
UAE Weather Alert;അബൂദബി: യുഎഇയുടെ വിവിധ ഭാഗങ്ങളില് ഇന്ന് മുതല് അഞ്ചുദിവസം തുടര്ച്ചയായി മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എന്.സി.എം) അറിയിച്ചു. ചിലയിടങ്ങളില് മണിക്കൂറില് 50 കിലോമീറ്റര് വരെ വേഗത്തില് കാറ്റുവീശാനും പുലര്ച്ചെ മൂടല്മഞ്ഞിനും നേരിയ മഞ്ഞിനും സാധ്യതയുണ്ടെന്നും അധികൃതര് മുന്നറിയിപ്പ് നല്കി.
എന്.സി.എം പുറത്തിറക്കിയ അഞ്ചുദിവസത്തെ കാലാവസ്ഥാ പ്രവചനമനുസരിച്ച് ഇന്ന് ഉച്ചകഴിഞ്ഞ് രാജ്യത്തിന്റെ കിഴക്കന് മേഖലകളില് മഴമേഘങ്ങള് രൂപപ്പെടാന് സാധ്യതയുണ്ട്. ഇതേത്തുടര്ന്ന് ചില പ്രദേശങ്ങളില് മഴ ലഭിച്ചേക്കും. തിങ്കള് മുതല് ബുധന് വരെ മഴസാധ്യത ഉള്നാടന്, പടിഞ്ഞാറന് മേഖലകളിലേക്കും വ്യാപിക്കാം. വ്യാഴാഴ്ചയോടെ പടിഞ്ഞാറന് മേഖലകളില് മഴമേഘങ്ങള് രൂപപ്പെടാനാണ് സാധ്യത.
ഇന്ന് മുതല് ബുധന് വരെ പൊതുവേ നേരിയതോ മിതമായതോ ആയ കാറ്റായിരിക്കും അനുഭവപ്പെടുക. എന്നാല് മഴമേഘങ്ങള് സജീവമാകുന്ന സമയങ്ങളില് കാറ്റിന്റെ വേഗം മണിക്കൂറില് 50 കിലോമീറ്റര് വരെ ഉയര്ന്നേക്കും. ശക്തമായ കാറ്റ് പൊടിപടലങ്ങള് ഉയരുന്നതിനും കാരണമാകാം. വ്യാഴാഴ്ച കാറ്റിന്റെ വേഗം മണിക്കൂറില് 40 കിലോമീറ്റര് വരെ എത്താന് സാധ്യതയുണ്ട്.
പുലര്ച്ചെ മൂടല്മഞ്ഞ്; കടല് ശാന്തം
രാത്രിയും പുലര്ച്ചെയും അന്തരീക്ഷത്തിലെ ഈര്പ്പം വര്ധിക്കുന്നതിനാല് തീരപ്രദേശങ്ങളിലും ഉള്നാടന് മേഖലകളിലും മൂടല്മഞ്ഞോ നേരിയ മഞ്ഞോ രൂപപ്പെടാന് സാധ്യതയുണ്ട്. ഇന്ന് മുതല് വ്യാഴം വരെ വിവിധ ദിവസങ്ങളില് സമാനമായ കാലാവസ്ഥ തുടരാമെന്നാണ് പ്രവചനം.
മഴമേഘങ്ങള് സജീവമാകുന്ന പ്രദേശങ്ങളിലൊഴികെ ആകാശം പൊതുവേ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയിരിക്കും. അറേബ്യന് ഗള്ഫിലും ഒമാന് കടലിലും കടല് പൊതുവേ ശാന്തമായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.