രാജ്യത്തെ വികസന മുന്നേറ്റത്തിനായി 10 സുപ്രധാന തത്വങ്ങള്‍ അംഗീകരിച്ച് യുഎഇ. അബുദാബിയില്‍ നടന്ന സര്‍ക്കാര്‍ സമ്മേളനത്തിലാണ് സാമ്പത്തിക തത്വങ്ങള്‍ അംഗീകരിച്ചതെന്ന് വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം uae government പറഞ്ഞു.
ആഗോള വ്യാപാരത്തെ സ്വാഗതം ചെയ്യുന്ന തുറന്ന സമ്പദ്വ്യവസ്ഥ, മികച്ച പ്രതിഭകളെ ആകര്‍ഷിക്കുക, ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയില്‍ നിക്ഷേപം നടത്തുക, യുവജനങ്ങള്‍ക്ക് വൈവിധ്യമാര്‍ന്ന അവസരങ്ങള്‍ നല്‍കുക, സുസ്ഥിരവും സന്തുലിതവുമായ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുക, ധനകാര്യ സംവിധാനങ്ങള്‍ സംരക്ഷിക്കുക, സാമ്പത്തിക വികസന തുടര്‍ച്ച, സുതാര്യത, വിശ്വാസ്യത, നിയമവാഴ്ച, ശക്തവും വിശ്വാസ യോഗ്യവുമായ ബാങ്കിങ് സംവിധാനം, ലോകോത്തര ലോജിസ്റ്റിക്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയാണ് സുപ്രധാന നിര്‍ദേശങ്ങള്‍. വികസനം ശക്തിപ്പെടുത്തി വളര്‍ച്ചയുടെ പുതിയ തലങ്ങളിലേക്ക് മുന്നേറാന്‍ ഇതു അനിവാര്യമാണെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ശക്തമായ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, സുരക്ഷിത സംവിധാനങ്ങള്‍, സുതാര്യ നിയമനിര്‍മാണം, ഭാവി ചിന്ത എന്നിവയുള്ള യുഎഇയെ ആഗോള സമ്പദ്വ്യവസ്ഥയുടെ മുന്‍നിരയിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
തത്വങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാനും നയങ്ങളിലും നിയമനിര്‍മാണങ്ങളിലും പുതിയ സാമ്പത്തിക സംരംഭങ്ങളിലും വഴികാട്ടിയാകാനും അഭ്യര്‍ഥിച്ചു. ഏകീകൃത സാമ്പത്തിക, നിക്ഷേപ ലക്ഷ്യസ്ഥാനമായി യുഎഇ കെട്ടിപ്പടുക്കുമെന്നും പറഞ്ഞു.
സാമ്പത്തിക വളര്‍ച്ച-വികസനം, യുവാക്കളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, സുസ്ഥിര പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുക എന്നീ 3 കാര്യങ്ങള്‍ക്കാകും മുന്‍ഗണനയെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.
8 വര്‍ഷത്തിനകം മൊത്തം ആഭ്യന്തര ഉല്‍പാദനം ഇരട്ടിയാക്കുകയാണ് ലക്ഷ്യമെന്ന് അബുദാബിയില്‍ സര്‍ക്കാര്‍ വാര്‍ഷിക സമ്മേളനത്തില്‍ വ്യക്തമാക്കി. യുവാക്കളുടെ സംരംഭങ്ങള്‍ക്കു പിന്തുണ നല്‍കുമെന്നും മികച്ച ഭാവി ഉറപ്പാക്കാന്‍ തൊഴിലവസരങ്ങള്‍ നല്‍കുമെന്നും പറഞ്ഞു. ഒരു രാഷ്ട്രത്തിന്റെയും നേതൃത്വത്തിന്റെയും പതാകയുടെയും കീഴില്‍ ഒന്നിച്ച് കൂട്ടായ പുരോഗതിക്കും ഐക്യത്തിനും വേണ്ടിയുള്ള സഹകരണത്തിന്റെ പ്രാധാന്യവും വിശദീകരിച്ചു.
കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. കാര്‍ബണ്‍ ന്യൂട്രാലിറ്റി, വിവിധ രാജ്യങ്ങളുമായുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുകളുടെ സ്വാധീനം, നിയമനിര്‍മാണ, ജുഡീഷ്യല്‍ മേഖലകളിലെ പ്രധാനസംഭവവികാസങ്ങളും ഭേദഗതികളും യോഗം അവലോകനം ചെയ്തു. അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഡിജിറ്റല്‍ പരിവര്‍ത്തനം, കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യസുരക്ഷ, ആരോഗ്യം, പാര്‍പ്പിടം എന്നീ മേഖലകളും ശക്തിപ്പെടുത്തും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/KcfknpACgyY38jcrgxM60u