വന്‍ മഴ കെടുതി നേരിട്ട് യുഎഇയിലെ ജനങ്ങള്‍. മഴ മാറിയെങ്കിലും കെട്ടിടങ്ങളുടെ ബേസ്‌മെന്റിലെ പാര്‍ക്കിങ്ങിലെ വെള്ളം ഇനിയും ഇറങ്ങിയിട്ടില്ല. വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതു പുറത്തിറക്കാനും കഴിഞ്ഞിട്ടില്ല. മഴയ്ക്കിടെ പല സ്ഥലങ്ങളിലും പൈപ്പുകള്‍ പൊട്ടിയും വെള്ളം കയറി. കെട്ടി കിടക്കുന്ന വെള്ളം നീക്കാന്‍ രാപകല്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല dubai uae .
മഴ പെയ്യുമ്പോള്‍ വാഹനങ്ങള്‍ പുറത്തേക്കെടുക്കാന്‍ കെട്ടിടങ്ങളിലെ സെക്യൂരിറ്റി ജീവനക്കാര്‍ പറയാറുണ്ടെങ്കിലും ഇത്തവണ അത്തരം അറിയിപ്പുകള്‍ ലഭിച്ചില്ലെന്നു പലരും പറയുന്നു.
അതിരാവിലെ മഴ പെയ്തതും അതിവേഗം ശക്തിപ്രാപിച്ചതും തിരിച്ചടിയായി. റോഡുകളില്‍ വെള്ളം നിറയുന്നതു കണ്ട് പലരും വാഹനം പുറത്തിറക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ബേയ്‌സ്‌മെന്റുകള്‍ മുങ്ങിയിരുന്നു. ചിലര്‍ പാസ്‌പോര്‍ട്ടുകളും പഴ്‌സും ലാപ്‌ടോപ്പുകളും വരെ കാറുകളില്‍ സൂക്ഷിച്ചിരുന്നു. വാഹനങ്ങളുടെ കേടുപാടുകള്‍ക്കൊപ്പം ഇത്തരം നഷ്ടങ്ങളും ജനങ്ങള്‍ക്കുണ്ടായി.
വെള്ളം പൂര്‍ണമായും ഇറങ്ങിയാലും വര്‍ക്ക് ഷോപ്പില്‍ നിന്ന് ആളുകള്‍ എത്താതെ വാഹനങ്ങള്‍ പുറത്തിറക്കാന്‍ കഴിയില്ല. ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കാന്‍ വാഹനത്തിന്റെ ഫോട്ടോയും വെള്ളപ്പൊക്കത്തിന്റെ ചിത്രവും എടുത്തു സൂക്ഷിച്ചിട്ടുണ്ടെന്ന് ഉടമകള്‍ പറഞ്ഞു. പല കെട്ടിടങ്ങളിലെയും ലിഫ്റ്റുകളും പണിമുടക്കി. റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളില്‍ കഴിഞ്ഞ രണ്ടു ദിവസമായി താമസക്കാരുടെ പരാതിപ്രളയമാണ്. നഗരത്തിലെ ഒരു കെട്ടിടത്തില്‍ മാത്രം 38 വാഹനങ്ങള്‍ രണ്ടു ദിവസമായി വെള്ളത്തില്‍ മുങ്ങി കിടക്കുകയാണ്.
അതേസമയം, പൊതുനിരത്തിലെ വെള്ളക്കെട്ടുകള്‍ മാറ്റാന്‍ ഇടവേളയില്ലാതെ 24 മണിക്കൂറും സേവനവുമായി ദുബായ് മുനിസിപ്പാലിറ്റി രംഗത്തുണ്ട്. ശുചീകരണ തൊഴിലാളികള്‍ക്ക് പുറമെ പോര്‍ട്ടബിള്‍ ടാങ്കുകളും പമ്പുകളും ട്രക്കുകളും ഉപയോഗിച്ചാണ് നഗര ജീവിതം സാധാരണ നിലയിലെത്തിക്കാന്‍ ശ്രമിക്കുന്നത്.
നഗരത്തില്‍ എവിടെ വെള്ളക്കെട്ടുകള്‍ കണ്ടാലും അടിയന്തര സഹായത്തിനായി 800900 എന്ന നമ്പറില്‍ വിളിക്കാമെന്ന് നഗരസഭ അറിയിച്ചു. അടിയന്തര സഹായത്തിന് 999 നമ്പറിലും മറ്റ് സഹായങ്ങള്‍ക്ക് 901 നമ്പറിലും പൊലീസിനെ ബന്ധപ്പെടാം. കാലാവസ്ഥ വ്യതിയാനവും വെള്ളക്കെട്ടുകളും കാരണം മിതമായ വേഗത്തില്‍ വാഹനമോടിക്കണമെന്ന് ദുബായ് പൊലീസും അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo