Dubai Launches Free GenDubAI Platform കുട്ടികളുടെ എഐ ഉപയോഗം നിരീക്ഷിക്കാൻ ദുബായ്; മാതാപിതാക്കൾക്കായി സൗജന്യ ഡിജിറ്റൽ പ്ലാറ്റ്‌ഫോം

Dubai Launches Free GenDubAI Platform ദുബായ്: കുട്ടികൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കാനും സാങ്കേതികവിദ്യ സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും ഉപയോഗിക്കാൻ അവരെ സഹായിക്കാനും മാതാപിതാക്കൾക്കായി പുതിയ സൗജന്യ ഓൺലൈൻ പ്ലാറ്റ്‌ഫോം ആരംഭിച്ച് ദുബായ്. ഗൃഹപാഠം ചെയ്യാൻ എഐ ഉപയോഗിക്കുന്നത്, ചാറ്റ്ബോട്ടുകളോട് വ്യക്തിപരമായ കാര്യങ്ങൾ പങ്കുവയ്ക്കുന്നത്, യഥാർഥ വ്യക്തികളുടെ വ്യാജ ചിത്രങ്ങൾ നിർമിക്കുന്നത് തുടങ്ങിയ വിഷയങ്ങളിൽ മാതാപിതാക്കൾക്ക് പ്രായോഗിക മാർഗനിർദേശങ്ങൾ നൽകുന്നതാണ് GenDubAI എന്ന പ്ലാറ്റ്‌ഫോമിന്റെ ലക്ഷ്യം.

ദുബായ് സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (DCAI), കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി (CDA), ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ഒക്ടോബർ 14ന് പ്ലാറ്റ്‌ഫോം ആരംഭിച്ചത്. എട്ട് മുതൽ 15 വയസ്സുവരെയുള്ള കുട്ടികളുള്ള കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള സേവനം അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ ലഭ്യമാണ്.

കുട്ടികളുടെ എഐ ഉപയോഗത്തിൽ മാതാപിതാക്കൾക്ക് മാർഗനിർദേശം

കുട്ടികൾ എഐ ഉപയോഗിക്കുന്നതിന്റെ സാധ്യതകളും അപകടസാധ്യതകളും മനസ്സിലാക്കാൻ മാതാപിതാക്കളെ സഹായിക്കുന്ന രീതിയിലാണ് പ്ലാറ്റ്‌ഫോം തയ്യാറാക്കിയിരിക്കുന്നത്. സാങ്കേതികവിദ്യയെക്കുറിച്ചുള്ള പൊതുവിവരങ്ങൾ നൽകുന്നതിൽ മാത്രം ഒതുങ്ങാതെ, കുടുംബങ്ങളിൽ സാധാരണയായി ഉണ്ടാകാവുന്ന സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും വിശദീകരിക്കുന്നു.

കുട്ടികൾ എഐ ഉപയോഗിച്ച് പഠിക്കുമ്പോൾ അവരുടെ യഥാർഥ പഠനശേഷി വികസിക്കുന്നുണ്ടോ, അതോ എഐ നൽകുന്ന ഉത്തരങ്ങൾ മാത്രം ആശ്രയിക്കുകയാണോ എന്ന് തിരിച്ചറിയാൻ മാതാപിതാക്കൾക്ക് മാർഗനിർദേശം ലഭിക്കും. കുട്ടികളുടെ സ്വന്തം ചിന്താശേഷിയും പ്രശ്നപരിഹാര കഴിവുകളും വളർത്തിക്കൊണ്ട് എഐ പ്രയോജനപ്പെടുത്താൻ സഹായിക്കുന്ന നിർദേശങ്ങളും ഇതിലുണ്ട്.

വ്യാജ ചിത്രങ്ങൾ നിർമിച്ചാൽ എന്തുചെയ്യണം?

യഥാർഥ വ്യക്തികളുടെ എഐ ഉപയോഗിച്ച് നിർമിച്ച വ്യാജ ചിത്രങ്ങൾ കുട്ടികൾ സൃഷ്ടിക്കുകയോ പങ്കുവയ്ക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്ന് പ്ലാറ്റ്‌ഫോം വിശദീകരിക്കുന്നു.

കുട്ടി ചിത്രം സ്വയം നിർമിച്ചതാണോ, മറ്റൊരാൾ നിർമിച്ച ചിത്രം പങ്കുവച്ചതാണോ, അതോ താനുതന്നെ ഇത്തരം ചിത്രത്തിന് ഇരയായതാണോ എന്ന് ആദ്യം മനസ്സിലാക്കണമെന്ന് നിർദേശിക്കുന്നു. ഉടൻ കുറ്റപ്പെടുത്തുന്നതിനുപകരം ശാന്തമായി സംസാരിച്ച് സാഹചര്യം വിലയിരുത്തുകയാണ് വേണ്ടത്.

ചിത്രം ഓൺലൈനിൽ പങ്കുവച്ചിട്ടുണ്ടെങ്കിൽ അത് നീക്കം ചെയ്യാനോ ബന്ധപ്പെട്ട പ്ലാറ്റ്‌ഫോമിൽ റിപ്പോർട്ട് ചെയ്യാനോ കുട്ടിയോടൊപ്പം നടപടിയെടുക്കാം. അപമാനകരമോ ഭീഷണിപ്പെടുത്തുന്നതോ ലൈംഗിക സ്വഭാവമുള്ളതോ ആയ ചിത്രങ്ങൾ കൂടുതൽ പ്രചരിപ്പിക്കരുതെന്നും കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ സഹായം തേടണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.

ചാറ്റ്ബോട്ടുകളോട് വ്യക്തിപരമായ കാര്യങ്ങൾ പങ്കുവയ്ക്കുന്ന കുട്ടികൾ

കുട്ടികൾ അവരുടെ വികാരങ്ങൾ, സൗഹൃദങ്ങൾ, ആശങ്കകൾ തുടങ്ങിയവ കുടുംബാംഗങ്ങളോട് പറയുന്നതിനുപകരം എഐ ചാറ്റ്ബോട്ടുകളുമായി പങ്കുവയ്ക്കുന്ന സാഹചര്യവും പ്ലാറ്റ്‌ഫോം പരിഗണിക്കുന്നു.

ഇത്തരം സന്ദർഭങ്ങളിൽ കുട്ടികളെ ഉടൻ ചോദ്യം ചെയ്യുകയോ അവരുടെ സംഭാഷണങ്ങൾ കാണണമെന്ന് നിർബന്ധിക്കുകയോ ചെയ്യുന്നതിനുപകരം, തുറന്ന മനസ്സോടെ സംസാരിക്കാൻ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കാനാണ് മാതാപിതാക്കളോട് നിർദേശിക്കുന്നത്. കുട്ടികൾക്ക് എഐയോട് സംസാരിക്കുന്നത് സഹായകരമായി തോന്നുന്നതെന്തുകൊണ്ടാണെന്ന് മനസ്സിലാക്കാനും കുടുംബത്തിനുള്ളിലെ ആശയവിനിമയം മെച്ചപ്പെടുത്താനും ഇതിലൂടെ സാധിക്കും.

കുട്ടികളുടെ സ്വകാര്യത മാനിക്കുന്നതിനൊപ്പം അവരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും ശ്രദ്ധ നൽകേണ്ടതിന്റെ പ്രാധാന്യവും പ്ലാറ്റ്‌ഫോം ചൂണ്ടിക്കാട്ടുന്നു.

എഐ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കാം

ഗൃഹപാഠത്തിനും സർഗാത്മക പ്രവർത്തനങ്ങൾക്കും എഐ ഉപയോഗിക്കുമ്പോൾ കുട്ടികൾ സ്വന്തം ചിന്തയും സൃഷ്ടിപരമായ കഴിവുകളും നിലനിർത്തേണ്ടതിന്റെ ആവശ്യകതയും ഇതിൽ വ്യക്തമാക്കുന്നു. ക്വിസുകൾ, പാട്ടുകൾ, ആപ്പുകൾ തുടങ്ങിയവ സൃഷ്ടിക്കാൻ എഐ സഹായകരമാകാമെങ്കിലും കുട്ടികളുടെ സ്വന്തം പങ്കാളിത്തം ഉറപ്പാക്കണം.

കുടുംബത്തിന്റെ മൂല്യങ്ങളുമായി പൊരുത്തപ്പെടാത്ത മറുപടികൾ എഐ നൽകുന്ന സാഹചര്യങ്ങൾ എങ്ങനെ ചർച്ച ചെയ്യാം എന്നതിനെക്കുറിച്ചും മാർഗനിർദേശമുണ്ട്. കുട്ടികളുടെ പ്രായത്തിനനുസരിച്ച് മാതാപിതാക്കൾക്ക് സ്വീകരിക്കാവുന്ന സമീപനങ്ങളും ഒരുമിച്ച് പരീക്ഷിക്കാവുന്ന പ്രവർത്തനങ്ങളും പ്ലാറ്റ്‌ഫോം നിർദേശിക്കുന്നു.

എങ്ങനെ ഉപയോഗിക്കാം?

മൊബൈൽ ഫോണുകളിൽ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന രീതിയിലാണ് GenDubAI ഒരുക്കിയിരിക്കുന്നത്. മാതാപിതാക്കൾക്ക് അവരുടെ ആവശ്യത്തിനനുസരിച്ച് മൂന്ന് വിഭാഗങ്ങളിൽനിന്ന് തിരഞ്ഞെടുക്കാം:

  • My child is using AI: കുട്ടികൾ എഐ ഉപയോഗിക്കുന്ന സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള മാർഗനിർദേശം.
  • I want to feel more ready: എഐയുടെ അടിസ്ഥാനകാര്യങ്ങൾ, സുരക്ഷ, സ്വകാര്യത, അപകടസാധ്യതകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ.
  • I want to build good AI habits together: കുടുംബാംഗങ്ങൾ ഒരുമിച്ച് ചെയ്യാവുന്ന പ്രവർത്തനങ്ങളിലൂടെ ആരോഗ്യകരമായ എഐ ഉപയോഗശീലങ്ങൾ വളർത്തുന്നതിനുള്ള സഹായം.

കുട്ടികളുടെ ഡിജിറ്റൽ സുരക്ഷയ്ക്ക് കുടുംബങ്ങളുടെ പങ്ക്

എഐയുടെ ഉപയോഗം വർധിക്കുകയും കുട്ടികൾ സ്കൂളിനകത്തും പുറത്തും സ്മാർട്ട് ഉപകരണങ്ങൾ കൂടുതലായി ഉപയോഗിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മാതാപിതാക്കളുടെ അവബോധം പ്രധാനമാണെന്ന് ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ സിഇഒ ഖൽഫാൻ ബെൽഹോൾ പറഞ്ഞു.

കുട്ടികളുടെ പഠനം, സർഗാത്മകത, ചിന്താശേഷി എന്നിവ വികസിപ്പിക്കുമ്പോൾ അവരുടെ സ്വകാര്യതയും കുടുംബമൂല്യങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ദുബായ് സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ സഈദ് അൽ ഫലാസി ചൂണ്ടിക്കാട്ടി.

കുടുംബങ്ങളെ എഐ പഠനത്തിന്റെ കേന്ദ്രത്തിൽ നിർത്തുന്ന രീതിയിലാണ് പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. മാതാപിതാക്കളും കുട്ടികളും ദൈനംദിന ജീവിതത്തിൽ എഐയെക്കുറിച്ച് തുറന്ന് സംസാരിക്കാനും അതിന്റെ ഗുണങ്ങളും വെല്ലുവിളികളും ഒരുമിച്ച് മനസ്സിലാക്കാനും ഈ സംരംഭം സഹായിക്കുമെന്നാണ് പ്രതീക്ഷ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *