www salik gov ae : ഒരേസമയം ടോളിലും പാര്‍ക്കിംഗിലും സ്റ്റോക്ക് മാര്‍ക്കറ്റിലും ശ്രദ്ധ നേടി സാലിക്; നിങ്ങള്‍ക്ക് അറിയേണ്ടതെല്ലാം ഇതാ - Pravasi Vartha DUBAI

www salik gov ae : ഒരേസമയം ടോളിലും പാര്‍ക്കിംഗിലും സ്റ്റോക്ക് മാര്‍ക്കറ്റിലും ശ്രദ്ധ നേടി സാലിക്; നിങ്ങള്‍ക്ക് അറിയേണ്ടതെല്ലാം ഇതാ

ദുബായില്‍ ഇപ്പോഴത്തെ നിരന്തര ചര്‍ച്ചാ വിഷയമാണ് സാലിക്. ഒരാള്‍ ടോളിനെ കുറിച്ചാണെങ്കില്‍ മറ്റൊരാള്‍ പാര്‍ക്കിംഗിനെ കുറിച്ച് വേറൊരാള്‍ സ്റ്റോക്ക് മാര്‍ക്കറ്റിനെ കുറിച്ച്. ഒരേസമയം ഇവയിലെല്ലാം ശ്രദ്ധ നേടിയിരിക്കുകയാണ് സാലിക് www salik gov ae . ദുബായുടെ സ്വന്തം സാലിക്കിനെ കുറിച്ച് നിങ്ങള്‍ക്ക് അറിയേണ്ടതെല്ലാം ഇതാ. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
ദുബായ് ഉള്‍പ്പടെ 7 എമിറേറ്റുകളാണ് യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലുളളത്. ഇതില്‍ 3 എമിറേറ്റുകളിലാണ് പ്രധാന ഹൈവേകളില്‍ റോഡ് ഉപയോഗത്തിന് ടോള്‍ ഏര്‍പ്പെടുത്തിയിട്ടുളളത്. ദുബായില്‍ സാലിക്ക് ടോള്‍ ഗേറ്റുകളും അബുദബിയില്‍ ഡാര്‍ബും റാസല്‍ഖൈമയില്‍ (ട്രക്ക് പോലെയുളള വലിയ വാഹനങ്ങള്‍ക്ക് മാത്രം) ആബെറുമാണുളളത്.
ദുബായില്‍ സാലിക്ക് ഗേറ്റുകളിലൂടെയാണ് റോഡ് ടോള്‍ ഈടാക്കുന്നത്. 2024 നവംബറോടെ നിലവിലുളള 8 സാലിക്ക് ഗേറ്റുകള്‍ക്ക് പുറമെ രണ്ടു സാലിക്ക് ഗേറ്റുകള്‍ കൂടി പ്രവര്‍ത്തനസജ്ജമാകും. അല്‍ഖെയില്‍ റോഡില്‍ ബിസിനസ് ബേ ക്രോസിങ്ങിലും ഷെയ്ഖ് സായിദ് റോഡില്‍ മെയ്ദാനും അല്‍ സീഫ് സ്ട്രീറ്റിനും ഇടയിലുമാണ് (അല്‍ സഫ സൗത്ത് ടോള്‍) സാലിക്ക് ഗേറ്റുകള്‍ സ്ഥാപിച്ചത്.
സാലിക്ക് ടോള്‍ ഗേറ്റുകള്‍
ദുബായ് എമിറേറ്റിലെ പ്രധാന റോഡുകളിലൂടെ കടന്ന് പോകുന്ന വാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കുന്നതിനാണ് സാലിക്ക് ഗേറ്റുകള്‍ സ്ഥാപിച്ചിട്ടുളളത്. പണം നല്‍കാതെ പോകണമെന്നുളളവര്‍ക്ക് ബദല്‍ റോഡുകള്‍ ഉപയോഗിക്കാം. റോഡുകളിലെ ഗതാഗത നിലവാരം ഉയര്‍ത്തുന്നതിനുളള വരുമാനം വര്‍ധിപ്പിക്കുന്നതിനും ഗതാഗതതടസ്സം കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് 2007 ല്‍ എമിറേറ്റില്‍ സാലിക്ക് സ്ഥാപിച്ചത്. 2007 ല്‍ നിലവില്‍ വന്നതിനുശേഷം 36 ലക്ഷം പേരാണ് സാലിക്കില്‍ റജിസ്ട്രര്‍ ചെയ്തിട്ടുളളത്.
എത്ര തുക ഈടാക്കും?
ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ കസ്റ്റമര്‍ സര്‍വ്വീസ് സെന്ററുകളില്‍ നിന്നും, ഇമറാത്ത്, എപ്‌കോ,ഇനോക്,അഡ്‌നോക് പെട്രോള്‍ പമ്പുകളില്‍ നിന്നും, എമിറേറ്റ്‌സ് എന്‍ബിഡി, ദുബായ് ഇസ്‌ലാമിക് ബാങ്ക് ശാഖകളില്‍ നിന്നുമെല്ലാം സാലിക്ക് ടാഗുകള്‍ വാങ്ങാം. 50 ദിര്‍ഹം സാലിക്ക് ടോള്‍ ഉള്‍പ്പടെ 100 ദിര്‍ഹമാണ് ടാഗിന്റെ നിരക്ക്. വാഹനത്തിന്റെ നമ്പര്‍ മുഖേന സാലിക്ക് ബന്ധിപ്പിക്കാം. റീചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന ഈ സാലിക്ക് ടാഗുകള്‍ സ്‌കാന്‍ ചെയ്യാന്‍ കഴിയുന്ന തരത്തില്‍ വിന്‍ഡ് ഷീല്‍ഡുകളില്‍ ഒട്ടിക്കണം. റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ വഴിയാണ് ടാഗ് പ്രവര്‍ത്തിക്കുന്നത്.ഈ ഗേറ്റുവഴി കടന്നുപോകുമ്പോള്‍ ഓരോ യാത്രയ്ക്കും സാലിക്ക് കാര്‍ഡുകളില്‍ നിന്ന് നാല് ദിര്‍ഹമാണ് ഈടാക്കുക. അല്‍ ബര്‍ഷ, അല്‍ ഗര്‍ഹൂദ് ബ്രിഡ്ജ്, അല്‍ മക്തൂം ബ്രിഡ്ജ്, അല്‍ മംമ്‌സാര്‍ സൗത്ത്,അല്‍ മംമ്‌സാര്‍ നോര്‍ത്ത് അല്‍ സഫ,എയര്‍ പോര്‍ട്ട് ടണല്‍, ജബല്‍ അലി, എന്നിവയാണ് ദുബായില്‍ നിലവിലുളള 8 സാലിക്ക് ഗേറ്റുകള്‍. 2018 ല്‍ ജബല്‍ അലി സാലിക്ക് ഗേറ്റുകള്‍ സ്ഥാപിച്ചതിന് ശേഷം ഗതാഗതകുരുക്ക് 25 ശതമാനം കുറഞ്ഞുവെന്നാണ് കണക്കുകള്‍.
സാലിക്ക് ഗേറ്റുകള്‍ എവിടെയൊക്കെ?
ബിസിനസ് ബേ ക്രോസിങ്ങ്,അല്‍ സഫ സൗത്ത് സാലിക്ക് ഗേറ്റുകള്‍ കൂടി പ്രവര്‍ത്തനക്ഷമമാകുന്നതോടെ എമിറേറ്റില്‍ സാലിക്ക് ഗേറ്റുകളുടെ എണ്ണം 8 ല്‍ നിന്ന് 10 ആയി ഉയരും. പ്രധാന റോഡുകളിലെ ഗതാഗതകുരുക്ക് കുറയ്ക്കുകയെന്നുളളത് ലക്ഷ്യമിട്ടാണ് സാലിക്ക് ഗേറ്റുകള്‍ സ്ഥാപിക്കുന്നത്. സാലിക്ക് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബദല്‍ റോഡുകള്‍ ഉപയോഗിക്കാം. ഒരു മണിക്കൂറിനുളളില്‍ അല്‍ സഫ നോര്‍ത്ത്- സൗത്ത് ടോള്‍ ഗേറ്റുകള്‍ മറികടക്കുന്ന വാഹനത്തില്‍ നിന്ന് ഒരു ടോള്‍ മാത്രമെ ഈടാക്കൂ. പുതിയ ടോള്‍ ഗേറ്റുകള്‍ വരുന്നതോടെ ബദല്‍ റോഡുകളായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, ദുബായ് അലൈന്‍ റോഡ്, റാസല്‍ ഖോര്‍ റോഡ്, അല്‍ മനാമ സ്ട്രീറ്റ് എന്നിവിടങ്ങളിലൂടെയുളള ഗതാഗതം കൂടും.
ബിസിനസ് ബേ ക്രോസിങ് ജബല്‍ അലിയില്‍ നിന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലേക്കും എമിറേറ്റ്‌സ് റോഡിലേക്കുമുളള ഗതാഗതം വര്‍ധിപ്പിക്കും. ഇത് അല്‍ ഖെയ്ല്‍ റോഡിലെ ഗതാഗതകുരുക്ക് മണിക്കൂറില്‍ 15 ശതമാനവും അല്‍ റീബാ സ്ട്രീറ്റിലെ ഗതാഗതം 16 ശതമാനവും കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍. അല്‍ സഫ സൗത്ത് ഷെയ്ഖ് സായിദ് റോഡില്‍ നിന്ന് അല്‍ മെയ്ദാന്‍ സ്ട്രീറ്റിലേക്കുളള ഗതാഗതകുരുക്ക് 15 ശതമാനം കുറയ്ക്കും.അല്‍ മെയ്ദാന്‍, അല്‍ സഫ സ്ട്രീറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ഷെയ്ഖ് സായിദ് റോഡിലേക്കുള്ള ഗതാഗതകുരുക്ക് 42 ശതമാനം കുറയ്ക്കുമെന്നാണ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വിലയിരുത്തുന്നത്. നിലവിലെ ടോള്‍ ഗേറ്റുകള്‍ ഗതാഗത കുരുക്കുമൂലമുണ്ടാകുന്ന യാത്ര സമയനഷ്ടം വര്‍ഷത്തില്‍ 60 ലക്ഷം മണിക്കൂറുകള്‍ കുറച്ചുവെന്നാണ് ഗതാഗതവകുപ്പിന്റെ കണക്കുകള്‍. അല്‍ മക്തൂം, അല്‍ ഗര്‍ഹൂദ് പാലങ്ങളിലൂടെയുളള ഗതാഗത തടസ്സം 26 ശതമാനവും ഷെയ്ഖ് സായിദ്, അല്‍ ഇത്തിഹാദ് സ്ട്രീറ്റുകളിലെ ഗതാഗത തടസ്സം 24 ശതമാനവും കുറയ്ക്കാന്‍ സാധിച്ചു. ബദല്‍ റോഡുകള്‍ ഉപയോഗിക്കുന്നവര്‍ വര്‍ഷത്തില്‍ 90 ലക്ഷമായി ഉയര്‍ന്നു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ബാലന്‍സിലാതെ ഗേറ്റ് കടന്നാല്‍
സാലിക്ക് അക്കൗണ്ടില്‍ പണമില്ലാതെ ഗേറ്റ് കടന്നാല്‍ പിഴ ഈടാക്കും. എന്നാല്‍ ഇതിന് അഞ്ചു ദിവസത്തെ സമയപരിധിയുണ്ട്. അതായത് സാലിക് ഗേറ്റ് കടക്കുമ്പോള്‍ അക്കൗണ്ടില്‍ പണമില്ലെങ്കിലും അടുത്ത അഞ്ച് ദിവസത്തിനുളളില്‍ റീചാര്‍ജ് ചെയ്താല്‍ പിഴയില്‍ നിന്ന് ഒഴിവാകാം. ഇതില്‍ വീഴ്ചവരുത്തിയാല്‍ വൈകുന്ന ഓരോ ദിവസത്തിനും 50 ദിര്‍ഹമാണ് പിഴ. സാലിക്ക് ടാഗില്ലാതെയാണ് വാഹനം ഗേറ്റ് കടന്നുപോയിട്ടുളളതെങ്കില്‍ യാത്രചെയ്ത ദിവസം മുതല്‍ 10 ദിവസത്തിനുളളില്‍ ടാഗ് ആക്ടിവേറ്റ് ചെയ്തിരിക്കണം. ഒരു തവണ മാത്രമാണ് സാലിക്ക് ഗേറ്റ് കടന്നുപോയതെങ്കില്‍ വൈകുന്ന ദിവസത്തിന് 100 ദിര്‍ഹമാണ് പിഴ. ആക്ടിവേറ്റ് ചെയ്യാതെ രണ്ടാം ദിവസം ഒരു തവണ ഗേറ്റ് കടന്നാല്‍ ഇത് 200 ദിര്‍ഹമാകും. മൂന്നാം ദിവസം ഇത് 400 ദിര്‍ഹമാകും. പിന്നീടുളള ഓരോ നിയമലംഘനത്തിനും 400 ദിര്‍ഹമാണ് പിഴ ഈടാക്കുക. പിഴ സംബന്ധിച്ചുളള പരാതികള്‍ക്കും അന്വേഷണങ്ങള്‍ക്കും സാലിക്കിന്റെ കോള്‍ സെന്ററില്‍ ( 80072545) വിളിക്കാവുന്നതാണ്.
ദുബായ് മാളിലെ പേ പാര്‍ക്കിങ്
ലോകത്തെ ഏറ്റവും വലിയ മാളായ ദുബായ് മാളിലെ പേ പാര്‍ക്കിങ് സംവിധാനം സാലിക്ക് നിയന്ത്രിക്കും. ഇത് സംബന്ധിച്ച ധാരണാപത്രം 2023 ഡിസംബറിലാണ് ഒപ്പുവച്ചത്. മാളിലെത്തുന്ന സന്ദര്‍ശകരുടെ പാര്‍ക്കിങ് കാര്യക്ഷമമാക്കാന്‍ സാലിക്കിന്റെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും. ഇതോടെ പാര്‍ക്കിങ് മേഖലയിലേക്ക് കടക്കുമ്പോള്‍ വാഹനം നിര്‍ത്തി പാര്‍ക്കിങ് കാര്‍ഡുകള്‍ വാങ്ങേണ്ടതിന്റെ ആവശ്യകത ഇല്ലാതാകും. നമ്പര്‍ പ്ലേറ്റുകള്‍ തിരിച്ചറിഞ്ഞാകും സന്ദര്‍ശകരുടെ അക്കൗണ്ടില്‍ നിന്ന് പാര്‍ക്കിങ് ഫീസ് ഈടാക്കുക. 2024 പകുതിയോടെ ഇത് നിലവില്‍ വരുമെന്നാണ് കരുതുന്നത്.
ഓഹരിയെടുത്തവര്‍ ആഹ്ലാദത്തില്‍
രണ്ട് സാലിക്ക് ഗേറ്റുകള്‍ കൂടി വരുന്നതോടെ അതുവഴിയുളള യാത്രയ്ക്ക് ചെലവ് വര്‍ധിക്കും. സമയം കൂടി കണക്കാക്കുമ്പോള്‍ ബദല്‍ റോഡുകളിലൂടെയുളള യാത്ര പലര്‍ക്കും പലപ്പോഴും പ്രാവര്‍ത്തികമല്ല. ഇതോടെ സാലിക്കിനായി മാറ്റിവയ്ക്കുന്ന തുക വര്‍ധിപ്പിക്കുകയെന്നതുമാത്രമാണ് വഴി.ഇത് ചെലവ് വര്‍ധിപ്പിക്കും. സാലിക്കിന്റെ ഓഹരി വാങ്ങിയവര്‍ക്ക് പുതിയ ടോള്‍ ഗേറ്റുകള്‍ വരുന്നുവെന്നുളളത് സന്തോഷകരമായ വാര്‍ത്തയാണ്. ഓഹരിവിപണിയില്‍ സാലിക്കിന്റെ കുതിപ്പും ഈ പ്രതീക്ഷയ്ക്ക് ബലമേകുന്നു.
2022 ജൂണിലാണ് പൊതു ഓഹരി വിപണിയിലേക്ക് കടക്കുകയാണെന്ന് സാലിക്ക് പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി സാലിക്ക് പബ്ലിക് ജോയന്റ് സ്റ്റോക്ക് കമ്പനിയായി മാറിയിരുന്നു. സെപ്റ്റംബറില്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തു.സാലിക്കിന്റെ വാര്‍ഷിക വരുമാനത്തിലുണ്ടാകുന്ന വര്‍ദ്ധനവ് ഓഹരി ഉടമകള്‍ക്കും ഗുണമാകും. പുതിയ സാലിക്ക് ഗേറ്റ് പ്രഖ്യാപനം വന്നതോടെ ദുബായ് ഓഹരി സൂചികയില്‍ 0.7 ശതമാനമാണ് വര്‍ധനവുണ്ടായത്. സാലിക്കിന്റെ ഓഹരിയില്‍ 5.2 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. പുതിയ രണ്ടു സാലിക്ക് ഗേറ്റുകളില്‍ നിന്ന് 12കോടി (120 മില്യന്‍) ദിര്‍ഹം അധികവരുമാനം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

Related Posts

Leave a Reply

Your email address will not be published. Required fields are marked *