ഇനി ദുബായ് വിമാനത്താവളത്തില്‍ പാസ്‌പോര്‍ട്ട് കൈവശമില്ലാതെ യാത്രചെയ്യാം. ദുബായ് വിമാനത്താവളത്തിലെ ഇലക്‌ട്രോണിക് ഗേറ്റുകള്‍ സ്മാര്‍ട്ട് ഗേറ്റുകള്‍ക്ക് വഴിമാറുകയാണ്. ബയോമെട്രിക്‌സ്, ഫേസ് റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് യാത്രക്കാരെ നിമിഷങ്ങള്‍കൊണ്ട് തിരിച്ചറിഞ്ഞ് കടത്തിവിടുന്ന സംവിധാനം മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താനൊരുങ്ങുകയാണ് ദുബായ് വിമാനത്താവളം dubai airport . വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Kf03RrxIWJ44wZVvZusmAF
പാസ്‌പോര്‍ട്ട് കാണിക്കാതെ യാത്രചെയ്യാന്‍ ആദ്യമായി സംവിധാനമൊരുക്കുന്നത് ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിമാന കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍സാണ്. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനല്‍ ഉപയോഗിക്കുന്നവര്‍ക്ക് സ്മാര്‍ട്ട് ഗേറ്റുകള്‍വഴി ചെക്ക്-ഇന്‍, ഇമിഗ്രേഷന്‍ ഉള്‍പ്പെടെയുള്ള യാത്രാനടപടികള്‍ ക്ഷണനേരത്തില്‍ പൂര്‍ത്തിയാക്കാം. രേഖകള്‍ കാണിക്കാതെ തന്നെ ബയോമെട്രിക്‌സ്, ഫേസ് റെക്കഗ്‌നിഷന്‍ എന്നിവ ഉപയോഗിച്ച് കംപ്യൂട്ടറുകള്‍ യാത്രക്കാരെ കടത്തിവിടും.
23 വര്‍ഷം മുന്‍പ് ഇ-ഗേറ്റുകള്‍ ആദ്യം നടപ്പാക്കിയ വിമാനത്താവളങ്ങളിലൊന്നാണ് ദുബായ്. എയര്‍പോര്‍ട്ടുകള്‍, തുറമുഖങ്ങള്‍, ചെക്ക്‌പോയിന്റുകള്‍ തുടങ്ങിയ പ്രവേശന കവാടങ്ങളില്‍ യാത്രക്കാരുടെവര്‍ധന കാരണം നടപടിക്രമങ്ങള്‍ക്ക് കാലതാമസം നേരിടേണ്ടിവരുന്നു. ഈ പരിമിതികള്‍ എങ്ങനെ മറികടക്കാമെന്ന ചിന്തയാണ് സ്മാര്‍ട്ട് സംവിധാനങ്ങള്‍ നടപ്പാക്കാന്‍ അധികൃതരെ പ്രേരിപ്പിക്കുന്നത്.
നവംബര്‍ മുതല്‍ സംവിധാനം പ്രവര്‍ത്തനക്ഷമമാകുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആര്‍.എഫ്.എ) ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ പറഞ്ഞു. മദീനത്ത് ജുമൈരയില്‍ തുറമുഖങ്ങളുടെ ഭാവിനയങ്ങള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ആഗോള സമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്.
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഇലക്ട്രോണിക് ഗേറ്റുകള്‍ക്ക് പകരം സ്മാര്‍ട്ട് ഗേറ്റുകള്‍ സ്ഥാപിക്കാന്‍ ദുബായ് വിമാനത്താവളം പരിശ്രമിച്ചുവരുകയാണെന്നും രേഖകളൊന്നുമില്ലാതെയും ഉദ്യോഗസ്ഥരുമായി സംസാരിക്കാതെയും എവിടെയും സ്പര്‍ശിക്കാതെയും യാതൊരു തടസ്സങ്ങളുമില്ലാതെ യാത്രക്കാരെ കടത്തിവിടാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
സമ്മേളനം ചര്‍ച്ച ചെയ്ത സുപ്രധാന വിഷയങ്ങളിലൊന്ന് അതിര്‍ത്തികളിലെ യാത്രക്കാരുടെ വര്‍ധനയെ സുഗമമായി നേരിടുകയെന്നതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.