
ക്രിസ്മസിനു മുൻപേ രണ്ടുദിവസം സമരത്തിനു നഴ്സുമാർ; ബ്രിട്ടനിൽ ആരോഗ്യമേഖല സ്തംഭിക്കും
സമരം മൂലം സേവന മേഖലകൾ ഓരോന്നായി അപ്പാടെ സ്തംഭിക്കുന്ന ബ്രിട്ടനിൽ ക്രിസ്മസിനു മുൻപേ രണ്ടു ദിവസത്തെ സമരത്തിനു നഴ്സുമാരും. ഡിസംബർ 15, 20 തിയതികളിൽ ജോലിയിൽ നിന്നു വിട്ടുനിന്നു നഴ്സുമാർ സമരം ചെയ്യും. ഇംഗ്ലണ്ട്, വെയിൽസ്, നോർതേൺ അയർലൻഡ് എന്നിവിടങ്ങളിലെയെല്ലാം ഭൂരിഭാഗം ട്രസ്റ്റുകളിലെയും ആശുപത്രികളെ സമരം ബാധിക്കും. എൻഎച്ച്എസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വോക്കൗട്ടിനാണ് നഴ്സുമാരുടെ യൂണിയനായ റോയൽ കോളജ് ഓഫ് നഴ്സിങ് തയാറെടുക്കുന്നത്. എമർജൻസി സേവനങ്ങളെ സമരം ബാധിക്കില്ലെന്നു പ്രഖ്യാപനമുണ്ടെങ്കിലും ഫലത്തിൽ ആരോഗ്യമേഖല അപ്പാടെ സമരം മൂലം നിശ്ചലമാകും. ജി.പി.സർജറികൾ ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനങ്ങളെയും സമരം തടസപ്പെടുത്തും.
ശമ്പള വർധന അസാധ്യമാണെന്ന സർക്കാർ നിലപാടും ചർച്ചയ്ക്കുപോലും തയാറാകാത്ത സാഹചര്യവുമാണ് നഴ്സുമാരെ സമരത്തിന് നിർബന്ധിതരാക്കിയതെന്ന് ആർസിഎൻ. ജനറൽ സെക്രട്ടറി പാറ്റ് കലെൻ ആരോപിച്ചു. രണ്ടുദിവസങ്ങളിലും രാവിലെ എട്ടുമുതൽ വൈകിട്ട് എട്ടുവരെ 12 മണിക്കൂർ വീതമാകും സരമം.
ഇപ്പോൾതന്നെ രാജ്യത്തെ ടീച്ചർമാരും പോസ്റ്റൽ ജീവനക്കാരും റെയിൽ ജീവനക്കാരുമെല്ലാം ശമ്പള വർധന ആവശ്യപ്പെട്ട് സമരത്തിലാണ്. ഇവർക്കൊപ്പമാണ് അവശ്യസേവന വിഭാഗമായ ആരോഗ്യപ്രവർത്തകരും സമരത്തിന് ഇറങ്ങുന്നത്. വർധിച്ചുവരുന്ന ജീവിതച്ചെലവ് താങ്ങാനാകാത്ത സാഹചര്യത്തിലാണ് ശമ്പള വർധന ആവശ്യപ്പെട്ടുള്ള സർവീസ് സെക്ടർ ജീവനക്കാരുടെ സമരം.
സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സർക്കാർ ഇപ്പോഴത്തെ സാഹചര്യത്തിൽ ശമ്പള വർധന സാധ്യമല്ലെന്ന നിലപാടിലുമാണ്
Comments (0)