
മംഗളൂരു വിമാനത്താവളം അടയ്ക്കുന്നു; കണ്ണൂര്‍ വിമാനത്താവളത്തെ എങ്ങനെ ബാധിക്കും?
മംഗളൂരു വിമാനത്താവളം താല്‍ക്കാലികമായി അടയ്ക്കാനൊരുങ്ങുകയാണ്. മംഗളൂരു (മംഗലാപുരം) ബജ്പെ രാജ്യാന്തര വിമാനത്താവളം ഈ മാസം 27 മുതല്‍ നാലു മാസത്തേയ്ക്ക് ഭാഗികമായി അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. അറ്റകുറ്റപ്പണികള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് എയര്‍പോര്‍ട്ട് അടയ്ക്കുന്നത്. റണ്‍വേ റി കാര്‍പെറ്റിങ്ങിനായി ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ വൈകിട്ട് 6 വരെയാണ് വിമാനത്താവളം അടയ്ക്കുക എന്നാണ് മംഗളൂരു വിമാനത്താവള അധികൃതര്‍ അറിയിച്ചിട്ടുള്ളത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ഇതിനിടയ്ക്കുള്ള സമയങ്ങളിലായിരിക്കും ആഭ്യന്തര, രാജ്യാന്തര വിമാനങ്ങള്‍ സര്‍വീസ് നടത്തുക. ഔദ്യോഗിക പ്രസ്താവന പ്രകാരം, 2023 മേയ് 31 വരെ ഞായറാഴ്ചയും ദേശീയ അവധി ദിനങ്ങളും ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 9.30 നും വൈകിട്ട് ആറിനും ഇടയിലാണ് പ്രവൃത്തി നടക്കുക.
ഇതോടെ കണ്ണൂര്‍ വിമാനത്താവളത്തിലെ തിരക്ക് ഏറിയേക്കും. കാസര്‍കോട് ജില്ലക്കാരിലെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള വലിയൊരു ശതമാനവും ആശ്രയിക്കുന്നത് മംഗളൂരു വിമാനത്താവളത്തെയാണ്. ഇവരെല്ലാം ഇനി കൂടുതലും ഉപയോഗിക്കുക കണ്ണൂര്‍, കോഴിക്കോട് വിമാനത്താവളമാകാന്‍ സാധ്യതയുള്ളതാണ് തിരക്കേറിയേക്കുമെന്ന് കരുതാന്‍ കാരണം.
കാസര്‍കോട് ടൗണില്‍ നിന്ന് മംഗളൂരു വിമാനത്താവളത്തിലേയ്ക്ക് ദേശീയ പാത വഴിയെത്തിച്ചേരാന്‍ 60 കിലോമീറ്ററോളം (ഒന്നര മണിക്കൂറിലേറെ സമയം) സഞ്ചരിക്കണം. അതേസമയം, കണ്ണൂര്‍ വിമാനത്താവളത്തിലേയ്ക്ക് 116 കിലോ മീറ്റര്‍ മൂന്നു മണിക്കൂറിലേറെ സഞ്ചരിച്ചാലേ മട്ടന്നൂരില്‍ സ്ഥിതി ചെയ്യുന്ന വിമാനത്താവളത്തിലെത്തിച്ചേരുകയുള്ളൂ. കാസര്‍കോട് നിന്ന് ഇവിടേയ്ക്ക് 3500 രൂപയോളം ടാക്സി വാടക നല്‍കേണ്ടി വരും. അല്ലെങ്കില്‍ കണ്ണൂര്‍ വരെ ട്രെയിനില്‍ യാത്ര ചെയ്ത് ടാക്സി ആശ്രയിക്കണം. കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതിന് മുന്‍പ് ആ ജില്ലക്കാരില്‍ നല്ലൊരു ശതമാനവും മംഗളൂരു വിമാനത്താവളം ഉപയോഗിച്ചിരുന്നു.
അതേസമയം കണ്ണൂരിലേയ്ക്ക് ഇതിനകം തന്നെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതായി എയര്‍ ഇന്ത്യ പ്രതിനിധി പറഞ്ഞു. അതേസമയം, കോഴിക്കോട് വിമാനത്താവളം റണ്‍വേ റീകാര്‍പെറ്റിങ് നടക്കുന്നതിനാല്‍ ഇവിടെയും രാവിലെ 10 മുതല്‍ വൈകിട്ട് ആറു വരെ വിമാന സര്‍വീസുകള്‍ നടക്കുന്നില്ല. അതിനാല്‍, രാത്രിയിലും രാവിലെ 10 വരെയും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ മാസം 15ന് ആരംഭിച്ച അറ്റകുറ്റപ്പണി ആറു മാസം കൊണ്ടാണ് പൂര്‍ത്തിയാകുക.
കോഴിക്കോട് വിമാനത്താവളത്തില്‍ നിലവില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ബോര്‍ഡിങ്, എമിഗ്രേഷന്‍ ഏരിയകളില്‍ യാത്രക്കാര്‍ക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നു. ഇത് പ്രായമായവരെയും രോഗികളെയുമെല്ലാം വലയ്ക്കുന്നു. രാവിലെ 10 മണിക്ക് മുന്‍പുള്ള വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ പലരും അര്‍ധരാത്രിയോടെ വീടുകളില്‍ നിന്ന് പുറപ്പെടുന്നതിനാല്‍, പ്രഭാത ഭക്ഷണം പോലും കഴിക്കാന്‍ സാധിക്കാറില്ല. ഇവര്‍ക്ക് പിന്നീട് വിമാനത്താവളങ്ങളില്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ടി വരുന്നു.
Comments (0)