ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കാര്യക്ഷമതയില്ലെങ്കില്‍ റിക്രൂട്ടിങ് ഏജന്‍സികള്‍ പണി കിട്ടും. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ശാരീരിക ക്ഷമത തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ റിക്രൂട്ടിങ് ഏജന്‍സികള്‍ തൊഴിലുടമയ്ക്കു ചെലവു കാശ് തിരിച്ചു നല്‍കണമെന്നു മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. തൊഴിലാളികളെ കൊണ്ടുവരാന്‍ തൊഴിലുടമ ചെലവിട്ട പണമാണ് തിരികെ നല്‍കേണ്ടത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 റിക്രൂട്ടിങ് സ്ഥാപനങ്ങള്‍ പണം നല്‍കാന്‍ വിസമ്മതിച്ചാല്‍ തൊഴിലുടമകള്‍ക്ക് മന്ത്രാലയത്തിലെ കോള്‍ സെന്റര്‍ വഴി പരാതിപ്പെടാം. 2022ലെ ഫെഡറല്‍ ഗാര്‍ഹിക തൊഴില്‍ നിയമം ഒന്‍പതാം നമ്പര്‍ പ്രകാരമാണ് നടപടികളെന്നും അധികൃതര്‍ വിശദീകരിച്ചു.
തൊഴിലെടുക്കാനുള്ള ശാരീരിക ശേഷി ഇല്ലാതിരിക്കുക, മോശമായ പെരുമാറ്റം എന്നിവയ്ക്കു പുറമേ, ജോലിയുടെ തുടക്കത്തില്‍ തൊഴില്‍ കരാര്‍ റദ്ദാക്കുകയോ ജോലി ഉപേക്ഷിക്കുകയോ ചെയ്താല്‍ തൊഴിലാളിയെ നിയമിക്കാന്‍ ചെലവിട്ട തുക റിക്രൂട്ടിങ് ഏജന്‍സികള്‍ തൊഴിലുടമയ്ക്ക് നല്‍കണം.
ജോലിയില്‍ പ്രവേശിച്ച് ഏതാനും മാസങ്ങള്‍ക്കു ശേഷമാണ് സ്ഥിതി മാറുന്നതെങ്കില്‍ തൊഴിലെടുത്ത കാലവും ശേഷിക്കുന്ന കരാര്‍ കാലവും കണക്കു കൂട്ടിയാണ് മടക്കി നല്‍കേണ്ട തുക നിശ്ചയിക്കുക. 24 മാസം കാലാവധിയുള്ള കരാറില്‍ തൊഴിലില്‍ പ്രവേശിച്ച ഒരാള്‍ക്ക് 6,000 ദിര്‍ഹമാണ് നിയമനവുമായി ബന്ധപ്പെട്ടു ചെലവായതെങ്കില്‍ ഒരു മാസത്തിനു 250 ദിര്‍ഹമാണ് തുക കണക്കാക്കുക.
സ്‌പോണ്‍സര്‍ക്ക് കീഴില്‍ ഏഴ് മാസം തൊഴിലെടുത്ത ശേഷം തൊഴിലാളികള്‍ കരാര്‍ ലംഘിച്ചാല്‍ 1750 ദിര്‍ഹം പിടിച്ചെടുത്ത് ശേഷിക്കുന്ന 4250 ദിര്‍ഹം തിരികെ നല്‍കണം. തൊഴിലുടമ, റിക്രൂട്ടിങ് കാര്യാലയങ്ങളില്‍ കാരണങ്ങള്‍ ബോധിപ്പിച്ച തീയതി മുതല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തുക മടക്കി നല്‍കാനാണ് മന്ത്രാലയ അധികൃതരുടെ നിര്‍ദേശം.