Posted By editor Posted On

ഹോട്ടലില്‍ താമസിച്ച് 23 ലക്ഷം ബില്ലടയ്ക്കാതെ കടന്നു കളഞ്ഞ വ്യാജ യുഎഇ രാജകുടുംബ ജീവനക്കാരന്‍ വലയില്‍

ഹോട്ടലില്‍ താമസിച്ച് 23 ലക്ഷം ബില്ലടയ്ക്കാതെ കടന്നു കളഞ്ഞ വ്യാജ യുഎഇ രാജകുടുംബ ജീവനക്കാരനെ പിടികൂടി. ഡല്‍ഹിയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ യുഎഇ രാജകുടുംബത്തിലെ ജീവനക്കാരനെന്ന് തെറ്റിദ്ധരിപ്പിച്ച് നാല് മാസം താമസിച്ച് 23 ലക്ഷം രൂപ വാടക നല്‍കാതെ മുങ്ങിയ ആളെ പൊലീസ് കണ്ടെത്തി. ഡല്‍ഹിയിലെ ലീല പാലസ് ഹോട്ടലില്‍ താമസിച്ച ശേഷമാണ് ഇയാള്‍ പണമടയ്ക്കാതെ മുങ്ങിയത്. സംഭവത്തില്‍ കര്‍ണാടക ദക്ഷിണ കന്നഡ സ്വദേശിയായ മുഹമ്മദ് ഷരീഫ് (41) ആണ് പിടിയിലായത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക  https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0  
ആഗസ്ത് ഒന്നിന് ലീലാ പാലസിലെത്തിയ ഷരീഫ്, താന്‍ യുഎഇയില്‍ താമസക്കാരനാണെന്നും രാജകുടുംബത്തിലെ ഷെയ്ഖ് ഫലാഹ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി അടുത്ത ബന്ധമുണ്ടെന്നും ജീവനക്കാരോട് പറഞ്ഞിരുന്നു. ബിസിനസ് കാര്യങ്ങള്‍ക്കായി ഇന്ത്യയിലെത്തിയതാണെന്നാണ് ഇയാള്‍ പറഞ്ഞത്. ഒരു ബിസിനസ് കാര്‍ഡും യു.എ.ഇ റസിഡന്റ് കാര്‍ഡും മറ്റ് രേഖകളും തെളിവായി കാണിക്കുകയും ചെയ്തു. എന്നാല്‍ ഇതെല്ലാം വ്യാജമായിരുന്നു.

താന്‍ പറഞ്ഞത് വിശ്വസിക്കാനായി ജീവനക്കാരോട് യുഎഇയിലെ ജീവിതത്തെക്കുറിച്ച് ഇയാള്‍ നിരന്തരം സംസാരിച്ചിരുന്നു. നാലു മാസത്തെ താമസത്തിനിടെ മുറിയുടെയും സേവനങ്ങളുടെയും ബില്ല് 35 ലക്ഷം രൂപയായിരുന്നു. എന്നാല്‍ 11.5 ലക്ഷം രൂപ നല്‍കിയ ശേഷം ബാക്കി നല്‍കാതെ പ്രതി കടന്നുകളയുകയായിരുന്നു.
പരാതിയില്‍ ഡല്‍ഹി സരോജിനി നഗര്‍ പൊലീസ് സ്റ്റേഷനില്‍ ജനുവരി 14നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ലീലാ പാലസ് ഹോട്ടല്‍ ജനറല്‍ മാനേജര്‍ അനുപം ദാസ് ഗുപ്തയുടെ പരാതിയിലായിരുന്നു നടപടി. നവംബര്‍ 20ന് മുങ്ങിയ പ്രതിയെ രണ്ട് മാസത്തിന് ശേഷമാണ് അറസ്റ്റ് ചെയ്യുന്നത്. ദക്ഷിണ കന്നഡയില്‍ നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഹോട്ടല്‍ മാനേജ്‌മെന്റിന്റെ പരാതിയില്‍ വഞ്ചന, മോഷണം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്ത ഷരീഫിനായി പൊലീസ് തെരച്ചില്‍ നടത്തിവരികയായിരുന്നു. 23,46,413 രൂപ ബില്‍ അടയ്ക്കാതെ മുങ്ങിയ ഇയാള്‍ മുറിയില്‍ നിന്ന് വെള്ളി പാത്രങ്ങളും പേള്‍ ട്രേയും ഉള്‍പ്പെടെ നിരവധി സാധനങ്ങള്‍ അടിച്ചുമാറ്റുകയും ചെയ്തിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *