യുഎഇയിലെ കെജി അഡ്മിഷന്‍ വൈകുന്നതില്‍ പ്രവാസി രക്ഷിതാക്കള്‍ക്ക് ആശങ്ക - Pravasi Vartha
Posted By editor Posted On

യുഎഇയിലെ കെജി അഡ്മിഷന്‍ വൈകുന്നതില്‍ പ്രവാസി രക്ഷിതാക്കള്‍ക്ക് ആശങ്ക

യുഎഇയിലെ കെജി അഡ്മിഷന്‍ വൈകുന്നതില്‍ പ്രവാസികള്‍ക്ക് ആശങ്ക. കേരള സിലബസ് പിന്തുടരുന്ന ദ് മോഡല്‍ സ്‌കൂളില്‍ കെ.ജി. അഡ്മിഷന്‍ വൈകുന്നതിലാണ് രക്ഷിതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചത്. സാധാരണ ഒക്ടോബറിലാണ് അഡ്മിഷന്‍ നടപടികള്‍ ആരംഭിക്കുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0  വെബ്‌സൈറ്റ് വഴി അപേക്ഷിച്ചവരെ അഭിമുഖത്തിനു വിളിച്ച ശേഷം തിരഞ്ഞെടുക്കുന്നവരോട് രേഖകള്‍ സമര്‍പ്പിച്ച് ഫീസ് അടയ്ക്കാന്‍ ആവശ്യപ്പെടുകയാണ് പതിവ്. ഇത്തരം നടപടിക്രമങ്ങള്‍ ഡിസംബറില്‍ തീരും. നിലവില്‍ ഇതേ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുടെ സഹോദരങ്ങള്‍ക്ക് (സിബ്ലിങ്‌സ്) മുന്‍ഗണനയും ഉണ്ടായിരുന്നു.
ഇവര്‍ക്ക് അഡ്മിഷന്‍ നല്‍കിയ ശേഷമുള്ള സീറ്റുകളില്‍ നറുക്കെടുത്താണ് മറ്റു അപേക്ഷകര്‍ക്ക് അഡ്മിഷന്‍ നല്‍കുന്നത്. പിന്നീട് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പിന്റെ (അഡെക്) നിര്‍ദേശാനുസരണം ഇസിസ് (eSis) സംവിധാനത്തില്‍ റജിസ്റ്റര്‍ ചെയ്ത് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് പതിവ്. എന്നാല്‍ 3 മാസം പിന്നിട്ടിട്ടും പ്രവേശന നടപടികള്‍ ആരംഭിച്ചിട്ടില്ല. നേരത്തെ ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചവരോടും പുതുതായി എത്തുന്നവരോടും അഡെകിന്റെ അനുമതി ലഭിച്ചാലെ അഡ്മിഷന്‍ തുടങ്ങൂവെന്നു മാത്രമാണ് സ്‌കൂള്‍ അധികൃതര്‍ അറിയിക്കുന്നത്.

എന്നു തുടങ്ങും എന്നതു സംബന്ധിച്ച് വ്യക്തമായ അറിയിപ്പ് നല്‍കാത്തത് രക്ഷിതാക്കളെയും പ്രയാസത്തിലാക്കുന്നു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ അപേക്ഷ സ്വീകരിച്ച് മറ്റു സ്‌കൂളുകള്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി. ഇനി അഡെകിന്റെ സിസ്റ്റത്തില്‍ രേഖകള്‍ അപ് ലോഡ് ചെയ്യുക മാത്രമാണ് ശേഷിക്കുന്ന നടപടികളെന്ന് ഇതര സ്‌കൂളുകള്‍ അറിയിച്ചു. ഏപ്രിലിലാണ് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നത്. അതിനാല്‍ നടപടികള്‍ക്ക് ഇനിയും സമയം ഉണ്ടെന്നാണ് അഡെക് വ്യക്തമാക്കിയതെന്നും സൂചിപ്പിച്ചു. അനുമതി ലഭിക്കാത്തതിന്റെ കാരണം വ്യക്തമല്ല.
എമിറേറ്റില്‍ ഏറ്റവും കുറഞ്ഞ ഫീസുള്ള മോഡല്‍ സ്‌കൂളില്‍ കുട്ടികളെ ചേര്‍ക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സാധാരണക്കാരായ പ്രവാസികള്‍. മലയാളികള്‍ മാത്രമല്ല മറുനാട്ടുകാരുള്‍പ്പെടെ 2 ഷിഫ്റ്റുകളിലായി അയ്യായിരത്തിലേറെ കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. സെപ്റ്റംബറില്‍ വിദ്യാഭ്യാസ വര്‍ഷം ആരംഭിക്കുന്ന ബ്രിട്ടിഷ് സിലബസ് സ്‌കൂളുകള്‍ വരെ അഡ്മിഷന്‍ നടപടികള്‍ തുടങ്ങിയതായും അറിയുന്നു. ഇനി വന്‍ തുക നല്‍കി മക്കളെ വിദേശ സിലബസ് സ്‌കൂളില്‍ ചേര്‍ക്കേണ്ടിവരും. അതിനു സാധിക്കാത്തവര്‍ മാര്‍ച്ച് വരെ കാത്തിരുന്ന ശേഷം അഡ്മിഷന്‍ ലഭിച്ചില്ലെങ്കില്‍ കുടുംബത്തെ നാട്ടിലേക്കു അയയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അതേസമയം പുതിയ അഡ്മിഷനുവേണ്ടി സമീപിക്കുന്നവരെ സീറ്റില്ലെന്ന് അറിയിച്ച് മടക്കി അയയ്ക്കുകയാണ് മറ്റു സ്‌കൂളുകള്‍. ദൂരദിക്കുകളിലുള്ള സ്‌കൂളുകളില്‍ ചേര്‍ത്താല്‍ ചെറിയ കുട്ടികള്‍ക്ക് മണിക്കൂറുകളോളം ബസില്‍ യാത്ര ചെയ്യേണ്ടിവരും എന്നതും ബുദ്ധിമുട്ടാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *