യുഎഇയിലെ വേനലിൽ സഞ്ചാരികൾക്കായി വമ്പൻ ഓഫറുകൾ പ്രഖ്യാപിക്കുന്നു. ഹോട്ടലുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളും വ്യാപാര സ്ഥാപനങ്ങളും ഉൾപ്പെടെ വൻ വിലക്കുറവാണ് നൽകിയിരിക്കുന്നത്. ടിക്കറ്റ് നിരക്ക് വർധനവിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങാതെ യുഎഇയിൽ തന്നെ തങ്ങുന്നവർക്കും ഒരിക്കലെങ്കിലും ആഡംബര ഹോട്ടലുകളിൽ താമസിക്കണമെന്ന് ആഗ്രഹിച്ചവർക്കുമെല്ലാം ഈ ഓഫറുകൾ ഉപയോഗപ്പെടുത്താം. മുതിർന്നവർക്കൊപ്പമെത്തുന്ന കുട്ടികൾക്ക് ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ഉൾപ്പെടെ സൗജന്യ പ്രവേശനമുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും ആഡംബര ഹോട്ടലായ ബുർജ് അൽ അറബിനുള്ളിൽ കയറാനും ഒന്നര മണിക്കൂർ ചുറ്റി നടന്നു കാണാനും അവസരമുണ്ട്. 24 കാരറ്റ് സ്വർണം പൂശിയ ചായ കുടിക്കാനും ഭക്ഷണം കഴിക്കാനുമായുള്ള പ്രത്യേക പാക്കേജിന് ഒരാൾക്ക് 469 ദിർഹമാണ് നിരക്ക്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9 ദുബായിലെ ആഡംബര നിരീക്ഷണ കേന്ദ്രമായ ദ് വ്യുവിൽ നിന്ന് ഇറ്റാലിയൻ വിഭവങ്ങൾ ആസ്വദിക്കാം. ഉച്ചയ്ക്ക് 12 മുതൽ 3 വരെ ലഞ്ച് വിത്ത് എ വ്യു പാക്കേജും വൈകുന്നേരം 5 മുതൽ 7 വരെ സൺസെറ്റ് ഏർലി ഡിന്നർ ഓഫറുമുണ്ട്. ബീച്ചുകളിലും മരുഭൂമികളിലും ദുബായ് ഫെസ്റ്റിവൽ ആൻഡ് റീട്ടെയ്ൽ എസ്റ്റാബ്ലിഷ്മെന്റിന്റെ മേൽനോട്ടത്തിൽ പല പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ലെഗോ ലാൻഡ് ദുബായ്, മാഡം തുസാദ്സ് വാക്സ് മ്യൂസിയം ദുബായ്, എക്സ് – സ്ട്രൈക്, ദ് വ്യൂ അറ്റ് ദ് പാം എന്നിവയുൾപ്പെടെ പ്രശസ്ത ആകർഷണ കേന്ദ്രങ്ങളിലെല്ലാം കുട്ടികൾക്ക് സൗജന്യ പ്രവേശനമാണ്. റസ്റ്റോറന്റുകൾ, വാട്ടർ പാർക്കുകൾ എന്നിവിടങ്ങളിൽ ഒരു പ്രവേശന പാസെടുത്താൽ ഒന്ന് സൗജന്യമായി ലഭിക്കും. വൈൽഡ് വാദി വാട്ടർ പാർക്ക്, ദ് ഗ്രീൻ പ്ലാനറ്റ്, റോക്സി സിനിമാസ്, ബുർജ് അൽ അറബ്, ദ് വ്യു അറ്റ് പാം ജുമൈറ എന്നിവിടങ്ങളിലും വമ്പൻ ഓഫുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വൈൽഡ് വാദി വാരാന്ത്യങ്ങളിൽ ഡിജെ പൂൾ പാർട്ടിയുണ്ടാകും. എല്ലാ ശനിയാഴ്ചയും ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 4 വരെ 30 സ്ലൈഡുകളിൽ കയറിയിറങ്ങി ആഘോഷിക്കാം. ഈ സ്ലൈഡുകളുടെ എല്ലാം പശ്ചാത്തലത്തിൽ ബുർജ് അൽ അറബിന്റെ കാഴ്ചകളും ഉണ്ടാകും. സാഹസികർക്ക് ജുമൈറ സെറിയയിൽ കയറാം. 32 മീറ്റർ ഉയരമുള്ള ടവറിൽ നിന്ന് താഴേക്കു ചാടാം. ഡേ പാസ് എടുക്കുന്നവർക്ക് സ്നാക്സായി എന്തും കഴിക്കാം. ദുബായിലെ താമസക്കാർ ഓൺലൈനായി ബുക്ക് ചെയ്യുകയാണെങ്കിൽ 30ശതമാനം വരെ ഡിസ്കൗണ്ടും ലഭിക്കും. റോക്സി സിനിമ ഈ മാസവും അടുത്ത മാസവും ഫാമിലി കിഡ്സ് സിനിമകളാണ് കൂടുതൽ പ്രദർശിപ്പിക്കുന്നത്. സിനിമാ ടിക്കറ്റിനൊപ്പം ശീതള പാനീയം, പരിധിയില്ലാതെ പോപ്കോൺ എന്നിവയും ലഭിക്കും. അമ്മമാർക്കും കുട്ടികൾക്കും മാത്രമായി എല്ലാ ബുധനാഴ്ചകളിലും മമ്മാസ് മൂവി ക്ലബ്ബും ഉണ്ട്. പ്രഭാത ഭക്ഷണവും ലഭിക്കും.
ഓഗസ്റ്റ് 13വരെ ലേഡീസ് നൈറ്റ് ഓഫറുകളും റോക്സി പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായ് ഹിൽസ് മാൾ, സിറ്റി വോക്ക്, ദ് ബീച്ച്, ജെബിആർ എന്നിവിടങ്ങളിലെ റോക്സി സിനിമാസിൽ എത്തുന്ന പെൺകുട്ടികൾക്ക് ഇഷ്ടപ്പെട്ട സിനിമകൾ പ്ലാറ്റിനം സെക്‌ഷനിൽ ആസ്വദിക്കുന്നതിനൊപ്പം പരിധിയില്ലാതെ മോക്ടെയിലും കുടിക്കാം. ഇതിന് പുറമെ സിനിമ കഴിഞ്ഞ് ഇറങ്ങുമ്പോൾ സൗന്ദര്യ വർധക വസ്തുക്കളോ സുഗന്ധ വസ്തുക്കളോ നിറച്ച സമ്മാന പൊതിയും ലഭിക്കും. കുട്ടികൾക്കായി ദ ഗ്രീൻ പ്ലാനറ്റ് സമ്മർ ക്യാമ്പ് ആരംഭിച്ചുകഴിഞ്ഞു. ജൈവ വൈവിധ്യം അറിയാനും പരിസ്ഥിതിയെ സംരക്ഷിക്കാനുമായി കുട്ടികളെ കളികളിലൂടെയും ആക്ടിവിറ്റികളിലൂടെയും നയിക്കും. 5– 12 വയസുവരെയുള്ളവർക്ക് തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് ഇൻഡോർ ക്യാംപ്. ആഴ്ചയിൽ 100 പേർക്കാണ് അവസരമുള്ളത്. ആഴ്ചയിലേക്ക് 750 ദിർഹവും ഒരുദിവസത്തേക്ക് 250 ദിർഹവുമാണ് ഫീസ്. ഇതിനു പുറമെ 40 ദിർഹം അധികം നൽകിയാൽ പ്ലാനറ്റിലെ ദുബായ് കഫേയിൽ നിന്ന് ഉച്ചഭക്ഷണം ലഭിക്കും. 160 ദിർഹം നൽകിയാൽ ഒരാഴ്ചത്തെ ലഞ്ചും കഴിക്കാം. വെള്ളി, ശനി ദിവസങ്ങളിൽ രാത്രി 7 മുതൽ രാവിലെ 8വരെ പ്ലാനറ്റിൽ ഒരുക്കിയിരിക്കുന്ന പ്രത്യേക മഴക്കാട്ടിൽ ക്യാംപ് ചെയ്യാം. ഇതിനായി പ്രത്യേക ടെന്റുകളുണ്ടാകും. മൃഗങ്ങൾക്കൊപ്പം രാത്രി ചെലവഴിക്കുന്നതിനൊപ്പം അവർക്കു ഭക്ഷണം നൽകാം. അത്താഴവും പിറ്റേന്നത്തെ പ്രഭാത ഭക്ഷണവും ഉൾപ്പെടുന്നതാണ് പാക്കേജ്. 2 പേർ ഉൾപ്പെടുന്ന റഗുലർ ടെന്റിന് 850 ദിർഹവും 4 പേരുടെ വലിയ ടെന്റിന് 1650 ദിർഹവുമാണ് ഈടാക്കുക. ദുബായിലെ സമ്മർ ഓഫറുകളുടെ ഭാഗമായി 7000ൽ അധികം ഉൽപന്നങ്ങൾക്ക് വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്.