
ലോകകപ്പ് മത്സര ആവേശം അങ്ങേയറ്റം; ഒരേ സമയം നിശബ്ദരായും അലറി വിളിച്ചും പ്രവാസി ആരാധകര്‍
വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/EJ21MT8vwI5IXRSntSHbmx
ലോകകപ്പ് മത്സര ആവേശത്തില്‍ പ്രവാസി ആരാധകര്‍. വ്യാഴാഴ്ച രാത്രി നടന്ന ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ജി – മത്സരം അത്യധികം ആവേശത്തോടെയാണ് ഫുട്‌ബോള്‍ ആരാധകര്‍ കാണാനെത്തിയത്. ബ്രസീല്‍ ഭ്രമത്തില്‍ മഞ്ഞക്കുപ്പായവുമിട്ടാണ് ചില മലയാളികള്‍ ഷാര്‍ജയില്‍ കളി കാണാനെത്തിയത്. ഷാര്‍ജയില്‍നിന്ന് കൂറ്റന്‍ സ്‌ക്രീനില്‍ കളികാണുന്ന ആരാധകര്‍ക്ക് ഖത്തറിലെ ലുസെയ്ല്‍ സ്റ്റേഡിയത്തിലെ ഗാലറിയിലാണെന്ന തോന്നലായിരുന്നു.
കളിയുടെ ഒന്നാംപകുതിയില്‍ സെര്‍ബിയന്‍ ചുവപ്പന്‍പട ബ്രസീലിനെതിരേ ശക്തമായ പ്രതിരോധംതീര്‍ത്തു. ആ സമയംമുഴുവന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളിലെ എ.സി.യുടെ തണുപ്പില്‍ ബ്രസീലിയന്‍ ആരാധകര്‍ നിശ്ശബ്ദരായിരുന്നു. എന്നാല്‍ സെര്‍ബിയന്‍ ആരാധകര്‍ ചരിത്രം മാറ്റിമറിക്കുമെന്ന മട്ടില്‍ ബ്രസീലിനെതിരേയുള്ള പ്രതിരോധത്തിന് പിന്തുണനല്‍കിക്കൊണ്ടിരുന്നു.
റെഫീന്യ, നെയ്മര്‍, വിനീഷ്യസ് തുടങ്ങിയ മഞ്ഞക്കുപ്പായക്കാരായ കരുത്തര്‍ സെര്‍ബിയന്‍ ഗോള്‍മുഖത്തേക്ക് പന്തെത്തിച്ചിട്ടും പ്രതിരോധം ശക്തമായതിനാല്‍ ബ്രസീലിന്റെ നീക്കംപാളി. അപ്പോഴും ബ്രസീല്‍ ആരാധകര്‍ ഷാര്‍ജയില്‍ ശ്വാസമടക്കിപ്പിടിച്ച് കളികാണുകയാണ്. ആസമയം സെര്‍ബിയന്‍ ആരാധകര്‍ ജയിച്ചുകയറിയ പ്രതീതിയിലാണ്. സെര്‍ബിയന്‍ മധ്യനിരയുടെ പ്രതിരോധംതന്നെ ചര്‍ച്ചയില്‍. പലപ്പോഴും ബ്രസീലിന്റെ നീക്കം സെര്‍ബിയന്‍ വലയില്‍ തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ തെന്നിമാറിയപ്പോഴും മലയാളി ആരാധകരുടെ പ്രതീക്ഷ കുറഞ്ഞില്ല.
ഒടുവില്‍ ഏകപക്ഷീയമായ രണ്ടുഗോളിന് സെര്‍ബിയയെ പരാജയപ്പെടുത്തിയപ്പോള്‍ അതുവരെ സെര്‍ബിയയുടെ കൂടെ നിന്ന പലരും ബ്രസീല്‍ പക്ഷത്തേക്ക് മാറിയ തമാശയും പ്രവാസി ആരാധകരില്‍ പ്രകടമായി. കളിയവസാനിച്ച് പിരിയുമ്പോള്‍ തീപാറിയ മത്സരംകണ്ട സംതൃപ്തിയുമായാണ് എല്ലാവരും വീടുകളിലേക്ക് മടങ്ങിയത്.
Comments (0)