ ആകാശത്ത് ഒക്ടോബർ 21 ബുധനാഴ്ച രാത്രി മുതൽ 22 വ്യാഴാഴ്ച പുലർച്ചെ വരെ ഒറിയോണിഡ് ഉൽക്കാവർഷം ദൃശ്യമാകും. ഖത്തർ കലണ്ടർ ഹൗസാണ് ഇക്കാര്യം അറിയിച്ചത്. വടക്കൻ അർധഗോളത്തിലെ രാജ്യങ്ങളിലുള്ളവർക്കും ഈ ആകാശവിസ്മയം നിരീക്ഷിക്കാനുള്ള അവസരമുണ്ടാകും.
ഖത്തർ കലണ്ടർ ഹൗസിലെ ജ്യോതിശാസ്ത്രജ്ഞനായ ഡോ. ബഷീർ മർസൂഖിന്റെ വിശദീകരണപ്രകാരം, എല്ലാ വർഷവും ഒക്ടോബർ 2 മുതൽ നവംബർ 2 വരെയാണ് ഒറിയോണിഡ് ഉൽക്കാവർഷം സജീവമാകുന്നത്. ഒക്ടോബർ 21-നാണ് ഇത് ഏറ്റവും ശക്തമായ നിലയിലെത്തുന്നത്. ഈ സമയത്ത് മണിക്കൂറിൽ ഏകദേശം 30 ഉൽക്കകൾ വരെ കാണാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്.
നഗ്നനേത്രങ്ങൾകൊണ്ട് കാണാം
ഉൽക്കാവർഷം നിരീക്ഷിക്കാൻ ടെലിസ്കോപ്പോ മറ്റ് ജ്യോതിശാസ്ത്ര ഉപകരണങ്ങളോ ആവശ്യമില്ല. വെളിച്ചമലിനീകരണവും പരിസ്ഥിതി മലിനീകരണവും കുറഞ്ഞ സ്ഥലത്തുനിന്ന് നഗ്നനേത്രങ്ങൾകൊണ്ട് തന്നെ ഇത് കാണാൻ കഴിയും.
ഖത്തറിൽ വ്യാഴാഴ്ച പുലർച്ചെ അർധരാത്രിക്ക് ശേഷമുള്ള സമയത്ത് കിഴക്കൻ ചക്രവാളത്തിന് സമീപമുള്ള ആകാശത്തേക്ക് നോക്കിയാൽ ഉൽക്കാവർഷം നിരീക്ഷിക്കാനാകുമെന്ന് അധികൃതർ വ്യക്തമാക്കി. നഗരങ്ങളിലെ കൃത്രിമ വെളിച്ചം കാഴ്ചയെ ബാധിക്കുമെന്നതിനാൽ ജനവാസകേന്ദ്രങ്ങളിൽനിന്ന് അകന്ന ഇരുണ്ട സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം.
ചിത്രങ്ങൾ പകർത്താനും അവസരം
ഒറിയോണിഡ് ഉൽക്കാവർഷത്തിന്റെ ചിത്രങ്ങൾ പകർത്താൻ ആധുനിക ഡിജിറ്റൽ ക്യാമറകളും ഉപയോഗിക്കാം. വ്യക്തമായ ചിത്രങ്ങൾ ലഭിക്കാൻ ക്യാമറയിലെ എക്സ്പോഷർ സമയം വർധിപ്പിക്കണമെന്ന് ജ്യോതിശാസ്ത്രജ്ഞർ നിർദേശിക്കുന്നു.
ഹാലിയുടെ വാൽനക്ഷത്രവുമായി ബന്ധം
പ്രശസ്തമായ ഹാലിയുടെ വാൽനക്ഷത്രമാണ് ഒറിയോണിഡ് ഉൽക്കാവർഷത്തിന്റെ ഉറവിടം. സൂര്യനെ ചുറ്റിയുള്ള ഭൂമിയുടെ സഞ്ചാരത്തിനിടെ ഹാലിയുടെ വാൽനക്ഷത്രം ഉപേക്ഷിച്ചുപോയ പൊടിപടലങ്ങളിലൂടെ ഭൂമി കടന്നുപോകുമ്പോഴാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്.
ഈ പൊടിപടലങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന പ്രകാശമാണ് ആകാശത്ത് ഉൽക്കകളായി കാണപ്പെടുന്നത്. ഒറിയോൺ എന്ന പ്രശസ്ത നക്ഷത്രരാശിക്ക് സമീപത്തുനിന്ന് ഉൽക്കകൾ വരുന്നതായി തോന്നുന്നതിനാലാണ് ഈ പ്രതിഭാസത്തിന് ഒറിയോണിഡ് എന്ന പേര് ലഭിച്ചത്.
ഒക്ടോബർ 21 രാത്രി മുതൽ 22-ന് പുലർച്ചെ വരെ വെളിച്ചമലിനീകരണം കുറഞ്ഞ സ്ഥലത്തുനിന്ന് ആകാശം നിരീക്ഷിച്ചാൽ ഖത്തറിലെ താമസക്കാർക്ക് ഈ ആകാശവിസ്മയം ആസ്വദിക്കാം.