യുഎഇ : മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയെ ദുബായ് ക്രിമിനൽ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കുറ്റകൃത്യം നടക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നു വിട്ടുനിന്നുവെന്ന കുറ്റത്തിന് യുവതിയുടെ വീട്ടുജോലിക്കാരനെ ഒരു മാസത്തെ തടവിനും തുടർന്ന് നാടുകടത്താനും ശിക്ഷിച്ചു. മകളെ കൊലപ്പെടുത്തിയത് ഒരു റഷ്യൻ യുവതിയാണ്. പെൺകുട്ടിയെ ആക്രമിക്കുകയും മർദിക്കുകയും ചിലപ്പോൾ ശരീരത്തിന്റെ പ്രത്യേക ഭാഗങ്ങളിൽ തീപ്പൊള്ളലേൽപ്പിക്കുകയും ചെയ്തിരുന്നു. ഇവർ മകളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
താമസ സ്ഥലത്തെ ബാത്ത് ടബ്ബിൽ മകൾ മുങ്ങിമരിച്ചെന്ന് പറഞ്ഞ് അമ്മ ദുബായിലെ ദ് വില്ലാ കമ്മ്യൂണിറ്റിയിലെ വീട്ടിലേയ്ക്ക് ആംബുലൻസ് വിളിക്കുകയായിരുന്നു. ആ സമയത്ത് യുവതിയുടെ ഭർത്താവ് റഷ്യയിലായിരുന്നു. സംഭവസ്ഥലത്ത് തന്നെ പെൺകുട്ടി മരിച്ചിരുന്നു. പെൺകുട്ടിയുടെ ശരീരത്തിൽ പീഡനമേറ്റ പാട്, പൊള്ളൽ, ചതവ് എന്നിവ കണ്ടെത്തിയതിനാൽ അസ്വാഭാവിക മരണമാണെന്ന് പാരാമെഡിക്കുകൾ പൊലീസിനെ അറിയിച്ചു.പൊലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് സംഭവത്തിന്റെ യഥാർഥ വിവരങ്ങൾ പുറത്തുവന്നത്. തുടർന്ന് അമ്മയെയും രണ്ട് വയസുള്ള മകനെയും റഷ്യയിൽ നിന്നുള്ള വീട്ടുജോലിക്കാരനെയും ചോദ്യം ചെയ്തു.
24 വയസ്സുള്ള വീട്ടുജോലിക്കാരൻ കുറ്റകൃത്യം നടന്ന ദിവസം രാജ്യം വിട്ടിരുന്നു. ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് ഇന്റർപോൾ അയാളെ സ്വന്തം രാജ്യത്തെ വിമാനത്താവളത്തിൽ നിന്നും അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യലിനായി യുഎഇയിലേക്ക് തിരിച്ചയക്കുകയും ചെയ്തു. മകളുടെ മരണവുമായി യാതൊരു ബന്ധവുമില്ലെന്ന് അമ്മ പറയുകയും വീട്ടുജോലിക്കാരനാണ് കുറ്റം ചെയ്തതെന്ന് കള്ളംപറയുകയും ചെയ്തു. വീട്ടുജോലിക്കാരൻ, തനിക്കെതിരെ യുവതി ആരോപിച്ച കുറ്റങ്ങൾ നിഷേധിച്ചു. യുവതി മനഃപൂർവം മകളെ തുടർച്ചയായി പീഡിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായി മൊഴി നൽകുകയും ചെയ്തു. സംഭവത്തിന് ഒരു ദിവസം മുൻപ് യുവതി മകളെ അവളുടെ മുറിയിൽ പൂട്ടിയിട്ടു. മകളെ പിറ്റേന്ന് രാവിലെ സ്കൂളിൽ കൊണ്ടുപോകാൻ അവർ തന്നോട് ആവശ്യപ്പെട്ടിരുന്നതായി വീട്ടുജോലിക്കാരൻ പറഞ്ഞു.
യുവതി നൽകിയ താക്കോൽ ഉപയോഗിച്ച് മുറിയുടെ വാതിൽ തുറന്നെങ്കിലും കട്ടിലിൽ പെൺകുട്ടിയെ കണ്ടില്ല. കുളിമുറിയിൽ നിന്ന് വെള്ളം വരുന്നതിന്റെ നേരിയ ശബ്‌ദം കേട്ടതായും അയാൾ പറഞ്ഞു. കുളിമുറിയുടെ വാതിൽ തുറന്നപ്പോൾ വെള്ളത്തിൽ മുഖം താഴ്ത്തി ബാത്ത് ടബ്ബിൽ കിടക്കുന്ന നിലയിലാണ് പെൺകുട്ടിയെ കണ്ടതെന്ന് വ്യക്തമാക്കി. കുട്ടി മരിച്ചുവെന്ന് കരുതി ഉടനെ യുവതിയുടെ മുറിയിലേയ്ക്ക് പോയി കര്യം പറഞ്ഞു.
എന്നാൽ, അവർ പരിഭ്രാന്തിയിലാവുകയോ, എന്താണ് സംഭവിച്ചതെന്ന് ചോദിക്കുകയോ ചെയ്തില്ല.മകളെ മർദ്ദിക്കുകയും മരിക്കുന്നതു വരെ ബാത്ത് ടബ്ബിൽ ഉപേക്ഷിക്കുകയും ചെയ്തത് താനാണെന്ന് യുവതി പൊലീസ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പ്രതിയെ ദുബായ് പബ്ലിക് പ്രോസിക്യൂഷനിലേയ്ക്കും അവിടെ നിന്ന് ക്രിമിനൽ കോടതിയിലേയ്ക്കും റഫർ ചെയ്തു. കോടതി യുവതിയെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും അതിന് ശേഷം നാടുകടത്താൻ വിധിക്കുകയും ചെയ്തു.