യുഎഇയില്‍ അറിവില്ലായ്മ കൊണ്ടും മറ്റുള്ളവര്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ കൊണ്ടും നിയമ കുരുക്കില്‍ പെടുന്നത് നിരവധി പ്രവാസികളാണ്. ഡ്രൈവിങ് ലൈസന്‍സില്ലാതെയും മദ്യപിച്ചും വാഹനമോടിക്കുക, പൊതു സ്ഥലങ്ങളില്‍ അനുവാദമില്ലാതെ ഫൊട്ടോയെടുക്കുക, സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തി പരത്തുക, സ്വദേശികളുടെ വസ്ത്രധാരണ രീതി ദുരുപയോഗം ചെയ്യുക, സിഐഡി ചമഞ്ഞ് തട്ടിപ്പ്, ലഹരിയുപയോഗം, എടിഎം മെഷീനില്‍ പണമയക്കാന്‍ സഹായം, കള്ള ടാക്‌സിയില്‍ യാത്ര, വാഹനം കൈമാറല്‍, കമ്പനി രേഖകള്‍ ഷെയര്‍ ചെയ്യല്‍ തുടങ്ങിയ ഒട്ടേറെ കുറ്റകൃത്യങ്ങളില്‍ പെട്ടുപോകുന്ന മലയാളികളടക്കം ഇന്ത്യക്കാര്‍ ഒരുപാടുപേര്‍. ഗൗരവപരമായ കുറ്റകൃത്യങ്ങളെന്ന് അറിഞ്ഞോ അറിയാതെയോയാണ് dubai contract law പലരും ഇതില്‍ ഉള്‍പ്പെടുന്നത്. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/FyBPePglCnsDWrIz62s5J9
വിദേശത്തു വളരുന്ന യുവതലമുറ അവരുടെയോ അവരുടെ രക്ഷിതാക്കളുടെയോ ശ്രദ്ധക്കുറവ് കൊണ്ട് നേരിടുന്ന നിയമപ്രശ്‌നങ്ങള്‍ ഒട്ടേറെ. കൂടാതെ, യുഎഇയെക്കുറിച്ചോ ഇവിടുത്തെ നിയമങ്ങളോ നിബന്ധനകളോ അറിയാതെ സന്ദര്‍ശക വീസയില്‍ തൊഴില്‍ തേടിയെത്തി ഏജന്റുമാരുടേയും മറ്റു ചതിയില്‍പ്പെട്ട് വീസാ കാലാവധി കഴിഞ്ഞ് അനധികൃതമായി താമസിക്കുന്നവരും ഏറെ. ഇതേ തുടര്‍ന്ന് പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ ഒരിക്കലും മറ്റുള്ളവരുടെ വാക്ക് കേട്ട് മുന്നോട്ടു പോകാതെ നിയമോപദേശകരെ സമീപിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും അല്ലെങ്കില്‍ ഊരിപ്പോകാനാകാത്തവിധം പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായി ജീവിതം ദുരിതമയമാകുമെന്നും യുഎഇയിലെ പ്രമുഖ അഭിഭാഷക പറയുന്നു:
അനുവാദമില്ലാതെ ഫൊട്ടോയെടുക്കല്‍
മാളുകളിലോ, ബീച്ചുകളിലോ, സമാനമായ തിരക്കുള്ള മറ്റു സ്ഥലങ്ങളിലോ വിഡിയോ, ഫൊട്ടോ എന്നിവ അനുവാദം ഇല്ലാതെ എടുക്കുകയോ, അത് സമൂഹമാധ്യമം വഴി പ്രചരിപ്പിക്കുകയോ ചെയുന്നത് കടുത്ത നിയമ പ്രശ്‌നത്തിലേയ്ക്കു നിങ്ങളെ കൊണ്ട് ചെന്നെത്തിക്കും. അത് സ്ത്രീകളുടേതാകുമ്പോള്‍ നിയമക്കുരുക്കു മുറുകും. അടുത്തിടെയായി നാട്ടില്‍ പോകുന്നതിനായുള്ള സാധനങ്ങള്‍ വാങ്ങാന്‍ ഷോപ്പിങ് മാളില്‍ പോയ യുവാവ് സാധനം തിരഞ്ഞെടുക്കുന്നതിനായി ഫൊട്ടോയും വിഡിയോയും എടുക്കുകയും യുവാവിന് നിയമപ്രശ്‌നം നേരിടേണ്ടി വരികയും ചെയ്തു. വളരെ നിസാരമായി നമുക്ക് തോന്നുന്ന കാര്യമാണെങ്കിലും യുവാവ് നേരിട്ട നിയമ പ്രശ്‌നം വളരെ വലുതായിരുന്നു. ഫൊട്ടോയെടുത്തപ്പോള്‍ ദൃശ്യത്തില്‍ അവിടെ ഷോപ്പിങ് നടത്തുകയായിരുന്ന ഒരു യുവതിയുടെ ദൃശ്യം പെടുകയും യുവതി പരാതിപ്പെട്ടതിനാല്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മൊബൈല്‍ ഫോണ്‍ പൊലീസ് പരിശോധിച്ചപ്പോള്‍ ഫൊട്ടോയിലും വിഡിയോയിലും യുവതിയുടെ മുഖം കാണുകയും അയാള്‍ക്ക് എതിരെ കര്‍ശനമായ നിയമനടപടി ഉണ്ടാവുകയും ചെയ്തു.
അതുകൊണ്ട് ഇങ്ങനെയുള്ള മാളുകള്‍, ബീച്ച്, തിരക്കുള്ള സ്ഥലം എന്നീ പൊതുയിടങ്ങളില്‍ സാധാരണക്കാര്‍ ആയ ആളുകള്‍ ഫൊട്ടോ, വിഡിയോ എന്നിവ എടുക്കുമ്പോള്‍ മൂന്നാമതൊരാളുടെ(third party) ദൃശ്യം പെടാതെ, സൂക്ഷിച്ചു ചെയ്തില്ലെങ്കില്‍ ഡിപോര്‍ട്ടേഷന്‍ വരെയുള്ള നിയമനടപടികള്‍ ഉണ്ടായേക്കാം.
സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തി
സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിയേയോ, കമ്പനിയെയോ, ഏതെങ്കിലും മതത്തെ പറ്റിയോ എന്തെങ്കിലും തരത്തിലുള്ള പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുകയോ, ടാഗ്, ചെയുകയോ, ഫോര്‍വേര്‍ഡ് ചെയ്യുകയോ യുഎഇ നിയമപ്രകാരം ഗുരുതര കുറ്റമാണ്.
ഫെയ്‌സ് ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ് എന്നിവയില്‍ കൂടി ഇത്തരത്തിലുള്ള വാര്‍ത്തകളോ, ഭീഷണിയോ മറ്റോ സ്ഥാപനത്തെ പറ്റിയോ, വ്യക്തികളേക്കുറിച്ചോ, മതത്തെപ്പറ്റിയോ ഒരിക്കലും ഫോര്‍വേര്‍ഡ് ചെയ്യാനോ ടാഗ് ചെയ്യാനോ പാടുള്ളതല്ല.
പൊതുവായി ആള്‍ക്കാര്‍ക്ക് സംഭവിക്കുന്നത് അവരുടെ അഭിപ്രായങ്ങള്‍ സമൂഹമാധ്യമത്തില്‍ കൂടി എഴുതുക, അത് പോസ്റ്റ് ചെയ്തു വേറെ ഗ്രൂപ്പിലേയ്ക്കും ഷെയര്‍ ചെയുക എന്നതാണ്. പക്ഷേ അങ്ങനെ ചെയ്യുന്നവര്‍ ഒന്നോര്‍ക്കുക, ആ സ്ഥാപനത്തിനോ, വ്യക്തിക്കോ ഉള്ള മനനഷ്ടത്തിന് നിങ്ങള്‍ക്ക് എതിരെ കേസ് വരികയും അതിനു ഭീമമായ തുക പിഴയൊടുടുക്കേണ്ടി വരികയും ചെയ്യും. ജയിലില്‍ വരെ എത്താനുള്ള കേസാണിത്.
സ്വദേശികളുടെ വസ്ത്രധാരണ രീതി ദുരുപയോഗപ്പെടുത്തല്‍
പുതിയ തലമുറ ദുരുപയോഗം ചെയ്തുവരുന്ന, എന്റെ ശ്രദ്ധയില്‍പ്പെട്ട മറ്റൊരു നിയമലംഘനം സ്വദേശികളുടേയും അറബികളുടേയും പരമ്പരാഗത വസ്ത്രധാരണരീതിയുടെ ദുരുപയോഗമാണ്. ഇവിടെ സ്വദേശികള്‍ ധരിക്കുന്ന വസ്ത്രം ഒരു വിഭാഗം പ്രവാസികള്‍ ധരിച്ച് പല രീതിയില്‍ ദുരുപയോഗം ചെയ്യുന്നു. ഇത് അധികൃതരുടെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്. യുഎഇ- അറബ് സംസ്‌കാരത്തെ തെറ്റായ രീതിയില്‍ വ്യാഖ്യാനം ചെയ്യുന്നതും കടുത്ത നിയമലംഘനമാകുന്നു.
എടിഎം മെഷീനില്‍ പണമയക്കാന്‍ സഹായം
എടിഎം മെഷീനിന് മുന്നില്‍ നില്‍ക്കുമ്പോള്‍ അപരിചിതര്‍ ആരെങ്കിലും സമീപിച്ച് അവരുടെ കൂടി പണം അടച്ചു തരുമോ എന്ന് ചോദിക്കാറുണ്ട്. ഒരു സഹായമല്ലേ എന്ന് കരുതി നമ്മളത് ചെയ്തുകൊടുകകും. പക്ഷേ നമ്മുടെ എമിറേറ്റ്‌സ് ഐഡി വച്ച് നമ്മള്‍ അറിയാത്ത ഒരാള്‍ക്ക് പണം അയച്ചു കൊടുക്കുമ്പോള്‍ ആ ആള്‍ കുറ്റകൃത്യ പശ്ചാത്തലം ഉള്ളവര്‍ ആണോ എന്നും വല്ല ലഹരിമരുന്ന് സംഘാംഗമാണോ എന്നും അറിയില്ല. അവര്‍ പിന്നീടെപ്പോഴെങ്കിലും പിടിയിലാല്‍പ്പോലും നമ്മള്‍ കൂടി അറിയാതെ അതില്‍ ഒരു കണ്ണിയാകും. അങ്ങനെ സമീപിക്കുന്നവരോട് മുഖം നോക്കാതെ നോ പറയാന്‍ തയ്യാറാകണം. അല്ലാത്തപക്ഷം അറിയാതെ ചെയ്ത തെറ്റിന് ജയിലിലാകും. ഇങ്ങനെയുള്ള കേസുകള്‍ നിരന്തരം സംഭവിക്കുകയും അത് എന്നിലേയ്‌ക്കെത്തുകയും ചെയ്യുന്നുണ്ട്. 25 വര്‍ഷം വരെ ജയില്‍ ശിക്ഷ കിട്ടുന്ന കുറ്റകൃത്യമാണിത്. യുഎഇയിലേക്ക് ഇനിയൊരിക്കലും തിരിച്ചുവരാനാകാത്ത വിധം ഡിപോര്‍ട്ടേഷനും നേരിടണം.
സന്ദര്‍ശക വീസയിലെത്തി താമസ മുറി പങ്കിടുമ്പോള്‍ ശ്രദ്ധിക്കുക
നാട്ടില്‍ നിന്ന് സന്ദര്‍ശക വീസയില്‍ യുഎഇയിലെത്തി ഇവിടെനിന്ന് പരിചയപ്പെടുന്നവരുടെ കൂടെ താമസ മുറി പങ്കിട്ട് കുടുക്കിലായവരും ഒട്ടേറെ. ഒരു ദിവസം മുറി പൊലീസ് റെയ്ഡ് നടത്തുമ്പോഴാണ് താന്‍ താമസിച്ചിരുന്നത് ക്രിമിനലുകളുടെ കൂടെയാണെന്ന് മനസിലാകുന്നത്. അങ്ങനെ അറിയാതെ ആ മാഫിയയുടെ കണ്ണിയാവുകയും ഒരു തെറ്റും ചെയ്യാതെ സി ഐഡികളുടെ പിടിയിലായി നിയമക്കുരുക്കില്‍പ്പെട്ട ഒത്തിരി പേരും യുഎഇ ജയിലിലുണ്ട്. അവര്‍ അവരുടെ നിരപരാധിത്വം തെളിയിച്ചാല്‍ മാത്രമേ ഇതില്‍ നിന്ന് രക്ഷ നേടാന്‍ സാധിക്കുകയുള്ളൂ.
കള്ള ടാക്‌സിയില്‍ യാത്ര ചെയ്യരുത്
വേറെ ചിലര്‍ക്ക് പറ്റുന്ന അബദ്ധം യുഎഇയിലെ കള്ളടാക്‌സി(അനധികൃത ടാക്‌സി)കളിലും പ്രൈവറ്റ് ടാക്‌സികളിലും യാത്ര ചെയ്ത് പിടിയിലാകുന്നതാണ്. ആരുടെ കൂടെയെങ്കിലും യാത്ര ചെയ്യുമ്പോഴാണ് മിക്കപ്പോഴും ആളുകള്‍ കുടുങ്ങുന്നത്. അപരിചിതരായ ആളുകള്‍ ഒന്നിച്ച് ടാക്‌സിയില്‍ യാത്ര ചെയുന്നത് യുഎഇ നിയമ പ്രകാരം കുറ്റകരമാണ്. പിടിച്ചാല്‍ വാഹന ഉടമയ്ക്ക് കടുത്ത ശിക്ഷയും പിഴയും ലഭിക്കും. ഇത്തരം കള്ള ടാക്‌സികളില്‍ ഷെയര്‍ ചെയ്തു യാത്ര ചെയ്യുന്നവര്‍ ഏത് തരക്കാര്‍ ആണ് എന്ന് ഒരറിവും ഇല്ലാത്തതാണ് പ്രശ്‌നങ്ങളാകുന്നത്.
പിടിക്കപ്പെട്ടാല്‍ വാഹനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ആ കുറ്റത്തില്‍ പങ്കാളികളാകുകയും ശിക്ഷ ലഭിക്കുകയും ചെയ്യുന്നു. നിരപരാധിത്വം തെളിയിക്കേണ്ടത് നിങ്ങളുടെ മാത്രം ഉത്തരവാദിത്വമാണ്. കുറഞ്ഞ സാമ്പത്തിക ലാഭത്തിനു വേണ്ടി നിങ്ങള്‍ ഇങ്ങനെ ചെയുമ്പോള്‍ ജോലിയും സ്ഥിരവരുമാനവുമെല്ലാമാണ് നഷ്ടപ്പെടുത്തുന്നത് എന്നോര്‍ക്കുക. കൂടാതെ, ജയിലിലാവുകയും ഡിപോര്‍ട്ടേഷന്‍ നേരിടേണ്ടി വരികയും ചെയ്യുന്നു.
കമ്പനി രേഖകള്‍ ഷെയര്‍ ചെയ്യുന്നതും പ്രശ്‌നം
ഒരു കമ്പനിയില്‍ നമ്മള്‍ ജോലി ചെയുമ്പോള്‍ അവിടുത്തെ പ്രധാനപ്പെട്ട രേഖകള്‍ ഒരു കാരണവശാലും മറ്റൊരു കമ്പനിയുമായി പങ്കുവയ്ക്കാനോ മറ്റോ പാടുള്ളതല്ല. അങ്ങനെ വാട്‌സാപ്പ്, ഇമെയില്‍ വഴി ചോര്‍ത്തിക്കൊടുക്കുന്നത് യുഎഇ നിയമ പ്രകാരം വലിയ കുറ്റമാണ്.
ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെ വണ്ടി ഓടിക്കുക
യുഎഇ നിയമ പ്രകാരം ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കാന്‍ പാടുള്ളതല്ല. വളരെയേറെ ഇന്ത്യക്കാര്‍ നിയമം ലംഘിച്ച് വാഹനം ഓടിച്ചു നിയമക്കുരുക്കില്‍ പെടുന്നുണ്ട്. യുവതലമുറയാണ് ഇപ്രകാരം കൂടുതലും നിയപ്രശ്‌നത്തില്‍പ്പെടുന്നത്. മാതാപിതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ വാഹനം എടുത്ത് പുറത്തു പോകുകയും പിന്നീട് പൊലീസ് പിടിയിലാവുകയോ, അപകടമോ, അപകടമരണമോ സംഭവിക്കുകയും ചെയുമ്പോള്‍ മാത്രമാണ് പലരും ഉണരുന്നത്. ഇങ്ങനെ ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷയും പിഴയും സംഭവത്തിന്റെ ഗൗരവം അനുസരിച്ചു ഡിപോര്‍ട്ടേഷനും(സ്വന്തം നാട്ടിലേയ്ക്ക് കയറ്റിയയക്കല്‍) വരെ ശിക്ഷ ലഭിക്കാറുണ്ട്.
മദ്യപിച്ചു വാഹനം ഓടിക്കുന്നത് യുഎഇ നിയമ പ്രകാരം കഠിന ശിക്ഷാര്‍ഹം ആണ്. ഏറ്റവും കൂടുതല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്യുന്നത് മദ്യപിച്ചു വാഹനം ഓടിക്കുന്നതിന്റെ പേരിലാണ്. പൊലീസ് പരിശോധനയിലോ, വാഹനാപകടത്തെ തുടര്‍ന്നോ ആണ് ഇത്തരക്കാര്‍ പിടിയിലാകുന്നത്. അടുത്തിടെ ഇത്തരത്തില്‍ പൊലീസ് പിടിയിലായ ഒരാള്‍ പറഞ്ഞത്, ബിയര്‍ മാത്രമേ കുടിച്ചിട്ടുണ്ടായിരുന്നുള്ളൂ എന്നാണ്. പക്ഷേ, ബിയറിലും ആള്‍ക്കഹോള്‍ ഉള്ളത് കൊണ്ട് അതിന് ഒരു ഒഴുകിഴിവ് ലഭിക്കുകയില്ല. ഇത്തരം കുറ്റങ്ങള്‍ക്ക് തടവും പിഴയും ഡിപോര്‍ട്ടേഷനുമാണ് ശിക്ഷ. ചിലര്‍ ഇത്തരം കേസുകളെ നിസാരമായി കാണുകയും സ്വയമോ സുഹൃത്തുക്കളുടെ ഉപദേശപ്രകാരമോ കൈകാര്യം ചെയ്ത് കൂടുതല്‍ പ്രതിസന്ധിയില്‍പ്പെടുന്നു. ഡിപോര്‍ട്ടേഷന്‍ വിധിയുണ്ടാകുമ്പോഴാണ് പലര്‍ക്കും ബോധോധയമുണ്ടായി തന്നെ സമീപിക്കുന്നതെന്ന് അഡ്വ.പ്രീത പറയുന്നു. മദ്യപിച്ച് വാഹമോടിക്കുന്നവര്‍ ഒന്നു മനസിലാക്കുക നിങ്ങള്‍ കാരണം മറ്റുവരുടെ ജീവനാണ് ഹാനിയുണ്ടാകുന്നത്. കൂടാതെ, ഗുരുതര പരുക്കേല്‍ക്കുന്ന പലരും ജീവിതകാലം മുഴുവനും കിടപ്പിലാകുന്ന അവസ്ഥയുമുണ്ട്.
വാഹനം കൈമാറി കുടുക്കില്‍
സാധാരണയായി അധികമാളുകളും ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണു സ്വന്തം വാഹനം മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ കൊടുക്കുന്നത്. സുഹൃത്തുക്കള്‍, പരിചയക്കാര്‍ എന്നിവര്‍ക്ക് ഒരു ആലോചനയുമില്ലാതെയാണ് കൈമാറുക. എന്നാല്‍ അവര്‍ എന്ത് ചെയുന്നു എന്ന് ചിന്തിക്കുന്നില്ല. അടുത്തിടെ ഇത്തരമൊരു കേസ് ഞാന്‍ കൈകാര്യം ചെയ്യാനിടയായി. കേസില്‍പ്പെട്ടയാള്‍ തന്റെ കല്യാണം തീരുമാനിച്ച പ്രകാരം നാട്ടില്‍ പോകാന്‍ ടിക്കറ്റെടുത്ത് എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ് അയാളുടെ പേരില്‍ കേസ് ഉണ്ടെന്ന് അറിഞ്ഞത്. എന്നാല്‍ കേസ് അയാളുടെ വാഹനത്തിന്റെ പേരിലായിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്ന് നേരെ അയാളെ ജയിലിലേയ്ക്ക് കൊണ്ട് പോയി. വിശദമായി അന്വേഷണം നടത്തിയപ്പോള്‍ അറിയാന്‍ കഴിഞ്ഞത്, അയാളുടെ സുഹൃത്ത് ആ വണ്ടി പല സ്ഥലത്തും കളവ് നടത്താന്‍ ഉപയോഗിച്ചിരുന്നു എന്ന്!. വളരെ അടുപ്പം കാണിച്ച ആ സുഹൃത്ത് പിന്നീട് ഒരു ബന്ധവുമില്ലാതെ മുങ്ങിക്കളഞ്ഞു. പൊലീസ് അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. കളവുകള്‍ നടന്നു എന്ന് പറയുന്ന സ്ഥലത്തുനിന്നെല്ലാം തെളിവ് ശേഖരിച്ചപ്പോള്‍ ഈ വാഹനം പ്രധാന കഥാപാത്രമായിരുന്നു. അങ്ങനെ വാഹനയുടമയുടെ പേരില്‍ കേസ് വന്നു. വളരെ അപകടം നിറഞ്ഞ ഒരു കാര്യം ആണ് ഇത്. ഇങ്ങനെ സ്വന്തം വണ്ടി മറ്റുള്ളവര്‍ക്ക് കൊടുക്കാതിരിക്കുക, സ്വയം ആപത്തില്‍ പെടാതിരിക്കുക.
സിഐഡി ചമഞ്ഞ് തട്ടിപ്പ്; ഗുരുതര കുറ്റകൃത്യം
അതു പോലെ ഒരു വിഭാഗം ചെറുപ്പക്കാര്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് അറബ് വസ്ത്രം ധരിച്ചു ഇവിടുത്തെ പൊലീസ്, സിഐഡിയാണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം കേസുകളില്‍പ്പെട്ട കുറേ പേര്‍ നിയമോപദേശം തേടി എന്നെ സമീപിച്ചിട്ടുമുണ്ട്. യുഎഇയില്‍ ജീവിക്കുമ്പോള്‍ ഇവിടുത്തെ സംസ്‌കാരവും വസ്ത്രധാരണ രീതിയും പാലിച്ച് നിയമത്തെ ബഹുമാനിക്കുകയും അനുസരിക്കുകയും വേണം. എങ്കില്‍ പ്രവാസികളായ നമുക്ക് നിയമ നടപടിയോ, പിഴകളോ, മറ്റു ബുദ്ധിമുട്ടുകളോ ഒരിക്കലും അഭിമുഖീകരിക്കേണ്ടി വരില്ല.
ലഹരിയുപയോഗം; യുഎഇയില്‍ കടുത്ത ശിക്ഷ
ലഹരിമരുന്ന് ഉപയോഗത്തിന് യുഎഇ സര്‍ക്കാര്‍ നല്‍കി വരുന്നത് കടുത്ത ശിക്ഷയാണ്. ഇങ്ങനെയുള്ള കേസുകള്‍ പതിവായി വരുന്നു. സുഹൃത്തുക്കളുമായി ചേര്‍ന്ന് പരസ്പരം സിഗരറ്റും മറ്റും മാറി ഉപയോഗിക്കുമ്പോള്‍ അതില്‍ എന്തെങ്കിലും തരത്തില്‍ ഉള്ള ലഹരിമരുന്ന് കലര്‍ത്തിയിട്ടുണ്ടോ എന്ന് ഒരിക്കലും പരസ്പരം അറിയില്ല. അങ്ങനെ ഒരു തവണ ഉണ്ടായാല്‍ പോലും പിടിക്കപ്പെട്ട് രക്തപരിശോധന നടത്തിയാല്‍ അതിന്റെ ഒരംശം ഏകദേശം ഒരുമാസം വരെ രക്തത്തില്‍ ഉണ്ടാകാന്‍ ഇടയുണ്ട്. ഇത് വലിയ ക്രിമിനല്‍ കേസാകാനും ജയില്‍ ശിക്ഷ ലഭിക്കാനും ഇടയാക്കും. ഇങ്ങനെ ഉപയോഗിക്കാനും വില്പന നടത്താനും ചെറുപ്പക്കാര്‍ക്ക് പ്രേരണ നല്‍കുന്നവരുമുണ്ട്. ലഹരിമരുന്ന് ഉപയോഗത്തിന് പിടിക്കപ്പെടുന്നവര്‍ക്ക് 25 വര്‍ഷം മുതല്‍ 30 വര്‍ഷം വരെ കഠിന തടവും ഭിമമായ തുക പിഴയും ഡിപോര്‍ട്ടേഷനുമാണ് ശിക്ഷ.ലഹരിമരുന്ന് വില്‍പനയും ഉപയോഗവും യുഎഇ ഒരു കാരണവശാലും അനുവദിക്കുകയില്ല്. ഇത്തരം കുറ്റങ്ങള്‍ക്ക് ഒരിക്കലും മാപ്പ് ലഭിക്കില്ല. പുറത്ത് നിന്ന് ലഹരിമരുന്ന് ഉപയോഗിച്ച് വന്ന് ഇവിടെ പരിശോധനയ്ക്ക് വിധേയമാകുമ്പോള്‍ ലഹരിയുടെ അംശം കാണുകയാണെങ്കിലും ശിക്ഷ അനുഭവിക്കേണ്ടിവരും.
തട്ടിപ്പുകളില്‍ പിടിക്കപ്പെടുമ്പോള്‍
വേറെ ചിലര്‍, പ്രധാനമായും യുവാക്കള്‍ അഴിക്കുള്ളിലാകുന്നത് തട്ടിപ്പുകള്‍ പിടിക്കപ്പെടുമ്പോഴാണ്. മോഷണം, തട്ടിപ്പ്, വഞ്ചന എന്നിവയ്ക്ക് ഡിപോര്‍ട്ടേഷനും പിഴയുമാണ് ശിക്ഷ. ഒരു ദിര്‍ഹം കട്ടെടുത്താലും 10 ലക്ഷം അടിച്ചുമാറ്റിയാലും യുഎഇ നിയമ പ്രകാരം ഒരു പോലെയാണ്. കമ്പനികളില്‍ ജോലി ചെയുമ്പോള്‍ അവിടുത്തെ കണക്കുകളും മറ്റും തിരുത്തി കളവു കാണിക്കുക, കമ്പനി സൈറ്റില്‍ വരുന്ന സാധനങ്ങള്‍ മോഷ്ടിച്ചു വിറ്റു പൈസയുണ്ടാക്കുക തുടങ്ങിയ കേസുകളും ഏറെ. അങ്ങനെ നഷ്ടം സംഭവിച്ച സ്ഥാപനം കേസ് ഫയല്‍ ചെയ്താല്‍ പിന്നെ യുഎഇയില്‍ തുടരാന്‍ ഭയങ്കര ബുദ്ധിമുട്ടായിരിക്കും.