
Kuwait fire safety violations : കുവൈത്ത് സിറ്റി: അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത 25 സ്ഥാപനങ്ങൾ അടച്ചുപൂട്ടി കുവൈത്ത് ജനറൽ ഫയർ ഫോഴ്സ്. ഒക്ടോബർ 13ന് ശുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ നടത്തിയ പരിശോധനയിലാണ് നടപടി. സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച മറ്റ് സ്ഥാപനങ്ങൾക്ക് 45 നോട്ടീസുകളും 10 മുന്നറിയിപ്പുകളും നൽകിയതായി അധികൃതർ അറിയിച്ചു.
പൊതുജനങ്ങളുടെയും തൊഴിലാളികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും അഗ്നിബാധ തടയുന്നതിനുള്ള നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിനുമായുള്ള പരിശോധനാ ക്യാമ്പയിന്റെ ഭാഗമായാണ് നടപടി.
സിവിൽ പ്രൊട്ടക്ഷൻ വിഭാഗം ആക്ടിങ് ഡെപ്യൂട്ടി ചീഫ് ബ്രിഗേഡിയർ ജനറൽ ഒമർ അബ്ദുൽ അസീസ് ഹമദിന്റെ മേൽനോട്ടത്തിലായിരുന്നു പരിശോധന.
അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്ന് ഫയർ ഫോഴ്സ് വ്യക്തമാക്കി. വാണിജ്യ, വ്യവസായ സ്ഥാപനങ്ങളിൽ സുരക്ഷാ ചട്ടങ്ങൾ ഉറപ്പാക്കുന്നതിനായി വരും ദിവസങ്ങളിലും പരിശോധനകൾ ശക്തമായി തുടരുമെന്നും അധികൃതർ അറിയിച്ചു.
October 15 കുവൈത്തിൽ വേനൽച്ചൂടിന് വിട; ഒക്ടോബർ 15 മുതൽ വസീം സീസൺ ആരംഭിക്കും
KUWAIT NEWS Greeshma Staff Editor — October 14, 2026·0 Comment

Kuwait Wasim Season Begins October 15 കുവൈത്തിൽ കടുത്ത വേനൽച്ചൂടിന് ആശ്വാസമേകി പുതിയ കാലാവസ്ഥാ സീസണിന് തുടക്കമാകുന്നു. ഒക്ടോബർ 15 വ്യാഴാഴ്ച മുതൽ വസീം (Wasim) സീസൺ ആരംഭിക്കുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. പകൽ താപനില കുറയുക, രാത്രികളിൽ തണുപ്പ് വർധിക്കുക, സീസണൽ മഴ ലഭിക്കുക എന്നിവയാണ് ഈ കാലയളവിന്റെ പ്രധാന സവിശേഷതകൾ.
52 ദിവസം നീളുന്ന സീസൺ
ആകെ 52 ദിവസം നീളുന്ന വസീം സീസണിനെ 13 ദിവസം വീതമുള്ള നാല് ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. അൽ അവ, അൽ സിമാക്, അൽ ഗഫ്ര, അൽ സുബാന എന്നിവയാണ് ഈ ഘട്ടങ്ങൾ.
സൂര്യൻ ക്രമേണ തെക്കോട്ട് നീങ്ങുന്നതും സൂര്യരശ്മികൾ പതിക്കുന്ന കോണിൽ മാറ്റമുണ്ടാകുന്നതും പകൽ സമയത്തെ ചൂട് കുറയാൻ സഹായിക്കുന്നു. സീസണിന്റെ ആദ്യഘട്ടങ്ങളിൽ മിതമായ പകൽ താപനിലയും തണുത്ത രാത്രികളും അനുഭവപ്പെടും. പകൽ ദൈർഘ്യം കുറയുന്നതും ദേശാടനപക്ഷികളുടെ വരവും ഈ കാലയളവിന്റെ പ്രത്യേകതകളാണ്.
മരുഭൂമിയിൽ പച്ചപ്പ് വീണ്ടെടുക്കും
വസീം സീസണിൽ ലഭിക്കുന്ന മഴ കുവൈത്തിലെ മരുഭൂമികളിൽ സ്വാഭാവിക സസ്യങ്ങൾ വളരുന്നതിനും പച്ചപ്പ് വീണ്ടെടുക്കുന്നതിനും സഹായിക്കുന്നു. മഴയുടെ ലഭ്യതയ്ക്ക് അനുസരിച്ച് മണ്ണിൽ സ്വാഭാവികമായി വളരുന്ന ചില കൂൺ വർഗങ്ങളും പ്രത്യക്ഷപ്പെടാറുണ്ട്.
വേനൽച്ചൂടിൽനിന്ന് ആശ്വാസം ലഭിക്കുന്നതിനൊപ്പം പ്രകൃതിയിൽ മാറ്റങ്ങൾ പ്രകടമാകുന്ന കാലം കൂടിയാണ് വസീം സീസൺ. താപനിലയിലെ കുറവും മഴയ്ക്കുള്ള സാധ്യതയും കുവൈത്തിലെ കാലാവസ്ഥയിൽ ഈ സീസണിനെ ശ്രദ്ധേയമാക്കുന്നു.