
malayalam actor : അഭിനയ മൊഞ്ചുള്ള നന്മനിറഞ്ഞ കലാകാരന്‍ ; നടന്‍ മാമുക്കോയ നിര്യാതനായി
ഹാസ്യനടനായും സ്വഭാവനടനായും മലയാള വെള്ളിത്തിരയേയും നിലപാടുകളിലെ കൃത്യതയിലൂടെ കോഴിക്കോട്ടെ സാംസ്‌കാരിക കൂട്ടായ്മകളെയും ഒരേപോലെ വിസ്മയിപ്പിച്ച മാമുക്കോയ malayalam actor വിടവാങ്ങി. 76 വയസ്സായിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm ജീവിതത്തിലും സിനിമയിലും നടന്റെ നാട്യങ്ങളൊന്നുമില്ലാത്ത തനി കോഴിക്കോട്ടുകാരനായിരുന്നു മാമുക്കോയ. സ്‌നേഹത്തിന്റെ കോഴിക്കോടന്‍ ഭാഷ സംസാരിച്ച, നന്മനിറഞ്ഞ കലാകാരന്‍. നാടകത്തിലൂടെ സിനിമയിലെത്തിയ അദ്ദേഹം ഹാസ്യവേഷങ്ങളിലും കാരക്ടര്‍ റോളുകളിലും മികച്ച പ്രകടനം കാഴ്ചവച്ചു. കോഴിക്കോട്ടെ സാംസ്‌കാരിക കൂട്ടായ്മകളില്‍ അദ്ദേഹം എന്നും സജീവമായിരുന്നു.
കോഴിക്കോട് പള്ളിക്കണ്ടിയില്‍ മമ്മദിന്റെയും ഇമ്പിച്ചി ആയിഷയുടെയും മകനായി 1946 ജൂലൈ അഞ്ചിനായിരുന്നു ജനനം. സുഹ്‌റയാണ് ഭാര്യ. മക്കള്‍: മുഹമ്മദ് നിസാര്‍, ഷാഹിദ, നാദിയ, അബ്ദുള്‍ റഷീദ്.
ഒരുകാലഘട്ടത്തിലെ കോഴിക്കോടിന്റെ സാഹിത്യ, സാംസ്‌കാരിക ജീവിതം കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞതിന്റെ ഉള്ളാഴമുണ്ടായിരുന്നു മാമുക്കോയയുടെ ജീവിതക്കാഴ്ചകള്‍ക്ക്. വൈക്കം മുഹമ്മദ് ബഷീര്‍, എസ്.കെ പൊറ്റക്കാട്, എംഎസ് ബാബുരാജ് തുടങ്ങിയവരുമായി ഏറെ അടുത്ത സൗഹൃദവും അദ്ദേഹത്തിനുണ്ടായിരുന്നു. സിനിമയിലെ ഹാസ്യ കഥാപാത്രത്തിന്റെയല്ല സമകാലിക സംഭവവികാസങ്ങളെ സൂക്ഷ്മമായി വിലയിരുത്തുന്ന, അവയില്‍ കൃത്യവും വ്യക്തവുമായ നിലപാടുകളുള്ള ഗൗരവക്കാരനായ സാമൂഹ്യനിരീക്ഷകന്റെ റോളായിരുന്നു യഥാര്‍ഥ ജീവിതത്തില്‍ മാമുക്കോയയുടേത്. സാമൂഹികപരവും മതപരവും രാഷ്ട്രീയപരവുമായ അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉറക്കെ പ്രകടിപ്പിക്കാന്‍ അദ്ദേഹം ഒരിക്കലും മടിച്ചില്ല.
പള്ളിക്കണ്ടി എലിമെന്ററി സകൂള്‍, കുറ്റിച്ചിറ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോഴിക്കോട് എംഎം സ്‌കൂള്‍ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കല്ലായിയിലെ കൂപ്പില്‍ തടി അളവുകാരനായി. സ്‌കൂള്‍ പഠനകാലത്തുതന്നെ നാടകങ്ങളില്‍ അഭിനയിച്ചു. നിരവധി അമച്വര്‍ നാടകങ്ങളിലും പിന്നീട് അഭിനയിച്ചു. പകല്‍ കൂപ്പിലെ പണിയും രാത്രി നാടകവുമായി അങ്ങനെ ഒരുപാടുകാലം.
1962 ല്‍ നിലമ്പൂര്‍ ബാലന്‍ സംവിധാനം ചെയ്ത ‘അന്യരുടെ ഭൂമി’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള ആദ്യ വരവ്. ആ ചിത്രത്തില്‍ ഒരു നിഷേധിയുടെ കഥാപാത്രത്തെയാണ് മാമുക്കോയ അവതരിപ്പിച്ചത്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുങ്ങിയ ആ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അഞ്ചു വര്‍ഷത്തിനുശേഷം വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാര്‍ശയില്‍ ‘സുറുമയിട്ട കണ്ണുകള്‍’ എന്ന സിനിമയില്‍ മുഖം കാട്ടി.
സിബി മലയിലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘ദൂരെദൂരെ ഒരു കൂടുകൂട്ടാം’ എന്ന സിനിമയിലാണ് ആദ്യമായി മാമുക്കോയക്കു ശ്രദ്ധേയമായ ഒരു വേഷം ലഭിക്കുന്നത്. ശ്രീനിവാസനായിരുന്നു ചിത്രത്തിന്റെ തിരക്കഥ. സ്‌കൂള്‍ പശ്ചാത്തലത്തിലുള്ള കഥയില്‍ അറബി മുന്‍ഷിയുടെ വേഷമായിരുന്നു മാമുക്കോയക്ക്. സ്‌ക്രിപ്റ്റില്‍ രണ്ടുമൂന്ന് സീന്‍ മാത്രമുള്ള കഥാപാത്രം. എന്നാല്‍ ആ സീനുകളില്‍ മാമുക്കോയയുടെ പ്രകടനം വിസ്മയപ്പെടുത്തിയതോടെ കഥാപാത്രത്തിന്റെ സീന്‍ കൂട്ടി. അങ്ങനെ ആ സിനിമയിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായി. ഈ സിനിമയ്ക്കു ശേഷം കല്ലായിയിലെ പണിക്കും നാടകാഭിനയത്തിനുമൊന്നും പോകേണ്ടി വന്നില്ലെന്ന് പിന്നീട് മാമുക്കോയ തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റി’ല്‍ ശ്രീനിവാസന്റെ ശുപാര്‍ശയിലായിരുന്നു അടുത്ത വേഷം. ചിത്രത്തിലെ നായകനായെത്തിയ മോഹന്‍ലാലിന്റെ കൂട്ടുകാരിലൊരാള്‍. അതും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതിനുപിന്നാലെ സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ ടീമിന്റെ ‘സന്മനസുള്ളവര്‍ക്ക് സമാധാനം’ എന്ന സിനിമയിലെത്തി. അതു തീരാറായപ്പോഴേക്കും സിബി മലയിലിന്റെ മമ്മൂട്ടി ചിത്രം ‘രാരീര’ത്തില്‍ അവസരം ലഭിച്ചു. മാമുക്കോയ എന്ന കല്ലായിലെ മരം അളവുകാരനും നാടക നടനും സിനിമയിലെ സജീവസാന്നിധ്യമാകുന്ന കാഴ്ചയായിരുന്നു പിന്നീട്. ‘നാടോടിക്കാറ്റ്’, ‘വരവേല്‍പ്പ്’, ‘മഴവില്‍ക്കാവടി’ തുടങ്ങിയ സിനിമകളിലെ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം മാമുക്കോയ അളന്നെടുത്തു. നാലു പതിറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതത്തില്‍ 450 ലേറെ കഥാപാത്രങ്ങള്‍ക്കു ജീവന്‍ നല്‍കി. നാലു തമിഴ് ചലച്ചിത്രങ്ങളിലും ഒരു ഫ്രഞ്ച് സിനിമയിലും (Flammen im Paradies – 1997) അഭിനയിച്ചു.
‘പെരുമഴക്കാല’ത്തിലെ കഥാപാത്രത്തിന് 2004 ല്‍ സംസ്ഥാന അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു. കേരള സര്‍ക്കാര്‍ ആദ്യമായി സിനിമയിലെ ഹാസ്യാഭിനയത്തിന് പുരസ്‌കാരം ഏര്‍പ്പെടുത്തിയ 2008 ല്‍ അത് ലഭിച്ചത് മാമുക്കോയയ്ക്കായിരുന്നു, ചിത്രം – ‘ഇന്നത്തെ ചിന്താവിഷയം’. എഴുപത്തിയഞ്ചാം വയസ്സില്‍ ‘കുരുതി’ എന്ന ചിത്രത്തില്‍ മാമുക്കോയ അവതരിപ്പിച്ച ‘മൂസ ഖാദര്‍’ എന്ന കഥാപാത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. മാമുക്കോയ നായകനായും ഒരു ചിത്രം പുറത്തിറങ്ങിയിട്ടുണ്ട് – ‘കോരപ്പന്‍ ദ് ഗ്രേറ്റ്’.
Comments (0)