ദുബായ് ഷെയ്ഖ് സായിദ് റോഡ് നാളെ അടയ്ക്കും. ദുബായ് റൈഡ് സൈക്ലിംഗ് ഇവന്റിന്റെ ഭാഗമായാണ് ദുബായിലെ പ്രധാന റോഡ് അടച്ചിടുന്നത്. നവംബര്‍ 12 ഞായറാഴ്ച രാവിലെ ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ട് മുതല്‍ സഫ പാര്‍ക്ക് ഇന്റര്‍ചേഞ്ച് (രണ്ടാം ഇന്റര്‍ചേഞ്ച്) വരെയുള്ള രണ്ട് ദിശകളിലും ഷെയ്ഖ് സായിദ് റോഡിന്റെ sheikh zayed road ഒരു ഭാഗത്തും കാറുകള്‍ അനുവദിക്കില്ല.
ലോവര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്ട്രീറ്റ്, ട്രേഡ് സെന്റര്‍ സ്ട്രീറ്റ് എന്നിവയും അടച്ചിടും. റോഡുകള്‍ എത്രനേരം അടച്ചിടുമെന്ന് അധികൃതര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ വര്‍ഷം പുലര്‍ച്ചെ 4 മുതല്‍ രാവിലെ 9 വരെ അഞ്ച് മണിക്കൂര്‍ അടച്ചിരുന്നു. ദുബായ് റൈഡ് രാവിലെ 6.15 മുതല്‍ 8.15 വരെയാണ് നടക്കുന്നത്.
വാഹനമോടിക്കുന്നവര്‍ അവരുടെ യാത്രകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു. അല്‍ ഹാദിഖ സ്ട്രീറ്റ്, അല്‍ വാസല്‍ സ്ട്രീറ്റ്, അല്‍ ഖൈല്‍ റോഡ്, അല്‍ മൈദാന്‍ സ്ട്രീറ്റ്, അല്‍ അസയേല്‍ സ്ട്രീറ്റ്, 2nd സഅബീല്‍ സ്ട്രീറ്റ്, 2nd ഡിസംബര്‍ സ്ട്രീറ്റ്, അല്‍ മുസ്തഖ്ബാല്‍ സ്ട്രീറ്റ് എന്നിവ ബദല്‍ റൂട്ടുകളായി ഉപയോഗിക്കാമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു.
ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 2017-ല്‍ ആരംഭിച്ച ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ (ഡിഎഫ്സി) ഭാഗമായാണ് ദുബായ് റൈഡ് നടക്കുന്നത്. മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍, ദുബായ് വാട്ടര്‍ കനാല്‍, ബുര്‍ജ് ഖലീഫ, ഷെയ്ഖ് സായിദ് റോഡിലെയും ഡൗണ്‍ടൗണ്‍ ദുബായിലെയും മറ്റ് ആകര്‍ഷണങ്ങള്‍ എന്നിവയുള്‍പ്പെടെ ദുബായുടെ ഐക്കണിക് ലാന്‍ഡ്മാര്‍ക്കുകള്‍ ആസ്വദിക്കാന്‍ കഴിയുന്ന അനുയോജ്യമായ രണ്ട് സൈക്ലിംഗ് റൂട്ടുകള്‍ ഇതിലുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ദുബായ് റൈഡ് എഡിഷനില്‍ 34,897 സൈക്ലിസ്റ്റുകള്‍ പങ്കെടുത്തിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/KcfknpACgyY38jcrgxM60u