ലോകത്ത് ആദ്യമായി പറക്കും കാറുകളുടെ മത്സരം റേസിങ് flying car നടത്താനൊരുങ്ങി യുഎഇ. ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന പറക്കും കാറുകള്‍ നിര്‍മിക്കുന്ന ഫ്രഞ്ച് കമ്പനിയായ മെക്ക ഫ്‌ലൈറ്റിന്റെ സി.ഇ.ഒ ക്രിസ്റ്റ്യന്‍ പിനിയ ആണ് കഴിഞ്ഞ ദിവസം ഇക്കാര്യം വെളിപ്പെടുത്തിയത്. 2025ന്റെ അവസാനത്തോടെ പറക്കും റേസിങ് ചാമ്പ്യന്‍ഷിപ് നടത്താനാണ് പദ്ധതി. ദുബൈയിലോ അല്ലെങ്കില്‍ യു.എ.ഇയിലെ മറ്റെവിടെയെങ്കിലുമായിരിക്കും മത്സര വേദി. സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ പദ്ധതിക്ക് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
റെഡ്ബുളുമായി സഹകരിച്ചാണ് മക്ക ഫ്‌ലൈറ്റ് റേസിങ് സംഘടിപ്പിക്കുന്നത്. ഒന്നു രണ്ടു മാസം നീളുന്ന പരീക്ഷണ പറക്കലുകള്‍ പൂര്‍ത്തിയായാല്‍ ഹൈഡ്രജനില്‍ പ്രവര്‍ത്തിക്കുന്ന പറക്കും കാറുകള്‍ പുറത്തിറങ്ങും. ഈ കാറുകള്‍ വാങ്ങുന്നവര്‍ക്കുള്ള പരിശീലനവും മക്ക സംഘടിപ്പിക്കും. സ്വന്തം റേസിങ് കാറുകളുടെ പരീക്ഷണം ആഗ്രഹിക്കുന്നവര്‍ക്കുള്ള റേസിങ് ട്രാക്ക് കമ്പനി നല്‍കും. ഹെലികോപ്ടര്‍ പൈലറ്റുമാരെ പോലെ പരിശീലനം ആവശ്യമായ ഒന്നാണിതെന്നും അദ്ദേഹം പറഞ്ഞു.
7.34 ദശലക്ഷം ദിര്‍ഹം വിലയുള്ള പറക്കും കാറുകളാണ് മത്സരത്തില്‍ പങ്കെടുക്കുക. ഒരാള്‍ക്ക് മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന കാറുകള്‍ക്ക് ഭൂമിയില്‍നിന്ന് 4-5 മീറ്റര്‍ ഉയരത്തില്‍ പറക്കാന്‍ കഴിയും. മണിക്കൂറില്‍ 250 കിലോമീറ്ററാണ് പരമാവധി വേഗം. ആദ്യ റേസില്‍ എട്ടിനും പത്തിനും ഇടയിലുള്ള മത്സരാര്‍ഥികളായിരിക്കും പങ്കെടുക്കുക. ഭൂമിയില്‍നിന്ന് അഞ്ചു മീറ്റര്‍ മാത്രം ഉയരത്തില്‍ പറക്കുന്നതിനാല്‍ കാണികള്‍ക്ക് മത്സരം കാണാന്‍ കഴിയും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo