ദിനംപ്രതി ഓരോ തട്ടിപ്പുകൾ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഒരു തട്ടിപ്പ് ആളുകൾ തിരിച്ചറിഞ്ഞു വരുമ്പോഴാിരിക്കും അടുത്തതുമായി തട്ടിപ്പുകാർ രംഗപ്രവേശനം നടത്തുന്നത്. ഇ-മെയിലിന്റെ രൂപത്തിലാണ് പുതിയ തട്ടിപ്പ് എത്തിയിരിക്കുന്നത്. നിങ്ങൾ കഴിഞ്ഞ മാസം അടച്ച ഇലക്ട്രിസിറ്റി, വാട്ടർ, ഫോൺ ബില്ലുകളിൽ കൂടുതൽ തുക തെറ്റായി ഈടാക്കിയിട്ടുണ്ടെന്നും അത് റീഫണ്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണ് ഈ ഇമെയിൽ സന്ദേശം എന്നുമുള്ള രീതിയിലാണ് പുതിയ തട്ടിപ്പ്. നിങ്ങളുടെ സാധാരണ പ്രതിമാസ ബില്ലിന്റെ അതേ ഫോർമാറ്റിൽ ഔദ്യോഗിക ലോഗോ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ കണ്ടാൽ ഇത് ഒറിജനലാണെന്നേ കരുതൂ. ബില്ലിൽ ഉപയോഗിച്ച നിറങ്ങളും ഫോണ്ടുകളുമൊക്കെ സ്ഥിരം കാണുന്ന നിങ്ങൾ സംശയിക്കാതെ അതിൽ ക്ലിക്ക് ചെയ്യുക സ്വാഭാവികം. എന്നാൽ ഇമെയിൽ ശ്രദ്ധാപൂർവം നോക്കിയാൽ നിങ്ങൾക്ക് മനസ്സിലാവും. നിങ്ങളുടെ സേവനദാതാക്കൾക്ക് റീഫണ്ട് തുക അക്കൗണ്ടിലേക്ക് തിരികെ അയച്ച ശേഷം അക്കാര്യം അറിയിച്ചാൽ മതി. എന്നാൽ, അതിനുപകരം, റീഫണ്ട് ലഭിക്കുന്നതിന് ‘ഓൺലൈനിൽ സ്വീകരിക്കുക’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാൻ ഇമെയിൽ ആവശ്യപ്പെടുന്നു എന്നതു തന്നെ തട്ടിപ്പാണ്. നിങ്ങൾക്ക് സന്ദേശം അയച്ച ഇമെയിൽ അഡ്രസ് ശ്രദ്ധിച്ചാലും തട്ടിപ്പ് ബോധ്യപ്പെടും. ലോകത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത് രജിസ്റ്റർ ചെയ്തതായിരിക്കും അതിന്റെ ഡൊമൈൻ നാമം. ഇവരുടെ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ക്രെഡിറ്റ് കാർഡ്, ലോഗിൻ വിവരങ്ങൾ എന്നിവ പോലുള്ള രഹസ്യ ഡാറ്റ മോഷ്ടിക്കുകയോ നിങ്ങളുടെ കംപ്യൂട്ടറിലോ മൊബൈലിലോ വൈറസ് ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യും. ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) മുതൽ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (ടിഡിആർഎ) വരെയുള്ള സർക്കാർ വകുപ്പുകളുടെ പേരിൽ ഇത്തരം ഫിഷിംഗ് തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU