Posted By editor Posted On

പ്രവാസി മലയാളിയുടെ യാത്ര മുടങ്ങി, ജോലി നഷ്ടപ്പെട്ടു; യാത്രക്കാരന് എയര്‍ലൈന്‍ നഷ്ടപരിഹാരം നല്‍കണം

പ്രവാസി മലയാളിയുടെ യാത്ര മുടങ്ങിയതിനാല്‍ ജോലി നഷ്ടപ്പെട്ട കേസില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വിധി. തേഞ്ഞിപ്പലം സ്വദേശി തൊണ്ടിക്കാടന്‍ അബ്ദുസലാം നല്‍കിയ പരാതിയിലാണ് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധി പുറപ്പെടുവിച്ചത്. യാത്രാരേഖയിലെ വ്യത്യാസം ചൂണ്ടിക്കാട്ടി പ്രവാസിയുടെ വിമാനയാത്ര മുടക്കിയ സംഭവത്തില്‍ ഗള്‍ഫ് എയര്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് വിധി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക  https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 
പരാതിക്കാരന് വിമാന ടിക്കറ്റിന്റെ തുകയായ 24,000 രൂപയും കോടതി ചെലവായി 20,000 രൂപയും വിമാന കമ്പനി നല്‍കണം. വിധിപകര്‍പ്പ് കിട്ടി ഒരു മാസത്തിനകം സംഖ്യ നല്‍കാത്ത പക്ഷം തുക നല്‍കുന്നതുവരേയും ഒമ്പത് ശതമാനം പലിശ നല്‍കണമെന്നും വിധിയില്‍ വ്യക്തമാക്കി.
വിസയിലും പാസ്പോര്‍ട്ടിലും വിവരങ്ങള്‍ വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിമാന കമ്പനി അബ്ദുസ്സലാമിന്റെ യാത്ര നിഷേധിച്ചത്. അബ്ദുസ്സലാം 20 വര്‍ഷമായി വിദേശത്ത് ഡ്രൈവര്‍ ജോലി ചെയ്തുവരുന്നയാളാണ്. ഇദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ടിലെ ചില വിവരങ്ങളില്‍ പിഴവുണ്ടായിരുന്നു. ഇത് നിയമാനുസൃതം തിരുത്തിയ ശേഷം പുതിയ പാസ്‌പോര്‍ട്ടും പഴയ പാസ്‌പോര്‍ട്ടുമായാണ് യാത്രയ്ക്കായി വിമാനത്താവളത്തിലെത്തിയത്. എന്നാല്‍ വിസയിലും പാസ്‌പോര്‍ട്ടിലും വിവരങ്ങള്‍ വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടി വിമാനക്കമ്പനി യാത്ര തടയുകയായിരുന്നു. റദ്ദാക്കപ്പെട്ടത് പഴയ പാസ്പോര്‍ട്ട് മാത്രമാണെന്നും വിസ റദ്ദാക്കിയിട്ടില്ലെന്നും ഇത് പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ബോധ്യപ്പെടുത്തിയെങ്കിലും അംഗീകരിക്കാന്‍ ഗള്‍ഫ് എയര്‍ കമ്പനി അധികൃതര്‍ തയ്യാറായില്ല.

യാത്രാ തീയതിയുടെ പിറ്റേ ദിവസം ജോലിക്ക് ഹാജരാകേണ്ടിയിരുന്ന പരാതിക്കാരന് ഇതോടെ ജോലിയും നഷ്ടപ്പെട്ടു. അതോടൊപ്പം ദീര്‍ഘകാലം തുടര്‍ച്ചയായി ജോലി ചെയ്തിരുന്നതിനാല്‍ ലഭിക്കുമായിരുന്ന ആനുകൂല്യങ്ങള്‍ യാത്ര മുടങ്ങിയതു കാരണം നഷ്ടപ്പെട്ടു. അതേസമയം
സൗദി അറേബ്യയിലെ ബന്ധപ്പെട്ടവരെ വിഷയം അറിയിച്ചുവെന്നും രേഖകള്‍ ശരിയല്ലെങ്കില്‍ യാത്രക്ക് അനുമതി നല്‍കരുതെന്നാണ് അവര്‍ അറിയിച്ചതെന്നുമാണ് ഗള്‍ഫ് എയര്‍ ഉപഭോക്തൃ കമീഷന്‍ മുമ്പാകെ ബോധിപ്പിച്ചത്. എന്നാല്‍, പരാതിക്കാരന്റെ രേഖകള്‍ ശരിയാം വിധം പരിശോധിച്ച് വ്യക്തത വരുത്താതെയാണ് യാത്ര തടഞ്ഞതെന്ന് കമീഷന്‍ വിലയിരുത്തി. വിമാനകമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് സേവനത്തിലെ വീഴ്ചയാണെന്ന് കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ല ഉപഭോക്തൃ കമീഷന്‍ വിധിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *