Community College of Qatar to Launch AI and Digital Media ഖത്തറിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ മീഡിയ മേഖലകളിൽ പുതിയ ഡിപ്ലോമ കോഴ്സുകൾ

Community College of Qatar to Launch AI and Digital Media ദോഹ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ഡിജിറ്റൽ മീഡിയ എന്നീ മേഖലകളിൽ പുതിയ അസോസിയേറ്റ് ഡിഗ്രി പ്രോഗ്രാമുകൾ ആരംഭിക്കാൻ ഖത്തറിലെ കമ്മ്യൂണിറ്റി കോളേജ് ഓഫ് ഖത്തർ (CCQ). 2027ലെ സ്പ്രിങ് സെമസ്റ്ററിന്റെ ഭാഗമായി ആരംഭിക്കുന്ന കോഴ്സുകളുടെ ക്ലാസുകൾ 2027 ജനുവരി 10ന് തുടങ്ങും. ഡിജിറ്റൽ പരിവർത്തനത്തിന്റെയും തൊഴിൽ വിപണിയുടെയും ആവശ്യങ്ങൾ പരിഗണിച്ചാണ് പുതിയ കോഴ്സുകൾ അവതരിപ്പിക്കുന്നത്.

ആദ്യ ബാച്ചിൽ ആകെ 108 വിദ്യാർഥികൾക്കാണ് പ്രവേശനം നൽകുക. ഇതിൽ 48 സീറ്റുകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാമിനും 60 സീറ്റുകൾ ഡിജിറ്റൽ മീഡിയ പ്രോഗ്രാമിനുമായി നീക്കിവെച്ചിട്ടുണ്ട്. നിലവിൽ മറ്റ് വിഷയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഒക്ടോബർ 18 മുതൽ പുതിയ പ്രോഗ്രാമുകളിലേക്ക് മാറാൻ അപേക്ഷിക്കാം. പുതിയ വിദ്യാർഥികൾക്കുള്ള രജിസ്ട്രേഷൻ നവംബർ ഒന്നിന് ആരംഭിക്കും. പ്രവേശനം കോളേജിന്റെ നിബന്ധനകൾക്ക് വിധേയമായിരിക്കും.

രണ്ട് വർഷത്തെ എഐ പ്രോഗ്രാം

കോളേജിന്റെ ഇൻഫർമേഷൻ ടെക്നോളജി വിഭാഗം അവതരിപ്പിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അസോസിയേറ്റ് ഡിഗ്രി പ്രോഗ്രാം രണ്ട് വർഷം ദൈർഘ്യമുള്ളതാണ്. ആകെ 60 ക്രെഡിറ്റ് മണിക്കൂറുകളാണ് കോഴ്സിലുള്ളത്. മെഷീൻ ലേണിങ്, ഡാറ്റ അനാലിസിസ്, കമ്പ്യൂട്ടർ വിഷൻ, എഐ എത്തിക്സ് തുടങ്ങിയ മേഖലകളിൽ പ്രായോഗിക പരിശീലനം നൽകും.

ജിപിയു സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആധുനിക ലാബുകളിലായിരിക്കും പരിശീലനം. ഗൂഗിൾ ക്ലൗഡ്, ഹുവായ്, മൈക്രോസോഫ്റ്റ്, സിസ്കോ തുടങ്ങിയ സാങ്കേതികവിദ്യാ കമ്പനികളുടെ ശുപാർശകളും കോഴ്സ് രൂപീകരണത്തിൽ പരിഗണിച്ചിട്ടുണ്ട്. തുടർന്ന് ഖത്തർ സർവകലാശാലയിൽ ബിരുദപഠനം തുടരാൻ ആഗ്രഹിക്കുന്നവർക്ക് നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായി 54 ക്രെഡിറ്റ് മണിക്കൂർ വരെ തുല്യത ലഭിക്കാനുള്ള സാധ്യതയുമുണ്ട്.

ഡിജിറ്റൽ മീഡിയയിൽ പ്രായോഗിക പരിശീലനം

രണ്ട് വർഷത്തെ ഡിജിറ്റൽ മീഡിയ അസോസിയേറ്റ് ഡിഗ്രി പ്രോഗ്രാമിൽ ഡിജിറ്റൽ എഴുത്ത്, പോഡ്കാസ്റ്റ് നിർമ്മാണം, ഡാറ്റാ ജേണലിസം, മാധ്യമപ്രവർത്തനത്തിൽ എഐ ടൂളുകളുടെ ഉപയോഗം തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടും.

മാധ്യമസ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, ആശയവിനിമയ-വിപണന മേഖലകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യാൻ ആവശ്യമായ കഴിവുകൾ വിദ്യാർഥികൾക്ക് നൽകുകയാണ് ലക്ഷ്യം. ആധുനിക സാങ്കേതികവിദ്യകൾക്കൊപ്പം തൊഴിൽപരമായ ഉത്തരവാദിത്തത്തിനും ദേശീയ സ്വത്വത്തിനും പ്രാധാന്യം നൽകുമെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി.

തൊഴിൽ വിപണിയുടെ ആവശ്യങ്ങൾക്ക് മുൻഗണന

കോളേജ് നടത്തിയ സർവേയിൽ 68 ശതമാനം വിദ്യാർഥികളും എഐ മേഖലയിലെ പഠനത്തിൽ താൽപര്യം പ്രകടിപ്പിച്ചതായി അധികൃതർ അറിയിച്ചു. പ്രതിരോധം, ആഭ്യന്തരം, സൈബർ സുരക്ഷ, ഊർജം തുടങ്ങിയ പ്രധാന മേഖലകളിൽ ഈ വിഷയത്തിൽ പരിശീലനം നേടിയ ജീവനക്കാർക്ക് ആവശ്യമുണ്ടെന്ന് 95 ശതമാനം തൊഴിലുടമകളും അഭിപ്രായപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.

ഖത്തറിലെ തൊഴിൽ വിപണിയിൽ ഡിജിറ്റൽ കഴിവുകൾക്ക് വർധിച്ചുവരുന്ന പ്രാധാന്യം കണക്കിലെടുത്താണ് പുതിയ പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നത്. എഐ, ഡിജിറ്റൽ മീഡിയ മേഖലകളിൽ പ്രായോഗിക പരിജ്ഞാനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഈ കോഴ്സുകൾ പുതിയ പഠനാവസരങ്ങൾ തുറക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

ADVERTISEMENT