
UAE Emirates Draw: കോടികൾ വാരിക്കൂട്ടി ഇന്ത്യക്കാരൻ; യുഎഇയുടെ എമിറേറ്റ്സ് ഡ്രോയിൽ മുൻ പ്രവാസിക്ക് കിട്ടിയത് 225 കോടി രൂപ
UAE Emirates Draw അജ്മാൻ: യുഎഇ എമിറേറ്റ്സ് ഡ്രോയില്‍ ഇന്ത്യക്കാരനായ മുന്‍ പ്രവാസിയ്ക്ക് കോടികള്‍ സമ്മാനം. ചെന്നൈയിൽ താമസിക്കുന്ന മുൻ പ്രവാസിയായ 56കാരൻ ശ്രീറാം രാജഗോപാലനാണ് ഇത്തവണ സമ്മാനം നേടിയത്. എമിറേറ്റ്സ് ഡ്രോയുടെ മെഗാ7 ജാക്ക്പോട്ടിലൂടെ ഏകദേശം 225 കോടി രൂപ (100 ദശലക്ഷം ദിർഹം) ആണ് ഈ റിട്ടയേർഡ് എൻജിനീയർക്ക് ലഭിച്ചത്. പതിവായി ടിക്കറ്റ് എടുക്കാറുളളയാളാണ് ശ്രീറാം. ടിക്കറ്റ് എടുത്ത ശേഷം മൊബൈലിൽ കണ്ണടച്ച് തെരഞ്ഞെടുത്ത ഏഴ് നമ്പറുകളും ശരിയാകുകയും അതോടെ എമിറേറ്റ്സ് ഡ്രോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയിയായി ശ്രീറാം മാറുകയും ചെയ്തു. ഈ വിജയം ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലെന്നും നറുക്കെടുപ്പിന്റെ വിഡിയോ വീണ്ടും കണ്ട് സ്ക്രീൻഷോട്ട് എടുത്താണ് ഉറപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. “ഒന്നും നടന്നില്ലെന്ന് കരുതി ഒരിക്കലും ഉപേക്ഷിക്കരുതെന്ന” അമ്മ നൽകിയ വിലപ്പെട്ട ഉപദേശമാണ് അദ്ദേഹം എപ്പോഴും ഓർക്കുന്നത്. തനിക്ക് ഇപ്പോൾ 70 ശതമാനം സന്തോഷവും 30 ശതമാനം ഭയവുമാണുള്ളതെന്ന് ശ്രീറാം പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg 1998ൽ സൗദി അറേബ്യയിലേക്ക് പോയ അദ്ദേഹത്തിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. പ്രവാസ ജീവിതത്തിൽ കഷ്ടപ്പെട്ട് നേടിയ പണം കൊണ്ടാണ് അവരെ വളർത്തിയത്. 2023ലാണ് അദ്ദേഹം തിരികെ ഇന്ത്യയിലേക്ക് മടങ്ങിയത്. ആരോഗ്യപ്രശ്നങ്ങളും രോഗബാധിതയായ അമ്മയുടെ പരിചരണവുമായി കഴിയുന്നതിനിടയിലും ഭാഗ്യത്തിലുള്ള വിശ്വാസം അദ്ദേഹം കൈവിട്ടില്ല. ഈ നേട്ടം തന്റെ കുടുംബത്തിനും ലോകമെമ്പാടുമുള്ള സ്വപ്നം കാണുന്നവർക്കുമുള്ള പ്രതീക്ഷയാണെന്നും പണം എന്തു ചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും, അതിൽ നിന്ന് നല്ലൊരു ശതമാനം ദാനം ചെയ്യണമെന്നത് മുൻപേ എടുത്ത തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. അർബുദം ബാധിച്ച കുട്ടികൾക്ക് സഹായം നൽകാൻ ആഗ്രഹമുണ്ടെന്ന് അദ്ദേഹം പങ്കുവെച്ചു.
Comments (0)