Posted By editor Posted On

രാത്രി യാത്ര ചെയ്യുന്നവര്‍ അറിയാന്‍; ശ്രദ്ധേയമായി റോഡുകളില്‍ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ചുള്ള അവബോധ കുറിപ്പ്

കേരളത്തില്‍ നിരന്തരം വാഹന അപകടങ്ങള്‍ നടക്കാറുണ്ട്. അവ മിക്കവാറും രാത്രി കാലങ്ങളിലാണ് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ അതിന്റെ വ്യാപ്തിയും വര്‍ധിക്കുന്നു. അനേകം യുവാക്കളാണ് ഇത്തരം അപകടങ്ങില്‍ പൊലിഞ്ഞു പോകുന്നത്. കേരളത്തില്‍ നടക്കുന്ന വാഹന അപകടങ്ങളെ കുറിച്ച് എഴുത്തുകാരനായ മുരളി തുമ്മാരകുടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് വായിക്കാം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക  https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
രാത്രി യാത്രയാകുന്നവര്‍..
വീണ്ടും ഒരു രാത്രി അപകടം കൂടി
പതിവായി അപകടം നടക്കുന്ന സ്ഥലം തന്നെ, കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള റോഡ് യാത്രയില്‍. ഇത്തവണ മരിച്ചത് അഞ്ചു യുവാക്കളാണ്. അവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു.
രാത്രി പത്തുമണിക്ക് ശേഷവും രാവിലെ ആറുമണിക്ക് മുന്‍പും യാത്രകള്‍ പരമാവധി ഒഴിവാക്കണം എന്ന് പലവട്ടം പറഞ്ഞിട്ടുണ്ട്.
പകലും അപകടം ഉണ്ടാകാമല്ലോ? പിന്നെന്തിനാണ് രാത്രി യാത്ര മാത്രം ഒഴിവാക്കുന്നത്?
രാത്രിയില്‍ തിരക്ക് കുറവല്ലേ? അപ്പോള്‍ അതല്ലേ സുരക്ഷിതം?
സ്വാഭാവികമായ ചോദ്യങ്ങള്‍ ആണ്.
എന്തുകൊണ്ടാണ് രാത്രി യാത്ര കൂടുതല്‍ അപകടം ഉണ്ടാക്കുന്നത് ?
ഓരോ സെക്കന്‍ഡും പൂര്‍ണ്ണമായി റോഡില്‍ ശ്രദ്ധിച്ചാല്‍ മാത്രമേ സുരക്ഷിതമായി വാഹനം ഓടിക്കാന്‍ പറ്റൂ. ഒരു മണിക്കൂറില്‍ അറുപത് കിലോമീറ്റര്‍ വേഗതയില്‍ പോകുന്ന ഒരു വാഹനം സെക്കന്‍ഡില്‍ പതിനേഴ് മീറ്ററോളം പോകും. എഫ്. എം. റേഡിയോയുടെ ഒരു ചാനല്‍ മാറ്റാന്‍ പോകുന്ന രണ്ടു സെക്കന്‍ഡില്‍ 34 മീറ്റര്‍ ദൂരമാണ് റോഡില്‍ ശ്രദ്ധിക്കാതിരിക്കുന്നത്. ഒരപകടം വരാന്‍ ആ സമയം മതി.
രാത്രി ഉറങ്ങുന്ന ഒരു ജീവിയാണ് മനുഷ്യന്‍. അതുകൊണ്ട് തന്നെ പകല്‍ മനുഷ്യനുള്ളത്രയും ശ്രദ്ധ രാത്രി കിട്ടില്ല എന്നതാണ് ഒന്നാമത്തെ കാര്യം.
പലപ്പോഴും പകല്‍ ജോലികള്‍ ചെയ്തതിന് ശേഷമാണ് രാത്രിയും ആളുകള്‍ വണ്ടി ഓടിക്കുന്നത്. ഡ്രൈവര്‍മാര്‍ ആണെങ്കില്‍ പ്രത്യേകിച്ചും. അപ്പോള്‍ പകല്‍ ചെയ്ത ജോലിയുടെ ക്ഷീണവും രാത്രിയുടെ സ്വാഭാവികമായ തളര്‍ച്ചയും കൂട്ടുന്‌പോള്‍ ശ്രദ്ധ വളരെ കുറയുന്നു
നമ്മുടെ മിക്ക റോഡുകളിലും രാത്രികളില്‍ വേണ്ടത്ര വെളിച്ചം ഇല്ല. അപ്പോള്‍ പൂര്‍ണ്ണമായി അടുത്തോ ദൂരത്തിലോ ഉള്ള കാഴ്ച കാണാന്‍ പറ്റില്ല
അനവധി ആളുകള്‍ക്ക് പകല്‍ കാണുന്നത് പോലെ രാത്രി വെളിച്ചത്തില്‍ കാണാന്‍ പറ്റില്ല എന്നതും വസ്തുതയാണ്.
മറുഭാഗത്ത് നിന്നും വരുന്ന വാഹനത്തിന്റെ വെളിച്ചം പലപ്പോഴും കാഴ്ചയെ കുറക്കുന്നു. കണ്ണട വച്ചിട്ടുള്ളവര്‍ക്ക് ഇത് പ്രത്യേക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു
വൈകുന്നേരം ഭക്ഷണം കഴിച്ചതിന് ശേഷം വാഹനം ഓടിക്കുന്നത് തളര്‍ച്ച കൂട്ടുന്നു, ശ്രദ്ധ കുറക്കുന്നു.
വൈകുന്നേരങ്ങളില്‍ മദ്യപിച്ച് ഓടിക്കുന്നവരുടെ എണ്ണം കൂടുന്നു, ഡ്രൈവറുടെ ജഡ്ജ്മെന്റ് കുറയുന്നു.
സ്ഥിരമായി രാത്രി മരുന്നുകള്‍ കഴിക്കുന്ന ആളുകള്‍ ഉണ്ട്. ചില മരുന്നുകള്‍ മയക്കം ഉണ്ടാക്കുന്നവയാണ്, ഇത് ശ്രദ്ധ കുറക്കുന്നു.
നമ്മുടെ ഡ്രൈവിങ്ങ് പരിശീലനത്തിലോ പരീക്ഷയിലോ രാത്രി ഡ്രൈവിങ്ങ് ഉള്‍പ്പെട്ടിട്ടില്ല. അപ്പോള്‍ രാത്രിയില്‍ ഓടിച്ച് പരിചയം ഉണ്ടാകണം എന്നില്ല.
ഇനി നിങ്ങള്‍ ഈ പറഞ്ഞ ഒരു ഗണത്തിലും പെടുന്നതല്ല എന്ന് കരുതിയാലും പ്രശ്‌നം തീരുന്നില്ല.
റോഡിലുള്ള മറ്റു ഡ്രൈവര്‍മാര്‍ക്ക് ആര്‍ക്കെങ്കിലും മുന്‍പറഞ്ഞ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും അത് നിങ്ങളുടെ ജീവനെടുത്തേക്കാം.
കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഏകദേശം 230 കിലോമീറ്റര്‍ ദൂരമുണ്ട്, രാത്രിയില്‍ നാലു മണിക്കൂര്‍ കൊണ്ട് ഓടിച്ച് എത്തി ചേരാം.
ഒരു മിനുട്ടില്‍ ശരാശരി അഞ്ചു വാഹനങ്ങള്‍ നമ്മുടെ എതിരെ വരുന്നു എന്ന് കരുതുക. അപ്പോള്‍ തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയില്‍ ആയിരത്തി ഇരുന്നൂറ് വാഹനങ്ങള്‍ നമുക്കെതിരെ വരും. അതില്‍ ആയിരത്തി ഇരുന്നൂറ് ഡ്രൈവര്‍മാര്‍ ഉണ്ട്.
നമ്മുടെ ലൈനില്‍ നമ്മുടെ തൊട്ടു മുന്നിലോ പിന്നിലോ ഓവര്‍ടേക്ക് ചെയ്യുന്നതോ ആയ ഒരു പത്തു ശതമാനം കൂടി കൂട്ടുക.
അപ്പോള്‍ നമ്മള്‍ എത്ര ശ്രദ്ധിച്ച് ഡ്രൈവ് ചെയ്താലും മറ്റ് 1340 ഡ്രൈവര്‍മാരുടെ കയ്യിലാണ് നമ്മുടെ ജീവന്‍. അതില്‍ ഒരാള്‍ മുന്‍പ് പറഞ്ഞ ഏതെങ്കിലും രീതിയില്‍ ക്ഷീണിതന്‍ ആയാല്‍ മതി.
ശേഷം ചിന്ത്യം
രാത്രിയാത്രകള്‍ ഒഴിവാക്കുന്നത് ഒരു ശീലമാക്കുക

Comments (0)

Leave a Reply

Your email address will not be published. Required fields are marked *