യുഎഇയില്‍ പുതിയൊരു മെഗാ എയര്‍പോര്‍ട്ട് വരുന്നു. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് (ഡി.എക്‌സ്.ബി.) പകരം വമ്പന്‍ വിമാനത്താവളം (മെഗാ എയര്‍പോര്‍ട്ട്) dubai airport സ്ഥാപിക്കാന്‍ നീക്കം. ദുബായ് എയര്‍പോര്‍ട്ട്സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പോള്‍ ഗ്രിഫിത്ത്സ് ആണ് ഇക്കാര്യമറിയിച്ചത്. പ്രതിവര്‍ഷം ഏകദേശം 12 കോടി യാത്രക്കാര്‍ എന്നതാണ് ദുബായ് വിമാനത്താവളത്തിലെ നിലവിലെ പരമാവധി ശേഷി. ഈ വര്‍ഷം അവസാനം യാത്രക്കാരുടെ എണ്ണം റെക്കോഡ് തകര്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യാത്രക്കാരുടെ തിരക്കേറിയതോടെയാണ് മെഗാ എയര്‍പോര്‍ട്ട് എന്ന ആവശ്യത്തിലെത്തിയത്. അടുത്ത ഏതാനും മാസങ്ങള്‍ക്കകം ഇതിന്റെ പ്രാരംഭ നടപടികള്‍ ആരംഭിക്കും. 2030-ല്‍ വിമാനത്താവളം യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷയെന്നും പോള്‍ ഗ്രിഫിത്ത്സ് പറഞ്ഞു.
നിലവിലെ വിമാനത്താവളത്തിലെ സൗകര്യങ്ങളും സാങ്കേതിക വിദ്യകളും കൂടുതല്‍ നവീകരിക്കുമെന്നും പോള്‍ ഗ്രിഫിത്ത്സ് പറഞ്ഞു. ടെര്‍മിനല്‍ രണ്ട്, മൂന്ന് എന്നിവിടങ്ങളിലായിരിക്കും പ്രാരംഭഘട്ടത്തില്‍ നവീകരണം നടപ്പാക്കുക. യാത്രക്കാര്‍ക്കായി ചെക്ക്-ഇന്‍, ഇമിഗ്രേഷന്‍ പ്രക്രിയകള്‍ സംയോജിപ്പിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വര്‍ഷം മൂന്നാംപാദത്തില്‍ 2.29 കോടി യാത്രക്കാരാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്രചെയ്തത്. 2019-ന് ശേഷം ആദ്യമായാണ് ഇത്രയേറെ യാത്രക്കാര്‍ കടന്നുപോയത്. ഈ വര്‍ഷം ആദ്യ ഒമ്പത് മാസങ്ങളില്‍ ദുബായ് ടൂറിസം മേഖലയിലും റെക്കോഡ് വിനോദസഞ്ചാരികളാണ് എത്തിയത്. ഏകദേശം 1.24 കോടി സഞ്ചാരികള്‍ ദുബായിലെത്തി.
ഇന്ത്യയില്‍നിന്നാണ് ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികളെത്തിയത് – ഏകദേശം 89 ലക്ഷം പേര്‍. തൊട്ടുപിന്നില്‍ സൗദി അറേബ്യ (48 ലക്ഷം), യു.കെ. (44 ലക്ഷം), പാകിസ്താന്‍ (31 ലക്ഷം), യു.എസ്. (27 ലക്ഷം), റഷ്യ (18 ലക്ഷം) എന്നിവയാണ്. ഈ വര്‍ഷം ഇതുവരെ ദുബായ് വിമാനത്താവളം 5.75 കോടി ബാഗുകള്‍ കൈകാര്യം ചെയ്തു. കൂടാതെ പാസ്‌പോര്‍ട്ട് നിയന്ത്രണ നിരയിലെ ശരാശരി കാത്തിരിപ്പ് സമയം 96.4 ശതമാനം വരുന്ന യാത്രക്കാര്‍ക്ക് 11 മിനിറ്റില്‍ താഴെ മാത്രമായിരുന്നു. കൂടാതെ 98.4 ശതമാനം യാത്രക്കാര്‍ക്കും സുരക്ഷാ പരിശോധനയിലെ ശരാശരി കാത്തിരിപ്പ് ഏതാണ്ട് നാല് മിനിറ്റില്‍ താഴെ മാത്രമായിരുന്നു. കാര്‍ഗോ നീക്കം ഈ വര്‍ഷം മൂന്നാം പാദത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 12.3 ശതമാനം വര്‍ധന രേഖപ്പെടുത്തി ഏതാണ്ട് 4,46,400 ടണ്ണിലെത്തിയതായും അധികൃതര്‍ വ്യക്തമാക്കി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo