അഞ്ച് വർഷത്തിന് ശേഷം നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു അവൻ.. ഒന്ന് ഉറങ്ങിയെണീക്കുമ്പോഴേക്കും വിമാനത്തിൽ നാട്ടിലേത്ത് മടങ്ങാം. എന്നാലാ ഉറക്കം ഒരിക്കലും എണീക്കാത്ത അന്ത്യ ഉറക്കമായിരുന്നു. തിരൂർ, കല്ലിങ്ങൽ സ്വദേശി മുഹമ്മദ് റഫീഖ് (42) ആണ് ഹൃദയസ്തംഭനം മൂലം താമസസ്ഥലത്ത് മരണമടഞ്ഞത്. നാട്ടിലേക്ക് തിരിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയായിരുന്നു അന്ത്യം. റിയാദ് എക്സിറ്റ് 13 ൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ചൊവ്വാഴ്ച രാത്രി 11.55ന് റിയാദിൽ നിന്നും കോഴിക്കോടിനുള്ള എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലായിരുന്നു നാട്ടിലേക്ക് യാത്ര തിരിക്കാനിരുന്നത്. ചൊവ്വാഴ്ച കാലത്ത് ഫോൺ വിളിച്ചിട്ട് എടുക്കാതായതോടെ കൂട്ടുകാർ വന്ന് നോക്കുമ്പോഴാണ് കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടിലേക്ക് കൊണ്ടുപോകാനുള്ള സാധനങ്ങളെല്ലാം ഒരുക്കി ഭാരമെല്ലാം പരിശോധിച്ചുറപ്പിച്ച ശേഷമായിരുന്നു മുഹമ്മദ് ഉറങ്ങാൻ കിടന്നത്. ഉമ്മയേയും ഭാര്യയെയും മക്കളെയുമെല്ലാം സർപ്രൈസാക്കണമെന്നായിരുന്നു വിചാരിച്ചിരുന്നിരുന്നതെന്ന് കൂട്ടുകാർ പറയുന്നു. വീടിന്റെ പണി ഏകദേശം പൂർത്തിയാക്കിയതിന് ശേഷമാണ് ഇപ്പോൾ നാട്ടിലേക്ക് മടങ്ങുന്നത്. കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടതോടെ നാട്ടിൽ പോകാൻ സാധിച്ചിരുന്നില്ല. പിന്നീട് വേറൊരു സ്പോൺസറുടെ കീഴിൽ ജോലി ലഭിച്ചു. പിന്നീട് അവധിയെടുത്ത് നാട്ടിലേക്ക് പോകാനും സാധിച്ചില്ല. ഷുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനായി സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരും, മലപ്പുറം ജില്ലാ കൂട്ടായ്മ ഭാരവാഹികളും നേതൃത്വം നൽകുന്നുണ്ട്. പരേതനായ കാവുങ്ങൽ മുഹമ്മദ്, സൈനബ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ. മുംതാസ്, മക്കൾ. റിഷ,സഹ്റാൻ,ദർവീഷ് ഖാൻ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9