ദോഹ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് സിയില്‍ മെക്‌സിക്കോ- അര്‍ജന്റീന മത്സരത്തിന്റെ ആദ്യപകുതി വിരസമായ സമനില. ആദ്യ മത്സത്തില്‍ സൗദി അറേബ്യയോട് തോറ്റ മെസ്സിപട ശക്തമായ സാന്നിധ്യമാകുമെന്ന് കരുതിയ മത്സരമായിരുന്നിത്. എന്നാല്‍ ഭാവനയുള്ള നീക്കം നടത്താന്‍ പോലും അര്‍ജന്റീനയ്ക്ക് സാധിച്ചില്ല. മധ്യനിരയില്‍ നിന്ന് പന്ത് നീട്ടികൊടുക്കാന്‍ പോലും അര്‍ജന്റൈന്‍ മധ്യനിരയ്ക്ക് സാധിച്ചില്ല. ക്യാപ്റ്റന്‍ ലിയോണല്‍ മെസിയെ പൂട്ടുന്നതിലും മെക്‌സിക്കോ വിജയിച്ചു.
32-ാം മിനിറ്റിലാണ് അര്‍ജന്റീനയക്ക് ആദ്യ കോര്‍ണര്‍ ലഭിക്കുന്നത് പോലും. മാത്രമല്ല, മെക്‌സിക്കന്‍ താരങ്ങളുടെ പരുക്കന്‍ അടവുകളും അര്‍ജന്റീനയ്ക്ക് വെല്ലുവിളിയായി. 35-ാം മിനിറ്റിലാണ് മെക്‌സിക്കന്‍ പോസ്റ്റിലേക്ക് പന്തെത്തിക്കാന്‍ അര്‍ജന്റീനയ്ക്കാവുന്നത്. ബുദ്ധിമുട്ടേറിയ കോണില്‍ നിന്ന് മെസിയെടുത്ത ഫ്രീകിക്ക് മെക്‌സിക്കന്‍ ഗോള്‍കീപ്പര്‍ ഗില്ലര്‍മോ ഒച്ചോവ തട്ടിയകറ്റി. ഡി മരിയയെ മെക്‌സിക്കന്‍ പ്രതിരോധതാരം വീഴ്ത്തിയതിനായിരുന്നു ഫ്രീകിക്ക്. 41 മിനിറ്റില്‍ ഡി മരിയ മെക്‌സിക്കന്‍ ബോക്‌സിലേക്ക് നീട്ടിനല്‍കിയ ക്രോസില്‍ ലാതുറോ മാര്‍ട്ടിനെസ് തലവച്ചെങ്കിലും പന്ത് പുറത്തേക്ക്. 44-ാം മിനിറ്റില്‍ അറോഹയുടെ ഫ്രീകിക്ക് ഏറെ പണിപ്പെട്ട് അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമി മാര്‍ട്ടിനെസ് കയ്യിലൊതുക്കി. മെക്‌സിക്കോയുടെ ആദ്യ ഗോള്‍ ശ്രമമായിരുന്നത്.
ആദ്യ 30 മിനിറ്റിലും ഇരു ടീമുകള്‍ക്കും ഗോള്‍ കീപ്പറെ പരീക്ഷിക്കാന്‍ പോലും സാധിച്ചില്ല. മുന്നേറ്റത്തിലേക്ക് പന്തെത്തിക്കാന്‍ പോലും അര്‍ജന്റൈന്‍ മധ്യനിരയ്ക്ക് കഴിഞ്ഞില്ല. ഡി മരിയ ചില ഒറ്റപ്പെട്ട നീക്കങ്ങള്‍ നടത്തിയെങ്കിലും ഫലത്തില്‍ ഒരു സ്വാധീനമൊന്നും ഉണ്ടാക്കിയില്ല. മെക്‌സിക്കന്‍ പ്രതിരോധത്താല്‍ മെസി ചുറ്റപ്പെട്ടത്തോടെ നീക്കങ്ങള്‍ക്കെല്ലാം നേരിയ രീതിയില്ലെങ്കിലും ചുക്കാന്‍ പിടിച്ചത് ഡി മരിയയായിരുന്നു. അര്‍ജന്റൈന്‍ പ്രതിരോധത്തില്‍ മാര്‍ട്ടിനെസിന്റെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു.
പന്തടക്കത്തില്‍ അര്‍ജന്റീന തന്നെയാണ് മുന്നില്‍. ആദ്യപാതിയുടെ 68 ശതമാനവും പന്ത് അര്‍ജന്റീന കൈവശം വച്ചു. എന്നാല്‍ 10 തവണ മെക്‌സിക്കോ അര്‍ജന്റൈന്‍ താരങ്ങളെ ഫൈളിന് ഇരയാക്കി. അര്‍ജന്റീനയുടെ ഭാഗത്ത് നിന്നു അഞ്ച് ഫൗളാണുണ്ടായത്. ഇതിനിടെ മെക്‌സിക്കോയുടെ നെസ്റ്റര്‍ അറാഹോ, അര്‍ജന്റീനയുടെ മൊളീന എന്നിവര്‍ മഞ്ഞകാര്‍ഡ് വാങ്ങി.