Posted By editor Posted On

യുഎഇ: ഇന്ത്യന്‍ സ്‌കൂളിന്റെ പേരില്‍ വ്യാജ റിക്രൂട്ട്മെന്റ് നടത്തിയ കേരളത്തിലെ സ്ഥാപനമുടമയ്‌ക്കെതിരെ നിയമ നടപടി

ഇന്ത്യന്‍ സ്‌കൂളിന്റെ പേരില്‍ വ്യാജ റിക്രൂട്ട്മെന്റ് നടത്തിയ സ്ഥാപനമുടമയ്‌ക്കെതിരെ നിയമ നടപടി. വ്യാജ റിക്രൂട്ട്മെന്റ് നടത്തി സാമ്പത്തികനേട്ടമുണ്ടാക്കാന്‍ ശ്രമിച്ച മലയാളിക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ നല്‍കിയ പരാതിയിലാണ് കേരളാപോലീസിന്റെ നടപടി. അടൂരിലെ ഓള്‍ ഇന്ത്യാ ജോബ് റിക്രൂട്ട്‌മെന്റ് ഏജന്‍സി എന്ന സ്ഥാപനംവഴിയാണ് റിക്രൂട്ട്‌മെന്റ് തട്ടിപ്പിന് ശ്രമിച്ചതെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.വൈ.എ. റഹീം പോലീസ് മേധാവിക്ക് പരാതിനല്‍കിയിരുന്നു. ഇന്ത്യന്‍ അസോസിയേഷന് അപകീര്‍ത്തിയുണ്ടാക്കുംവിധം സ്ഥാപനമുടമ ഉദ്യോഗാര്‍ഥികളില്‍നിന്ന് പണംവാങ്ങി വ്യാജ നിയമനത്തിന് ശ്രമിച്ചുവെന്ന് പരാതിയില്‍ പറയുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക  https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
ഇന്ത്യന്‍ അസോസിയേഷനെ കൂടാതെ അടൂരും പരിസരങ്ങളിലുമുള്ള അഞ്ചുപേരും സ്ഥാപനമുടമയ്‌ക്കെതിരേ പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ഡി.ജി.പി. അടൂര്‍ പോലീസിനോട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് പ്രതിക്കെതിരേ നടപടിയുണ്ടായത്. നിലവില്‍ അടൂരിലെ സ്ഥാപനമുടമ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്ന് അടൂര്‍ പോലീസ് ഇന്ത്യന്‍ അസോസിയേഷനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.

ഗള്‍ഫിലെ സ്ഥാപനങ്ങളില്‍ ജോലി ഒഴിവുണ്ടെങ്കില്‍ ശരിയായ വഴിയിലൂടെയായിരിക്കും ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുക. അല്ലാതെ നാട്ടിലെ ഏതെങ്കിലും വ്യാജ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളെ ഏല്‍പ്പിക്കാറില്ലെന്നും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ അറിയിച്ചു. ഇത്തരം തട്ടിപ്പുകള്‍ക്കെതിരേ നോര്‍ക്ക അടക്കമുള്ള സംസ്ഥാന സര്‍ക്കാര്‍സ്ഥാപനങ്ങളിലും പരാതികളെത്തുന്നുണ്ട്. ഗള്‍ഫില്‍ ജോലിവാഗ്ദാനംനല്‍കി സാമ്പത്തികത്തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരേ ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓര്‍മിപ്പിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *