Dubai airport lost handbag;ദുബായ് വിമാനത്താവളത്തിൽ പണവും ഫോണുമടങ്ങിയ വിലപിടിപ്പുള്ള ബാഗ് മറന്നുവെച്ച് സ്വന്തം രാജ്യത്തേക്ക് പറന്നു ; ഒടുവിൽ വിദേശ വനിതയ്ക്ക് സർപ്രൈസ് കോൾ

Dubai airport lost handbag;ദുബായ്: വിമാനത്താവളത്തിൽ ഹാൻഡ്‌ബാഗ് മറന്നുവെച്ച് വിമാനം കയറിയ വിദേശ വനിതയ്ക്ക് ആശ്വാസമായി ദുബായ് പോലീസ്. പണവും സ്മാർട്ട്‌ഫോണും വിലപിടിപ്പുള്ള വ്യക്തിഗത രേഖകളും അടങ്ങിയ ബാഗ് യാതൊരു നഷ്ടവുമില്ലാതെ ഉടമയ്ക്ക് തിരിച്ചുനൽകി. ദുബായ് പോലീസിന്റെ കാര്യക്ഷമതയെയും യുഎഇയിലെ ഉയർന്ന സുരക്ഷാ നിലവാരത്തെയും പ്രശംസിച്ച് യാത്രക്കാരി രംഗത്തെത്തി.

യാത്രയ്ക്കിടെ ദുബായ് വിമാനത്താവളത്തിൽ വെച്ചാണ് യുവതിക്ക് ബാഗ് നഷ്ടമായത്. ബാഗ് കാണാതായ വിവരം ശ്രദ്ധയിൽപ്പെട്ടതോടെ വിമാനത്താവള അധികൃതരെ സമീപിക്കുകയായിരുന്നു. തുടർന്ന് ദുബായ് പോലീസിന്റെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് എയർപോർട്ട് സെക്യൂരിറ്റി അടിയന്തരമായി അന്വേഷണം ആരംഭിച്ചു.

രാജ്യം വിട്ടിട്ടും കൈവിടാതെ പോലീസ്

പരിശോധനകൾക്കൊടുവിൽ സുരക്ഷാ ഉദ്യോഗസ്ഥർ ബാഗ് കണ്ടെത്തി സുരക്ഷിതമായി സൂക്ഷിച്ചു. അപ്പോഴേക്കും യുവതി യുഎഇ വിട്ടിരുന്നു. എന്നിരുന്നാലും, പോലീസ് അവരെ ഫോണിൽ ബന്ധപ്പെടുകയും ബാഗ് എങ്ങനെ കൈമാറണമെന്ന് അന്വേഷിക്കുകയും ചെയ്തു.

യുവതി നിലവിൽ താമസിക്കുന്ന രാജ്യത്തേക്ക് ബാഗ് കൊറിയർ ചെയ്യണോ, അതോ ദുബായിൽ തിരിച്ചെത്തുന്നതുവരെ സുരക്ഷിതമായി സൂക്ഷിക്കണോ എന്നതടക്കമുള്ള സാധ്യതകളാണ് പോലീസ് അറിയിച്ചത്. ദുബായിൽ തിരിച്ചെത്തിയശേഷം ബാഗ് കൈപ്പറ്റാമെന്ന് യുവതി അറിയിച്ചതോടെ അധികൃതർ അത് സുരക്ഷിതമായി സൂക്ഷിച്ചു.

പിന്നീട് ദുബായിൽ തിരിച്ചെത്തിയ യുവതിക്ക് ബാഗ് കൈമാറി. ബാഗിലുണ്ടായിരുന്ന പണവും ഫോണും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും നഷ്ടപ്പെടാതെ തിരിച്ചുകിട്ടിയതോടെ യാത്രക്കാരി സന്തോഷവും നന്ദിയും അറിയിച്ചു.

ദുബായ് പോലീസിന് നന്ദിയുമായി യാത്രക്കാരി

തനിക്കുണ്ടായ അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച യുവതി യുഎഇ സർക്കാരിനും ദുബായ് പോലീസിനും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. രാജ്യത്തെ സുരക്ഷാ സംവിധാനങ്ങളുടെ മികവും ഉദ്യോഗസ്ഥരുടെ ആത്മാർഥതയും ഉത്തരവാദിത്തബോധവുമാണ് ഈ അനുഭവത്തിലൂടെ വ്യക്തമായതെന്ന് അവർ കുറിച്ചു.

വിമാനത്താവളത്തിലെ തിരക്കിനിടയിൽ യാത്രക്കാർക്ക് സാധനങ്ങൾ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെങ്കിലും, അത്തരം സാഹചര്യങ്ങളിൽ വേഗത്തിൽ ഇടപെട്ട് ഉടമകളിലേക്ക് അവ തിരിച്ചെത്തിക്കാനുള്ള നടപടികൾ നിർണായകമാണ്. സന്ദർശകരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം കാര്യക്ഷമമായ സേവനവും ഉത്തരവാദിത്തത്തോടെയുള്ള ഇടപെടലും ദുബായ് പോലീസിന്റെ പ്രവർത്തനങ്ങളിൽ പ്രധാനമാണെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.

യുഎഇയിലെ വാർത്തകളും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *