Posted By Editor Posted On

വീടുപൂട്ടി യാത്ര പോകുന്നവര്‍ക്ക് മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍

വീടുപൂട്ടി യാത്ര പോകുന്നവര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍. സമൂഹമാധ്യമങ്ങളില്‍ യാത്രാ പദ്ധതിയും ഫോട്ടോയും വിഡിയോകളും പോസ്റ്റ് ചെയ്യുന്നതിലൂടെ വീട് കൊള്ളയടിക്കപ്പെടാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. അതിനാല്‍ അവധിക്കാല വിനോദയാത്രയുടെ വിവരങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത് ഭവനഭേദനത്തിന് വഴിയൊരുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ദുബായ് പൊലീസും അബുദാബി പൊലീസുമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
‘നിങ്ങളുടെ യാത്രയെ കുറിച്ചുള്ള വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക. നിങ്ങളുടെ അസാന്നിധ്യത്തില്‍ വീട് കൊള്ളയടിക്കപ്പെടാനുള്ള സാധ്യത ഒഴിവാക്കുക’ -സമൂഹമാധ്യമങ്ങളിലൂടെ അബുദാബി പൊലീസ് അറിയിച്ചു. ദുബായ് പൊലീസും സമാനമായ അറിയിപ്പുമായി രംഗത്തെത്തി. യു.എ.ഇയില്‍നിന്ന് യാത്ര പുറപ്പെടുന്ന തീയതിയും മറ്റു വിവരങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുടെ വീട് കൊള്ളയടിക്കപ്പെട്ട സംഭവവും ഇതിന് ഉദാഹരണമായി ദുബായ് പൊലീസിലെ സൈബര്‍ ക്രൈംസ് വിഭാഗം ഡയറക്ടര്‍ കേണല്‍ സഈദ് അല്‍ ഹജ്രി ചൂണ്ടിക്കാട്ടി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CC0nqEHft0QD7BKpJdBUGY
യാത്രാ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യണമെന്നുള്ളവര്‍ കുടുംബാംഗങ്ങള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും മാത്രം കാണാന്‍ കഴിയുംവിധം പ്രൈവസി സെറ്റിങ്‌സ് ഉപയോഗിക്കുന്നതാണ് നല്ലത്. നിങ്ങളുടെ യാത്രാവിവരങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമല്ല, കള്ളന്മാരും കാണുന്നുണ്ടെന്ന് ഓര്‍ക്കണം. കള്ളന്മാരുടെ അടുത്ത ഇര നിങ്ങള്‍ ആകാതിരിക്കാന്‍ ശ്രദ്ധിക്കുക.’ -അദ്ദേഹം പറഞ്ഞു.
അതേസമയം അവധിയാഘോഷിക്കാനോ അല്ലെങ്കില്‍ ദീര്‍ഘകാലത്തേക്ക് വീട്ടില്‍നിന്ന് വിട്ടുനില്‍ക്കാനോ യാത്ര ചെയ്യുന്നവര്‍ക്ക് ദുബായ് പൊലീസിന്റെ സൗജന്യ ഭവന സുരക്ഷ സേവനം ഉപയോഗിക്കാമെന്ന് പൊലീസ് വ്യക്തമാക്കി.

Comments (0)

Leave a Reply

Your email address will not be published.