തീരാവേദനയായി വിമാന ദുരന്തത്തിന് തൊട്ടുമുന്‍പായി എയര്‍ഹോസ്റ്റസ് പകര്‍ത്തിയ വീഡിയോ; ജോലിയ്ക്ക് പോകേണ്ടെന്ന് പറഞ്ഞിരുന്നുവെന്ന് ഇന്ത്യന്‍ സൈനികനായിരുന്ന പിതാവ് - Pravasi Vartha

തീരാവേദനയായി വിമാന ദുരന്തത്തിന് തൊട്ടുമുന്‍പായി എയര്‍ഹോസ്റ്റസ് പകര്‍ത്തിയ വീഡിയോ; ജോലിയ്ക്ക് പോകേണ്ടെന്ന് പറഞ്ഞിരുന്നുവെന്ന് ഇന്ത്യന്‍ സൈനികനായിരുന്ന പിതാവ്

തീരാവേദനയായി നേപ്പാള്‍ വിമാന ദുരന്തത്തിന് തൊട്ടുമുന്‍പായി എയര്‍ഹോസ്റ്റസ് പകര്‍ത്തിയ വീഡിയോ. വിമാനത്തില്‍ മരിച്ച 72 പേരില്‍ ഓഷിന്‍ അലേ മഗര്‍ (24) എന്ന എയര്‍ ഹോസ്റ്റസും ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ പഠിച്ച ഓഷിന്‍ വിമാനാപകടത്തിന് തൊട്ടുമുന്‍പായി പകര്‍ത്തിയ ടിക് ടോക് ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഓഷിന്റെ ടിക് ടോക് വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഒഴിഞ്ഞ വിമാനത്തിനുള്ളില്‍ ഓഷിന്‍ പോസ് ചെയ്യുന്നതും ചിരിക്കുന്നതും എല്ലാം ദൃശ്യങ്ങളില്‍ കാണാം. ഇതിന് മിനിട്ടുകള്‍ക്ക് ശേഷമാണ് അപകടമുണ്ടായത്.

68 യാത്രക്കാരും നാല് ജീവനക്കാരുമായി പറന്ന യതി എയര്‍ലൈന്‍സ് വിമാനം പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തായി ഞായറാഴ്ച രാവിലെ പതിനൊന്നോടെയാണ് തകര്‍ന്നുവീണത്. പിന്നാലെ തീപിടിച്ച് വിമാനം പൂര്‍ണമായും കത്തിനശിച്ചു. വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചിരുന്നു.ഞായറാഴ്ച രാവിലെയാണ് ഓഷിന്‍ വീട്ടില്‍ നിന്ന് പുറപ്പെട്ടത്. ജോലികഴിഞ്ഞ് കുടുംബത്തോടൊപ്പം മഗേ സംസ്‌ക്രാന്തി ആഘോഷിക്കുന്നതിനായി തിരികെ വീട്ടിലെത്തുമെന്ന് ഓഷിന്‍ ഉറപ്പുനല്‍കിയിരുന്നു. ചിറ്റ്വാന്‍ ജില്ലയിലെ മദി സ്വദേശിനിയായ ഓഷിന്‍ യതി എയര്‍ലൈന്‍സില്‍ ജോലി ലഭിച്ചതിന് ശേഷം കഠ്മണ്ഠുവിലേയ്ക്ക് താമസം മാറിയിരുന്നു. രണ്ട് വര്‍ഷമായി യതി എയര്‍ലൈന്‍സില്‍ ജോലി ചെയ്തുവരികയായിരുന്നു ഓഷിന്‍. ആഘോഷ ദിവസമായതിനാല്‍ ജോലിയ്ക്ക് പോകേണ്ടെന്ന് പുലര്‍ച്ചെതന്നെ മകളോട് പറഞ്ഞിരുന്നതായി ഓഷിന്റെ പിതാവും വിരമിച്ച ഇന്ത്യന്‍ സൈനികനുമായ മോഹന്‍ അലേ മഗര്‍ പറഞ്ഞു. എന്നാല്‍ ജോലി പൂര്‍ത്തിയാക്കിയതിന് ശേഷം വേഗത്തില്‍ തിരികെയെത്തുമെന്ന് ഉറപ്പുനല്‍കിയാണ് മകള്‍ ജോലിയ്ക്ക് പോയതെന്നും മോഹന്‍ അലേ മഗര്‍ പറയുന്നു. വിമാനാപകടത്തില്‍ മരിച്ച ഇന്ത്യക്കാരന്‍ പകര്‍ത്തിയ ദൃശ്യങ്ങളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *