വിമാനത്തില്‍ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം: എയര്‍ ഇന്ത്യയ്ക്ക് കിട്ടിയ ശിക്ഷ അറിയേണ്ടേ? - Pravasi Vartha

വിമാനത്തില്‍ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം: എയര്‍ ഇന്ത്യയ്ക്ക് കിട്ടിയ ശിക്ഷ അറിയേണ്ടേ?

വിമാനത്തില്‍ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യയ്ക്ക് തക്കതായ ശിക്ഷ കിട്ടി. എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തിയതായി സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു. യാത്രക്കാരിയുടെ പരാതിയില്‍ നടപടിയെടുക്കാന്‍ വൈകിയതിനാണ് എയര്‍ ഇന്ത്യയ്ക്ക് പിഴ ചുമത്തിയത്. വിമാനം നിയന്ത്രിച്ചിരുന്ന പൈലറ്റിന്റെ ലൈസന്‍സ് മൂന്നു മാസത്തേക്ക് റദ്ദാക്കി. അതോടൊപ്പം വിമാന സര്‍വീസുകളുടെ ഡയറക്ടര്‍ വസുധ ചന്ദ്രയ്ക്ക് മൂന്നു ലക്ഷം രൂപ പിഴയും ചുമത്തുകയും ചെയ്തു.
സംഭവം വിവാദമായതോടെ ഒളിവില്‍ പോയ പ്രതി ശങ്കര്‍ മിശ്രയെ ബെംഗളൂരുവില്‍ നിന്നാണ് പിടികൂടിയത്. സംഭവത്തെത്തുടര്‍ന്ന് ജോലി ചെയ്തിരുന്ന കമ്പനിയില്‍നിന്ന് ശങ്കര്‍ മിശ്രയെ കഴിഞ്ഞദിവസം പുറത്താക്കിയിരുന്നു. യു.എസ്. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്റായിരുന്നു ഇയാള്‍. കേസില്‍ ശങ്കര്‍ മിശ്ര നല്‍കിയ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.
നവംബര്‍ 26 നാണ് ന്യൂയോര്‍ക്കില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനത്തില്‍ 72-കാരിയായ സ്ത്രീയുടെ മേല്‍ മദ്യലഹരിയില്‍ ശങ്കര്‍ മിശ്ര എന്ന യാത്രക്കാരന്‍ മൂത്രമൊഴിച്ചെന്നാണ് പരാതി. വസ്ത്രങ്ങളും ബാഗും ഷൂസുമെല്ലാം മൂത്രത്തില്‍ കുതിര്‍ന്നതായി യാത്രക്കാരി നല്‍കിയ പരാതിയില്‍ പറയുന്നു.
വിമാനജീവനക്കാരോട് പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ല. വിമാനം ഡല്‍ഹിയിലെത്തിയപ്പോള്‍ കൂസലില്ലാതെ ഇയാള്‍ ഇറങ്ങിപ്പോകുകയും ചെയ്തതായും യാത്രക്കാരി പറഞ്ഞു. ഇതേത്തുടര്‍ന്നാണ് അതിക്രമത്തിന് ഇരയായ യാത്രക്കാരി ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന് പരാതി നല്‍കിയത്. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *